-->
മോഡലിംഗിലൂടെ അഭിനയത്തിലേക്കെത്തി പിന്നീട് ഹിന്ദിയിലും മലയാളത്തിലുമടക്കം പ്രശസ്തി നേടിയെടുത്ത അഭിനേത്രിയാണ് ശ്വേത മേനോന്‍. മലയാളത്തിലാണ് തുടക്കമെങ്കിലും ശ്വേത പിന്നീട് എത്തിപ്പെട്ടത് ബോളിവുഡിലാണ്. ഹിന്ദിയിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ബിഗ് സ്ക്രീനിലെത്തിയ താരം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി. അതിനു ശേഷം ഒരു മടങ്ങിപ്പോക്ക് ഉണ്ടായിട്ടില്ല. സംസ്ഥാന അവാര്‍ഡടക്കം നേടി കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം തിളങ്ങി നില്‍ക്കുകയാണ്.
പതിറ്റാണ്ടുകളുടെ സിനിമാ പാരമ്പര്യം പേറുന്ന മലയാള ചലച്ചിത്ര താരസംഘടനയിലെ, ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന പദവിയും അടുത്തിടെ ശ്വേത നേടിയിരുന്നു. അതോടെ വാര്‍ത്തകളിലും ചര്‍ച്ചകളിലുമൊക്കെ താരത്തിന്റെ പേര് വീണ്ടും നിറയുന്നുണ്ട്. 1994 ല്‍ ഐശ്വര്യ റായ് മിസ് വേൾഡും, സുഷ്മിത സെൻ മിസ് യൂണിവേഴ്‌സ് പട്ടവും നേടി ആഗോളവേദിയില്‍ ഇന്ത്യ അഭിമാന നേട്ടം സ്വന്തമാക്കിയപ്പോള്‍ ഇവർക്കൊപ്പം മിസ് ഇന്ത്യ മത്സരത്തിൽ മലയാളിയായ ശ്വേത മേനോനും പങ്കെടുത്തിരുന്ന വിവരം പലർക്കുമറിയില്ല.
ഇപ്പോഴിതാ ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2025 ല്‍ തന്റെ സൗന്ദര്യമത്സരങ്ങളുടെ ഓര്‍മ്മകള്‍ പങ്കിടുകയാണ് ശ്വേത. സുസ്മിത സെന്നും ഐശ്വര്യ റായിയും മിസ് യൂണിവേഴ്സ്, മിസ് വേള്‍ഡ് കിരീടങ്ങള്‍ ചൂടിയ കാലഘട്ടത്തില്‍ അവർക്കൊപ്പം മത്സരങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവമാണ് താരം പങ്കിട്ടത്. ആ സമയത്ത് താന്‍ ഐശ്വര്യ റായിയുടെ റൂമേറ്റായിരുന്നെന്നും താരം പറയുന്നു.
‘‘അന്നത്തെക്കാലത്ത് കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രമേയുള്ളൂ. ജീവിതം എനിക്ക് എന്നും അതിശയകരമായിരുന്നു ഞാൻ ഐശ്വര്യ റായിയുടെ റൂംമേറ്റായിരുന്നു, സുസ്മിത സെൻ ആ വർഷം കിരീടംചൂടി. ആഷ് ആയിരുന്നു ഫസ്റ്റ് റണ്ണറപ്പ്, ഞാന്‍ സെക്കന്റ് റണ്ണറപ്പുമായി. ഫ്രാൻസെസ്ക ഹാർട്ട് ആയിരുന്നു മൂന്നാം റണ്ണറപ്പ്.
