-->
ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുൻപ് സിനിമാ മേഖലയിലെ വനിതാ അംഗങ്ങൾ തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ച ദൃശ്യങ്ങൾ വിഡിയോയായി ചിത്രീകരിച്ചിരുന്നുവെന്നും ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ചില ല നടിമാർ ആരോപണം ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരമൊരു മെമ്മറി കാർഡ് സംഘടനയുടെ പക്കലുണ്ടെന്ന വെളിപ്പെടുത്തൽ ഉണ്ടായത്.
വലിയ വിവാദങ്ങൾക്ക് വഴിവച്ച ഈ മെമ്മറി കാർഡ് കുക്കു പരമേശ്വരന്റെ പക്കലുണ്ടെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് നടിമാരായ പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ ഹസീന തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ഈ ആരോപണത്തില്‍ ‘അമ്മ’യിലെ അന്വേഷണ സമിതി തീർപ്പുകൽപ്പിച്ചിരിക്കുകയാണെന്ന് പറയുകയാണ് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോൻ. മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയിലെ അന്വേഷണം പൂർത്തിയായെന്നും കുക്കു പരമേശ്വരനെതിരെയുള്ള ആരോപണം തെറ്റാണെന്നും പറയുകയാണ് ശ്വേതാ മേനോന്‍. ജനറല്‍ ബോഡിയില്‍ വരാത്ത പരാതിയില്‍ ഇത്രയെങ്കിലും ചെയ്യാൻ പറ്റിയത് ആദ്യത്തെ വിജയമായി കാണുന്നുവെന്നും ശ്വേതാ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘‘എല്ലാവർക്കും നമസ്കാരം... ഓഗസ്റ്റ് 15-ന് നിലവിൽ വന്ന ‘അമ്മ’യുടെ പുതിയ ഭരണസമിതിയെ ജനറൽ ബോഡി ഏൽപ്പിച്ച പ്രധാന ദൗത്യമായിരുന്നു മെമ്മറി കാർഡ് വിവാദത്തെക്കുറിച്ചുള്ള അന്വേഷണം. ആ അന്വേഷണം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. സമിതി തയാറാക്കിയ റിപ്പോർട്ട് ഇന്ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ഞങ്ങൾ അവതരിപ്പിച്ചു. 11 പേരുടെ മൊഴികളാണ് ഇതിനായി രേഖപ്പെടുത്തിയത്. ഈ മൊഴിപ്പകർപ്പുകൾ യോഗത്തിൽ വെച്ച് തന്നെ സീൽ ചെയ്തു.
ഇത് ‘അമ്മ’യുടെ സ്വത്തായി സംഘടനയുടെ ലോക്കറിൽ സൂക്ഷിക്കും. പരാതി നൽകിയവർക്ക് റിപ്പോർട്ടിന്റെ കോപ്പി നൽകുന്നതാണ്. അതിനുശേഷം എന്ത് വേണമെന്ന് അവർക്ക് തീരുമാനിക്കാം. സംഘടനയെ സംബന്ധിച്ചടത്തോളം ഈ വിഷയത്തിലെ നടപടികൾ ഇവിടെ പൂർത്തിയായി. സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അന്ന് ചേർന്ന യോഗം റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു എന്നതും അതിന്റെ മെമ്മറി കാർഡ് ഉണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ആ മെമ്മറി കാർഡ് ഒടുവിൽ കൈവശം വെച്ചിരുന്നത് അന്തരിച്ച നടി കെ.പി.എ.സി ലളിതയായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ലളിത ചേച്ചി ഇന്ന് നമ്മോടൊപ്പം ഇല്ലാത്തതിനാൽ ആ കാർഡിന് എന്ത് സംഭവിച്ചു എന്ന് ഇപ്പോൾ പറയാനാവില്ല. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകിയ ഭൂരിഭാഗം പേരും പറഞ്ഞത് അത് ലളിത ചേച്ചിയുടെ കൈവശമായിരുന്നു എന്നാണ്. ഒരു സാക്ഷി ഇത് ഉറപ്പിച്ചു പറയുകയും ചെയ്തു. അതിനാൽ തന്നെ ഈ അന്വേഷണം കെപിഎസി ലളിതയിൽ അവസാനിക്കുന്നു. ഇതിൽ മറ്റ് അംഗങ്ങളാരും കുറ്റക്കാരോ പ്രതികളോ അല്ല.
2018-ൽ നടന്ന ഒരു സംഭവം ഏഴു വർഷക്കാലം ആർക്കും പരാതിയില്ലാതെ ഇരുന്നിട്ട് 2025-ൽ ഒരു പ്രശ്നമായി വരുന്നത് തിരഞ്ഞെടുപ്പ് കാലത്താണ്. മെമ്മറി കാർഡിലെ വിവരങ്ങൾ പുറത്തുപോയിട്ടുണ്ടെങ്കിൽ അത് ദൃശ്യങ്ങൾ കണ്ടവർ തന്നെയാകണമെന്നില്ല, ആ ചർച്ചയിൽ പങ്കെടുത്തവർ മറ്റുള്ളവരോട് സംസാരിച്ചത് വഴിയുമാകാം. 35 പേജുള്ള ഈ റിപ്പോർട്ട് പരാതിക്കാർക്ക് പരിശോധിക്കാവുന്നതാണ്. അവർക്ക് വേണമെങ്കിൽ പൊലീസിനെയോ കോടതിനെയോ സമീപിക്കാം.
അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. ‘അമ്മ’യെ സംബന്ധിച്ച് ഈ അധ്യായം ഇവിടെ അവസാനിക്കുന്നു. ഞങ്ങളുടെ ശ്രദ്ധ ഇനി വരുന്ന ഫെബ്രുവരി 12-ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കാൻ പോകുന്ന ‘അമ്മ’യുടെ കുടുംബസംഗമത്തിലേക്ക് ആണ്, അതിൽ പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു...’’ ശ്വേത മേനോൻ പറഞ്ഞു.
11 പേരുടെ മൊഴി എടുത്തുവെന്നും ജോയ് മാത്യു അറിയിച്ചു. അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചാണ് തെളിവെടുപ്പ് നടന്നത്. ശ്വേതാ മേനോൻ, ജോയ് മാത്യു, ദേവൻ, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങള്‍. മെമ്മറി കാർഡ് വിവാദത്തില്‍ ഉള്‍പ്പെട്ട നടിമാരെ വിളിച്ച് മൊഴിയെടുത്തു. ഓഗസ്റ്റ് 21 നായിരുന്നു മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചത്. 60 ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവില്‍ അന്ന് തീരുമാനമായിരുന്നു.
മീ ടൂ ആരോപണങ്ങള്‍ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറയാനായി യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ ആളുകള്‍ പറഞ്ഞ അനുഭവങ്ങള്‍ മെമ്മറി കാർഡില്‍ ചിത്രീകരിച്ചിരുന്നെന്നും എന്നാല്‍ അത് കാണാതായെന്നും പിന്നീട് ആരോപണം ഉയരുകയായിരുന്നു.
കുക്കു പരമേശ്വരന്റെ നേതൃത്വത്തിലാണ് യോഗം നടന്നതെന്നും മെമ്മറി കാർഡിന്റെ ഉത്തരവാദിത്തം അവർക്കാണെന്നും അമ്മ തിരഞ്ഞെടുപ്പിനിടെ ആരോപണം ഉയർന്നിരുന്നു. പൊന്നമ്മ ബാബു അടക്കമുള്ള താരങ്ങളാണ് ആരോപണം ഉന്നയിച്ചത്. കുക്കു പരമേശ്വരൻ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു ആരോപണങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്.