-->
നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റര്‍ എംപിവിയാണ് റെനോ ട്രൈബര്‍. വലിയ കുടുംബങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാമെന്നതാണ് ട്രൈബറിനെ ജനപ്രിയമാക്കുന്നത്. ട്രൈബറിന്റെ വളര്‍ച്ചക്ക് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് അതിന്റെ മത്സാധിഷ്ഠിത വില തന്നെയാണ്. 2025 സെപ്റ്റംബറില്‍ ജിഎസ്ടി കുറച്ചതോടെ ട്രൈബറിന്റെ പ്രാരംഭ വില 6 ലക്ഷത്തില്‍ താഴെയെത്തിയിരുന്നു. നിലവില്‍ 5.76 ലക്ഷം രൂപ മുതലാണ് റെനോ ട്രൈബറിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
ഒതുക്കമുള്ള രൂപവും അകത്ത് ആവശ്യത്തിന് ഇടവുമുള്ള ഈ ഫാമിലി കാര്‍ ഹ്രസ്വദൂര യാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമാണ്. റഷ്ലെയ്ന്‍ പുറത്തുവിട്ട ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ഡിസംബറില്‍ റെനോ 2,324 ട്രൈബറുകളാണ് വിറ്റഴിച്ചത്. 12 മാസം മുമ്പ് അതായത് 2024 ഡിസംബറില്‍ വില്‍പ്പന 1,659 യൂണിറ്റുകള്‍ മാത്രമായിരുന്നു. ഒരു വര്‍ഷം കൊണ്ട് വില്‍പ്പനയില്‍ 665 യൂണിറ്റുകളുടെ വര്‍ധനവുണ്ടായി. വാര്‍ഷികാടിസ്ഥാനത്തില്‍ 40.08 ശതമാനം എന്ന ഗംഭീര വളര്‍ച്ചയാണ് റെനോ ട്രൈബര്‍ സ്വന്തമാക്കിയത്.
മുന്‍ മാസവുമായി തട്ടിച്ച് നോക്കുമ്പോഴും വില്‍പ്പന കൂടിയതാണ്. 2025 നവംബറില്‍ വിറ്റ 2,064 യൂണിറ്റില്‍ നിന്ന് 12.60 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ റെനോ ട്രൈബറിന് സാധിച്ചു. പോയ മാസം റെനോ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിക്കൊടുത്ത കാറും ട്രൈബറാണ്. ഫ്രഞ്ച് ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന മറ്റ് രണ്ട് മോഡലുകളായ കൈഗര്‍ എസ്യുവിയുടെയും ക്വിഡ് ഹാച്ച്ബാക്കിന്റെയും വില്‍പ്പന യഥാക്രമം 1152, 369 യൂണിറ്റുകള്‍ ആയിരുന്നു.