-->
മോഡലിംഗിലൂടെ ബിഗ് സ്ക്രീനിലെത്തി മമ്മൂട്ടി ചിത്രമായ ‘അനശ്വര’ത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ശ്വേത മേനോന്‍. പിന്നീട് പരസ്യചിത്രങ്ങളിലൂടെയും ബോളിവുഡ് സിനിമകളിലൂടെയുമാണ് ശ്വേത സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. ഗ്ലാമർ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്ന താരം മലയാളത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് സ്ത്രീ പ്രാധാന്യമുള്ള സിനിമകളിലൂടെയാണ്. മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരം കൂടിയാണ് ശ്വേതയിപ്പോള്‍.
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയായതോടെ ശ്വേത ആരാധകരുടെ മനസ്സില്‍ പ്രത്യേകതമായൊരു സ്ഥാനം കൂടി നേടിയിട്ടുണ്ട്. സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ ശ്വേത എപ്പോഴും മുന്നിലാണ്. മോഡലിംഗ് സമയത്തുള്ള അനുഭവങ്ങളും സിനിമാരംഗത്ത് നിന്നുള്ള അനുഭവങ്ങളും ശ്വേത പലപ്പോഴും സത്യസന്ധമായി തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ മോഡലിംഗ് സമയത്തുള്ള ഒരു അനുഭവം തുറന്നു പറയുകയാണ് ശ്വേത മേനോന്‍. ഒരു പരസ്യചിത്രത്തില്‍ താന്‍ അഭിനയിക്കാന്‍ ചെന്ന ആദ്യ ദിവസം തനിക്ക് ആര്‍ത്തവമായെന്നും അത് സംവിധായകനോട് തുറന്നു പറഞ്ഞെന്നുമാണ് ശ്വേത പറയുന്നത്.
‘‘സ്ത്രീ എന്ന നിലയില്‍ കരിയറില്‍ അഭിമുഖീകരിച്ച ഒരുപാട് കാര്യങ്ങള്‍ മനസ്സിലൂടെ പോകുന്നുണ്ട്. അക്കൂട്ടത്തില്‍ ഒന്ന് ഞാന്‍ ചെയ്ത ഒരു പെര്‍ഫ്യൂം പരസ്യത്തിന്റെ സമയത്തുണ്ടായതാണ്. ഞാനന്ന് ബോംബെയില്‍ ഒരു പെർഫ്യൂം പരസ്യം ചെയ്യാന്‍ പോയി. ആ പരസ്യത്തില്‍ ഞാന്‍ ഒരു പാർട്ടിയിലേക്ക് പെർഫ്യൂം അടിച്ച് പോകുകയും ആളുകള്‍ വൗ എന്ന് പറയുകയും ചെയ്യുന്നതാണ് കാണിക്കുന്നത്. ഈ പെർഫ്യൂം ഉണ്ടെങ്കില്‍ ഒന്നും ധരിക്കേണ്ട എന്നാണ് പരസ്യത്തിന്റെ ആശയം. ഞാൻ അതില്‍ നഗ്നയായത് പോലെ അഭിനയിക്കണം. സ്കിൻ കളർ പോലെയുള്ള ബോഡി സ്യൂട്ട് ധരിക്കണം.
നിർഭാഗ്യവശാല്‍ എനിക്കന്ന് ആർത്തവമായി. അതുകൊണ്ട് വയർ കുറച്ച് വീർത്തിരുന്നു. ഞാൻ ബോഡി സ്യൂട്ട് ധരിച്ചെങ്കിലും എനിക്ക് കംഫര്‍ട്ട് അല്ലാത്തതു പോലെ തോന്നി. ഞാനതിന്റെ സംവിധായകനെ വിളിച്ച് ഇക്കാര്യം സംസാരിച്ചു. നോക്കൂ, എനിക്ക് ഇവിടെ ഇങ്ങനെ കുറച്ച് വയറുണ്ട് എന്ന് ഞാൻ പറഞ്ഞു. ഞാന്‍ പറയുന്നത് കേട്ടപ്പോള്‍ അദ്ദേഹത്തിന് ലഞ്ജ തോന്നി എന്നുള്ളതാണ് സത്യം. അന്ന് ഞങ്ങള്‍ക്കിടയില്‍ തുടങ്ങിയ സൗഹൃദം ഇപ്പോഴുമുണ്ട്. അന്ന് അദ്ദേഹം എന്നോട് മറുപടിയായി പറഞ്ഞത്, ‘എന്നോട് ഒരു പെണ്‍കുട്ടിയും ഇങ്ങനെ സംസാരിച്ചിട്ടില്ല. അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞിട്ടില്ല, തുറന്നു സംസാരിക്കാന്‍ ശ്രമിച്ചിട്ടില്ല...’ എന്നാണ്. ഞാനതിനു മറുപടിയായി, ‘നിങ്ങളാണ് ഡയരക്ടർ. അതില്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. സംവിധായകനാണ്. അതിനാല്‍ ഞാൻ തുറന്ന് പറയണം...’ പിരീയഡ്സ് ആയതിനാല്‍ ഞാൻ ബ്ലോട്ടഡ് ആണ് എന്ന് ഞാൻ സംവിധായകനോട് തുറന്നു പറയേണ്ടത് അത്യാവശ്യമാണ്.
