-->
ബംഗളുരു: കേരളം, തമിഴ്‌നാട് നിയമസഭകളിലേതിനു സമാനമായി സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്‍ കര്‍ണാടകത്തിലും. കോണ്‍ഗ്രസ് സര്‍ക്കാര്‍ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തോടു മുഖംതിരിച്ച് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്. കര്‍ണാടക നിയമനിര്‍മാണ സഭകളുടെ സംയുക്‌ത സമ്മേളനം ഇന്നു തുടങ്ങി 31 വരെയാണു നിശ്‌ചയിച്ചിരിക്കുന്നത്.
പതിവുപോലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സമ്മേളനത്തുടക്കം. ഇതിന്റെ ഭാഗമായി മുന്‍കൂട്ടി തയാറാക്കി നല്‍കിയ നയപ്രഖ്യാപന പ്രസംഗം സഭയില്‍ വായിക്കാനാകില്ലെന്നു സര്‍ക്കാരിനെ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് അറിയിച്ചതായാണു വിവരം. ഇതേത്തുടര്‍ന്നു ഗവര്‍ണറെ അനുനയിപ്പിക്കാനായി ഉന്നതതല സംഘത്തെ സിദ്ധരാമയ്യ സര്‍ക്കാര്‍ ലോക്‌ഭവനിലേക്ക് അയച്ചു.
സംസ്‌ഥാന നിയമമന്ത്രി എച്ച്.കെ. പാട്ടീലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടോടെ ഗവര്‍ണറെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചതായാണു വിവരം.
നയപ്രഖ്യാപന പ്രസംഗം നിഷേധിക്കാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചത് എന്താണെന്നു വ്യക്‌തമല്ല. പക്ഷേ, പ്രസംഗത്തിലെ കേന്ദ്രവിമര്‍ശനം ഉള്‍ക്കൊള്ളുന്ന ചില ഭാഗങ്ങളാണ് 'അലോസര'പ്പെടുത്തിയതെന്നാണു സൂചന.
പ്രതിപക്ഷനിര ഭരിക്കുന്ന സംസ്‌ഥാനങ്ങളില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്‍ പതിവുകാഴ്‌ചയാണ്.
സഭാ സമ്മേളനത്തിനു തുടക്കമിടുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രവിമര്‍ശനം ഉള്‍ക്കൊള്ളുന്ന ചില ഭാഗങ്ങള്‍ കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു.
പ്രസംഗം പൂര്‍ത്തിയാക്കി ഗവര്‍ണര്‍ മടങ്ങിയതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതടക്കം വായിച്ച് കേന്ദ്രത്തിനു രാഷ്‌ട്രീയ സന്ദേശം നല്‍കുകയും ചെയ്‌തു. ദേശീയഗാനം ആദ്യം ആലപിച്ചില്ലെന്ന വിമര്‍ശനമുയര്‍ത്തി ഗവര്‍ണര്‍ ആര്‍.എന്‍. രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ തമിഴ്‌നാട് നിയമസഭ വിട്ടതും ഇതേദിവസമായിരുന്നു. ഇതിനു പിന്നാലെയാണ് അയല്‍സംസ്‌ഥാനമായ കര്‍ണാടകയിലും ഗവര്‍ണര്‍-സര്‍ക്കാര്‍പോര്‍ ആവര്‍ത്തിക്കുന്നത്.