Thursday, March 12, 2026 Last Updated 42 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.32 PM

കല്യാണ്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ഷിന്‍ഡെ- രാജ്‌ താക്കറെ സഖ്യം

മുംബൈ: മഹാരാഷ്‌ട്രയിലെ കല്യാണ്‍ ഡോംബിവ്‌ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ രാജ്‌ താക്കറെയുടെ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന(എം.എന്‍.എസ്‌)യുമായി കൈകോര്‍ക്കാന്‍ ശിവസേന (ഷിന്‍ഡെ) വിഭാഗത്തിന്റെ നീക്കം.
ഉദ്ധവ്‌ താക്കറെ-രാജ്‌ താക്കറെ കുടുംബപ്പോര്‌ അവസാനിപ്പിച്ച്‌, ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) തെരഞ്ഞെടുപ്പില്‍ ശിവസേനയും (യു.ബി.ടി) എം.എന്‍.എസും സഖ്യമുണ്ടാക്കിയതിനു പിന്നാലെയാണ്‌ ബി.ജെ.പിയെ ഞെട്ടിച്ച്‌ ഉപമുഖ്യമന്ത്രി കൂടിയായ ഏക്‌നാഥ്‌ ഷിന്‍ഡെയുടെ അപ്രതീക്ഷിത നീക്കം.
മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശിവസേന (ഷിന്‍ഡെ) മേയര്‍ പദവി ആവശ്യപ്പെട്ടെങ്കിലും വലിയകക്ഷിയായ ബി.ജെ.പി. വഴങ്ങിയിരുന്നില്ല. കല്യാണ്‍ ഡോംബിവ്‌ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശിവസേന (ഷിന്‍ഡെ) 53 സീറ്റിലും ബി.ജെ.പി. 50 സീറ്റിലുമാണ്‌ വിജയിച്ചത്‌. ഭൂരിപക്ഷത്തിന്‌ 62 സീറ്റ്‌ മാത്രമാണാവശ്യം. എന്നാല്‍, മേയര്‍ സ്‌ഥാനത്തെച്ചൊല്ലി ഇവിടെയും ശിവസേന (ഷിന്‍ഡെ)-ബി.ജെ.പി. പോര്‌ രൂക്ഷമായി. ഈ സാഹചര്യത്തിലാണ്‌ അഞ്ച്‌ സീറ്റുള്ള എം.എന്‍.എസ്‌. ശിവസേന ഷിന്‍ഡെയ്‌ക്ക്‌ പിന്തുണയുമായി രംഗത്തെത്തിയത്‌. എം.എന്‍.എസിന്റെ പിന്തുണ സ്വീകരിച്ചാല്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ അംഗബലം 58 ആകും. അതായത്‌, ഭൂരിപക്ഷത്തിനു നാല്‌ അംഗങ്ങളുടെ മാത്രം കുറവ്‌. 107 അംഗ കോര്‍പറേഷനില്‍ ശിവസേന (യു.ബി.ടി)- 11, കോണ്‍ഗ്രസ്‌- രണ്ട്‌, എന്‍.സി.പി. (ശരത്‌ പവാര്‍)- ഒന്ന്‌ എന്നിങ്ങനെയാണ്‌ മറ്റ്‌ കക്ഷികളുടെ അംഗബലം.
ഏക്‌നാഥ്‌ ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത്‌ ഷിന്‍ഡെയും എം.എന്‍.എസ്‌. നേതാവ്‌ രാജു പാട്ടീലുമായി നടത്തിയ കൂടിക്കാഴ്‌ചയാണ്‌ അഭ്യൂഹങ്ങള്‍ ആളിക്കത്തിച്ചത്‌.
എന്നാല്‍, മഹായുതി സഖ്യം പിളര്‍പ്പിലേക്കാണെന്ന വാര്‍ത്തകള്‍ കൂടിക്കാഴ്‌ചയില്‍ പങ്കെടുത്ത ശിവസേന (ഷിന്‍ഡെ) നേതാവ്‌ നരേഷ്‌ മാസ്‌കെ തള്ളി. എം.എന്‍.എസുമായുള്ള സഖ്യനീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌, വികസനത്തിനായി മുന്നോട്ടുവരുന്ന എല്ലാവരെയും സ്വാഗതം ചെയ്യുമെന്നായിരുന്നു മറുപടി. എ.ഐ.എം.ഐ.എം. അല്ല എം.എന്‍.എസ്‌;ഇത്‌ നഗരകേന്ദ്രീകൃതമായ വികസനരാഷ്‌ട്രീയമാണ്‌. എം.എന്‍.എസ്‌. ഒപ്പം വരുമെങ്കില്‍ സ്വാഗതം ചെയ്യുമെന്നും നരേഷ്‌ പറഞ്ഞു.
കോര്‍പറേഷനില്‍ ഭരണസ്‌ഥിരത ഉറപ്പാക്കുകയാണ്‌ എം.എന്‍.എസിന്റെ ലക്ഷ്യമെന്ന്‌ രാജു പാട്ടീല്‍ പ്രതികരിച്ചു. അതിനായി ബി.ജെ.പി-ശിവസേന (ഷിന്‍ഡെ) സഖ്യത്തെയാണ്‌ തങ്ങള്‍ പിന്തുണയ്‌ക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രാദേശികസാഹചര്യങ്ങള്‍ക്കനുസരിച്ച്‌ തീരുമാനമെടുക്കാന്‍ രാജ്‌ താക്കറെ അനുവാദം നല്‍കിയിട്ടുണ്ടെന്നും സഖ്യമുണ്ടാക്കിയാല്‍ പൊതു മിനിമം പരിപാടിയുടെ അടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കുമെന്നും പാട്ടീല്‍ പറഞ്ഞു. എം.എന്‍.എസിന്റെ പിന്തുണ വികസനത്തിനാണെന്നും മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്‌ഥാനങ്ങള്‍ ഏക്‌നാഥ്‌ ഷിന്‍ഡെയുമായും ബി.ജെ.പി. നേതൃത്വവുമായും ആലോചിച്ച്‌ തീരുമാനിക്കുമെന്നും ശ്രീകാന്ത്‌ ഷിന്‍ഡെ എം.പി. വ്യക്‌തമാക്കി.

Ads by Google
Wednesday 21 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW