-->
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലോ അതിനുമുമ്പോ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. സുരക്ഷാ ഏജന്‍സികള്‍ അതീവജാഗ്രതയില്‍.
26-26 എന്ന രഹസ്യനാമത്തിലാണ് ആക്രമണപദ്ധതി. അയോധ്യയിലെ രാമക്ഷേത്രവും ജമ്മുവിലെ രഘുനാഥ ക്ഷേത്രവും മറ്റ് ക്ഷേത്രങ്ങളും നഗരങ്ങളും ഭീകരര്‍ ലക്ഷ്യമിടുന്നതായി സുരക്ഷാ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു.
ജെയ്‌ഷെ മുഹമ്മദ് വഴിയും പഞ്ചാബ് ആസ്‌ഥാനമായുള്ള ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയും ആക്രമണങ്ങള്‍ നടത്താനാണ് ഐ.എസ്.ഐയുടെ പദ്ധതി. നവംബറില്‍ ചെങ്കോട്ടയ്‌ക്കു സമീപം നടന്ന 15 പേരുടെ മരണത്തിനിടയാക്കിയ കാര്‍ ബോംബാക്രമണത്തിനു പിന്നില്‍ ജെയ്‌ഷെ മുഹമ്മദായിരുന്നു. പഞ്ചാബിലെ ക്രിമിനല്‍ സംഘങ്ങളുടെ സഹായത്തോടെ ഖലിസ്‌ഥാന്‍ ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി ഡല്‍ഹിയിലും ദേശീയ തലസ്‌ഥാന മേഖലയിലും സുരക്ഷാ ഏജന്‍സികള്‍ തിരയുന്ന വ്യക്‌തികളുടെ പോസ്‌റ്ററുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. മുഹമ്മദ് റെഹാന്‍, മുഹമ്മദ് ഉമര്‍, അബു സൂഫിയാന്‍, മുഹമ്മദ് ഷഹിദ് ഫൈസല്‍, സയ്യിദ് അര്‍ഷിയ, ഷര്‍ജീല്‍ അക്‌തര്‍ തുടങ്ങിയവരുടെ ചിത്രങ്ങളാണു പതിച്ചിരിക്കുന്നത്. 2016-ല്‍ ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഒരു അല്‍ ഖ്വയ്‌ദ ഘടകം പിടിയിലായതിനു തൊട്ടുപിന്നാലെ ഒളിവില്‍ പോയതാണു ഡല്‍ഹിയിലെ ചൗഹാന്‍ ബാംഗര്‍ സ്വദേശിയായ മുഹമ്മദ് റെഹാന്‍.
പാക് ഭീകര സംഘടനയായ ലഷ്‌കറെ തൊയ്‌ബയുടെ ഉപവിഭാഗമായി കണക്കാക്കപ്പെടുന്ന കശ്‌മീര്‍ ആസ്‌ഥാനമായുള്ള റെസിസ്‌റ്റന്‍സ് ഫ്രണ്ടുമായി ബന്ധമുള്ള 'ഫാല്‍ക്കണ്‍ സ്‌ക്വാഡ്' നടത്തിയ പ്രസ്‌താവനകളും ആക്രമണഭീഷണിയിലേക്കു വിരല്‍ചൂണ്ടുന്നതാണ്. കശ്‌മീരില്‍ ആക്രമണം നടത്തുമെന്ന് ലഷ്‌കറെ തൊയ്‌ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കഴിഞ്ഞയാഴ്‌ച ഭീഷണി മുഴക്കിയിരുന്നു.