മിസ് ഇന്ത്യ ഏഷ്യ പസഫിക്കില്‍ ഞാനും പങ്കെടുത്തു, മൂന്നാം റണ്ണറപ്പായി. അന്ന് കോഴിക്കോട്ട് നിന്നുള്ള ഒരു സാധാരണ പെൺകുട്ടി മിസ് ഏഷ്യ പസഫിക്കിനായി ഫിലിപ്പീൻസിലേക്ക് പോയി. എനിക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ വില കൂടിയ കോസ്റ്റ്യൂമുകളോ, ഡിസൈനേഴ്സോ മറ്റൊന്നുമോ ഇല്ലായിരുന്നു. എനിക്കതിനുള്ള ബജറ്റ് ഇല്ലായിരുന്നു, അന്ന് സ്പോൺസർമാരില്ലായിരുന്നു. പക്ഷേ എന്നിട്ടും അവിടെ മൂന്നാം സ്ഥാനക്കാരനാകാൻ എനിക്ക് കഴിഞ്ഞു. ഒരു പിന്തുണയുമില്ലാതെ മൂന്നാം റണ്ണറപ്പാകാൻ കഴിഞ്ഞു. ഞങ്ങള്‍ക്കുണ്ടായിരുന്ന ആവേശം എനിക്കിപ്പോള്‍ എല്ലാവരിലും എന്റെ മകളിലും കാണാൻ കഴിയും. അന്നൊക്കെ ഇന്ത്യയില്‍ ഒരുപക്ഷേ 20 അല്ലെങ്കില്‍ 30 മോഡലുകളെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇന്ന് എല്ലാവരും മോഡലുകള്‍ ആണെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് അവർക്ക് കൂടുതൽ മത്സരം ഉണ്ടാകും, എനിക്ക് വളരെ കുറച്ച് മാത്രമേ മത്സരം ഉണ്ടായിരുന്നുള്ളൂ...’’ ശ്വേത പറഞ്ഞു.
മുന്‍പൊരു അഭിമുഖത്തില്‍ മോഡലിംഗിലേക്ക് എത്തിയതിനെക്കുറിച്ച് ശ്വേത പങ്കുവച്ചിട്ടുണ്ട്. ‘‘ഒരു ദിവസം ഞാൻ സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍, മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാൻ കോയമ്പത്തൂരില്‍ നിന്ന് ഒരു കത്ത് വന്നിട്ടുണ്ടെന്ന് അച്ഛൻ അറിയിച്ചു. അദ്ദേഹത്തോട് ആലോചിക്കാതെ ഞാൻ അപേക്ഷ അയച്ചതില്‍ അദ്ദേഹത്തിന് അത്ര സന്തോഷമുണ്ടായിരുന്നില്ലെങ്കിലും പങ്കെടുക്കാൻ അദ്ദേഹം അനുവാദം നല്‍കുകയും എന്നോടൊപ്പം കോയമ്പത്തൂരിലേക്ക് വരികയും ചെയ്തു. മത്സരത്തില്‍ ഞാൻ ഫസ്റ്റ് റണ്ണറപ്പായി. എന്റെ ഫോട്ടോകള്‍ കേരളത്തിലെ പത്രങ്ങളില്‍ വന്നു. ഫസ്റ്റ് റണ്ണറപ്പ് എന്ന നിലയില്‍, ഫൈനലില്‍ പങ്കെടുക്കാൻ എനിക്ക് യോഗ്യതയുണ്ടായിരുന്നെങ്കിലും, 18 വയസ്സിന് താഴെയായിരുന്നതിനാല്‍ എന്നെ അനുവദിച്ചില്ല...’’ എന്നാണ് ശ്വേത അന്ന് പറഞ്ഞത്.
.
സ്ത്രീകള്‍ക്ക് കൂടുതല്‍ പിന്തുണയും ആശയവിനിമയത്തിനുള്ള അവസരവും ലഭിക്കുന്ന ഒരു തൊഴില്‍ സാഹചര്യം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുമ്പോള്‍ ശ്വേത പറഞ്ഞു. ‘‘അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയം കാരണം പല സ്ത്രീകളും ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കാൻ മടിക്കുകയാണ്. ഗർഭിണിയായിരിക്കുമ്പോള്‍ ഞാൻ നാല് സിനിമകളില്‍ അഭിനയിച്ചു. അതിരാവിലെയുള്ള ഷൂട്ടിംഗ് എനിക്ക് ബുദ്ധിമുട്ടാണെന്ന് ഞാൻ സംവിധായകരോട് പറഞ്ഞു. അവർ അത് മനസിലാക്കി. അതൊരു വലിയ ആശ്വാസമായിരുന്നു. സംഭാഷണത്തിലൂടെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. എന്നാല്‍ ആളുകള്‍ പലപ്പോഴും അത് ഒഴിവാക്കുന്നു.
അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന് സ്ത്രീകളോട് അവരുടെ പ്രശ്നങ്ങള്‍ പങ്കുവെക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും അത് ചെയ്തില്ല. പിന്തുണയുടെ അഭാവവും ജോലി നഷ്ടപ്പെടുമോ എന്ന ഭയവും പല സ്ത്രീകളെയും നിശ്ശബ്ദമായി തങ്ങളുടെ പോരാട്ടങ്ങള്‍ നടത്താൻ നിർബന്ധിതരാക്കുന്നു. അവരെ കുറ്റപ്പെടുത്തുന്നില്ല. എല്ലാവർക്കും അവരുടെ കരിയറിനെക്കുറിച്ച് ആശങ്കയുണ്ട്. എന്നാല്‍ പതുക്കെ ഞങ്ങള്‍ ഈ വിഷയങ്ങള്‍ വെളിച്ചത്തുകൊണ്ടുവരും...’’ ശ്വേത ഉറപ്പുനല്‍കി.
മമ്മൂട്ടി നായകനായി 1991-ല്‍ പുറത്തിറങ്ങിയ ‘അനശ്വര’ത്തിലൂടെയാണ് ശ്വേത തന്റെ 16-ാം വയസ്സില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. 1997-ല്‍ സുനില്‍ ഷെട്ടിയും ശില്‍പ ഷെട്ടിയും അഭിനയിച്ച ‘പൃഥ്വി’ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ആമിര്‍ ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ അഭിനയിച്ച ‘ഹംകോ തുംസേ പ്യാര്‍ ഹേ’ എന്ന ഗാനത്തിലൂടെയും ബന്ധന്‍ എന്ന ചിത്രത്തിലൂടെയും നര്‍ത്തകിയായി താരം ശ്രദ്ധ നേടി. ഗ്ലാമറസ് റോളുകളായിരുന്നു ശ്വേതയെ ഹിന്ദിയില്‍ ഏറെയും തേടിയെത്തിയത്. പിന്നീട് അശോക, 88 ആന്റോപ് ഹില്‍, ഹംഗാമ, കോർപ്പറേറ്റ് എന്നിവയുള്‍പ്പെടെ നിരവധി ഹിന്ദി സിനിമകളില്‍ അവർ അഭിനയിച്ചിട്ടുണ്ട്.
2006-ല്‍ തന്ത്ര എന്ന ചിത്രത്തിലൂടെയാണ് ശ്വേതാ മേനോന്‍ മലയാളത്തിലേക്ക് തിരിച്ചുവന്നത്. തുടര്‍ന്ന് കീര്‍ത്തി ചക്ര, മോഹന്‍ലാലിന്റെ പരദേശി തുടങ്ങിയ പ്രശസ്ത മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത, മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ ‘പാലേരി മാണിക്യം: ഒരു പാതിരകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിലെ ചീരു എന്ന ശ്വേതാമേനോന്റെ കഥാപാത്രം ഏറെ ശ്രദ്ധേമായി. ശ്വേതയുടെ കരിയര്‍ ബെസ്റ്റ് എന്നാണ് ഈ വേഷത്തെ നിരൂപകര്‍ വിശേഷിപ്പിച്ചത്. ഇതേ ചിത്രം ശ്വേതയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിക്കൊടുത്തു. മലയാളസിനിമയിലെ അവിഭാജ്യ ഘടകമാണിപ്പോള്‍ ശ്വേത മേനോന്‍ എന്ന അഭിനേത്രി.