ഞാന്‍ പണ്ടു മുതലേ അങ്ങനെയാണ്. എന്റെ കാര്യങ്ങള്‍ തുറന്നു പറയാന്‍ ഞാന്‍ മടി കാണിക്കാറില്ല. വിസ്പര്‍ വിങ്സിന്റെ പരസ്യം ഇന്ത്യയില്‍ അക്കാലത്ത് ലോഞ്ച് ചെയ്തത് ഞാനാണ്. അങ്ങനെയുള്ള സംഭാഷണങ്ങള്‍ ആവശ്യമെങ്കില്‍ അത് തുറന്നു പറയുന്നതില്‍ മടി കാണിക്കേണ്ട ആവശ്യമില്ല.
ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. ഞാന്‍ കാക്കക്കുയില്‍ എന്ന സിനിമയില്‍ ‘ആലാരേ ഗോവിന്ദ...’ എന്ന ഡാൻസ് നമ്പർ ചെയ്യുമ്പോള്‍ ആദ്യ ദിവസം തന്നെ എനിക്ക് പിരീയഡ്സ് ആയി. 9 മണിക്കായിരുന്നു ഫിഫ്റ്റ്. 12.30 നാണ് ഞാൻ എത്തിയത്. പ്രിയൻ എനിക്ക് എഴുന്നേല്‍ക്കാൻ പറ്റുന്നില്ല. മരുന്ന് വേണം, ഡോക്ടർ വേണം എന്ന് ഞാന്‍ സംവിധായകന്‍ പ്രിയദര്‍ശനോട് തുറന്നു പറഞ്ഞു. പ്രിയനോട് തുറന്നു പറയുന്നതില്‍ എനിക്ക് മടി തോന്നിയില്ല. ഇഞ്ചക്ഷനെടുത്ത ശേഷമാണ് ഞാൻ ലൊക്കേഷനിലേക്ക് വന്നത്.
എനിക്ക് മുന്നിലെത്തുന്നത് ആരായാലും ഞാൻ അവരോട് വളരെ സത്യസന്ധത പുലർത്തിയിട്ടുണ്ട്. അത് പുരുഷനാണോ സ്ത്രീയാണോ എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ അച്ഛൻ എനിക്ക് ആദ്യം പിരീയഡ്സ് വന്ന സമയത്ത് ഞാന്‍ തന്നെ പോയി സാനിറ്ററി നാപ്കിൻ വാങ്ങിക്ക് എന്ന് പഠിപ്പിച്ച ആളാണ്. ഒരാളിന്റെ തണലില്‍ നീ എത്ര നാള്‍ ജീവിക്കും, നിങ്ങളുടെ ശക്തിയും ബലഹീനതയും ഉൾപ്പെടെ, നിങ്ങൾ ആയിരിക്കുന്നതുപോലെ നിങ്ങളെത്തന്നെ അംഗീകരിക്കാനാണ് അച്ഛന്‍ എന്നെ പഠിപ്പിച്ചത്. അതിന്നും തുടരുന്നു...’’ ശ്വേത മേനോൻ പറയുന്നു.
‘അമ്മ’യുടെ പ്രസിഡന്റായ ശേഷം ശ്വേത എടുക്കുന്ന നിലപാടുകളും തീരുമാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അടുത്തിടെ ഗൗരി കിഷന്റെ ബോഡി ഷെയ്മിംഗ് വിവാദത്തില്‍ ‘അമ്മ’ എടുത്ത നിലപാട് സോഷ്യല്‍ മീഡിയയിലൂടെ കൈയടി നേടിയതാണ്.