-->
മുംബൈ: വിനിമയ വിപണിയില്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്‌ന്ന നിലയില്‍. ഇന്നലത്തെ വ്യാപാരത്തില്‍ 91.58 എന്ന നിലയിലാണു രൂപ. ഇന്നലെ മാത്രം 0.7 ശതമാനത്തിന്റെ ഇടിവാണു രൂപയ്‌ക്കുണ്ടായത്. തൊട്ടുമുന്‍ വ്യാപാരദിനത്തിലെ 91.07 എന്ന റെക്കോഡാണ് ഇന്നലെ വീണ്ടും തിരുത്തിയത്. അമേരിക്കന്‍ നയവ്യതിയാനങ്ങളും ഗ്രീന്‍ലന്‍ഡിനുമേല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നയിക്കുന്ന അവകാശവാദങ്ങളും രാജ്യാന്തര വിപണികളെ അനിശ്‌ചിതത്വത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ കരുതലോടെ നീങ്ങുന്നതിന്റെ പ്രതിഫലനം വികസ്വര രാഷ്‌ട്രങ്ങളിലെ കറന്‍സികളുടെ മൂല്യത്തെ ബാധിക്കുമെന്നു വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ത്യന്‍ രൂപയ്‌ക്ക് ഇതു മറികടക്കാനുള്ള കെല്‍പ്പുണ്ടാകുമെന്ന പ്രതീക്ഷ അസ്‌ഥാനത്താക്കിയാണ് കൂപ്പുകുത്തല്‍.
വിപണിയില്‍ ഡോളറിനു തിരിച്ചടി നേരിട്ട സാഹചര്യത്തിലും രൂപയ്‌ക്കു നേട്ടമുണ്ടാക്കാനായില്ലെന്നതാണു വിചിത്രം.
റെക്കോഡ് തകര്‍ച്ച നേരിട്ട ബുധനാഴ്‌ചത്തേക്കാള്‍ താഴ്‌ന്നാണ് ഇന്നലെ രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് കൂടുതല്‍ ദുര്‍ബലമായി 0.8 ശതമാനത്തിന്റെ ഇടിവു രേഖപ്പെടുത്തുകയായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളിലെ മോശം പ്രകടനം കാഴ്‌ചവച്ച കറന്‍സിയെന്ന പേരുദോഷവുമായി 2025 അവസാനിപ്പിച്ച രൂപ പുതുവര്‍ഷത്തിലും ആ സ്‌ഥാനം നിലനിര്‍ത്തുന്നതിനാണു സാക്ഷ്യം വഹിക്കുന്നത്.