-->
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമില്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിന്റെ കാര്‍ലോസ് അല്‍കാറസ് മൂന്നാം റൗണ്ടില്‍. കരിയര്‍ ഗ്രാന്‍സ്ലാം ലക്ഷ്യമിടുന്ന അല്‍കാറസ് പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ജര്‍മനിയുടെ യാനിക് ഹാന്‍ഫ്‌മാനെയാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 7-6 (4), 6-3, 6-2.
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ബെലാറസിന്റെ ആര്യാന സബാലങ്ക ചൈനയുടെ ഷുയാന്‍ ബായെ തോല്‍പ്പിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. ഹാന്‍ഫ്‌മാനെതിരേ ഒന്നാം സെറ്റില്‍ അല്‍കാറസ് ഏറെ വിയര്‍ത്തു. 78 മിനിറ്റ് കൊണ്ടാണ് ഒന്നാം സെറ്റ് അവസാനിച്ചത്. വനിതാ സിംഗിള്‍സില്‍ ബ്രിട്ടന്റെ ടോപ് സീഡ് എമ്മാ റാഡുകാനു തോല്‍വി നേരിട്ടു. ഓസ്‌ട്രിയയുടെ അനസ്‌താസ്യ പോട്ടാപോവയാണ് എമ്മയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-6 (7-3), 6-2.
ആര്യാന സബാലങ്കയാണ് അനസ്‌താസ്യയുടെ മൂന്നാം റൗണ്ടിലെ എതിരാളി. യു.എസിന്റെ നവോമി ഒസാകയുടെ സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശനം വ്യത്യസ്‌തമായി. അന്റോണിയ റൂസിചിനെതിരേ നടന്ന മത്സരത്തിലാണു നവോമി വ്യത്യസ്‌തയായത്. മത്സരത്തില്‍ താരം 6-3, 3-6, 6-4 നു ജയിച്ചിരുന്നു. ബ്രിം ഹാറ്റ് ധരിച്ച് കുടയും ചൂടിയാണു താരമെത്തിയത്. സോറാന കിര്‍സ്‌റ്റിയയാണ് അടുത്ത എതിരാളി. ഇവാ ലിസിനെയാണു സോറാന തോല്‍പ്പിച്ചത്. സ്‌കോര്‍: 3-6, 6-4, 6-3.
ഏഴാം സീഡ് താരം മരിയ സക്കാരിയെ പരാജയപ്പെടുത്തി കൗമാര താരം മിറ ആന്‍ഡ്രീവ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 6-0, 6-4 എന്ന സ്‌കോറിനാണ് 18 വയസുകാരിയായ റഷ്യന്‍ താരം ഉജ്വല ജയം നേടിയത്. തന്റെ കരിയറിലെ മുപ്പതാമത് ഗ്രാന്‍സ്ലാം ജയം കുറിച്ച ആന്‍ഡ്രീവ സീസണിലെ തന്റെ മികച്ച ഫോം തുടരുകയാണ്.
മെല്‍ബണില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് താരം മൂന്നാം റൗണ്ടില്‍ പ്രവേശിക്കുന്നത്. മൈതാനത്തെ ആന്‍ഡ്രീവയുടെ തന്ത്രപരമായ നീക്കങ്ങളും ആക്രമണ ശൈലിയും താരത്തെ ഈ ടൂര്‍ണമെന്റിലെ കിരീട സാധ്യതയുള്ളവരില്‍ ഒരാളാക്കി മാറ്റി. മത്സരത്തിന്റെ ഒന്നാം സെറ്റില്‍ സക്കാരിക്ക് ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ പൂര്‍ണ ആധിപത്യം സ്‌ഥാപിക്കാന്‍ ആന്‍ഡ്രീവയ്‌ക്ക് സാധിച്ചു.
സക്കാരിയുടെ കരുത്തുറ്റ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ കൃത്യമായ തിരിച്ചടികള്‍ നല്‍കി ആന്‍ഡ്രീവ കാണികളെ വിസ്‌മയിപ്പിച്ചു. ഗ്രീക്ക് താരത്തിന് തന്റെ സ്വാഭാവികത കണ്ടെത്താന്‍ കഴിയാത്ത വിധം സമ്മര്‍ദ്ദം ചെലുത്താന്‍ ആന്‍ഡ്രീവയ്‌ക്കായി.