-->
താരരാജാവ് മോഹന്‍ലാലിന്റെ എല്ലാ വിശേഷങ്ങളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. പ്രൊഫഷണല്‍ ജീവിതം മാത്രമല്ല താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സ്വന്തം കുടുംബമാണ്. ഭാര്യ സുചിത്രയുടെയും മക്കളായ പ്രണവിന്റെയും വിസ്മയയുടെയും വിശേഷങ്ങളും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ക്കാറുണ്ട്. അച്ഛനു പിറകേ മകന്‍ പ്രണവ് സിനിമയിലെത്തിയതും അഭിനയിച്ച സിനിമകള്‍ വിജയിച്ചതുമൊക്കെ ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്.
എന്നാല്‍ മകള്‍ വിസ്മയ സിനിമയിലേക്ക് എത്തുന്നതെന്ന് അന്നുമുതല്‍ പ്രേക്ഷകര്‍ ചോദിച്ചു തുടങ്ങി. പക്ഷേ അഭിനയ രംഗത്തേക്ക് ഒരിക്കലും കടക്കില്ലെന്നാണ് അന്നൊക്കെ പ്രേക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ ആരാധകരുടെ എല്ലാ ചർച്ചകൾക്കെല്ലാം വിരാമമിട്ടു കൊണ്ട് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന സിനിമയിലൂടെ വിസ്മയ എത്തുന്നുവെന്നത് ആരാധകര്‍ ആഘോഷമാക്കി. അതിനു ശേഷം ‘തുടക്ക’ത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങി. സിനിമയുടെ ആദ്യ പോസ്റ്റര്‍ ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ ‘തുടക്കം’ സിനിമയുടെ പുതിയ പോസ്റ്റർ പങ്കിടുകയാണ് മോഹന്‍ലാല്‍. പോസ്റ്ററില്‍ വിസ്മയയ്ക്ക് പിന്നിലായി ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷിനെ കാണാം, ഒപ്പം മുന്നിലുള്ളത് മോഹൻലാലാണ്. കൃത്യമായി വെളിപ്പെടുത്താതെയാണ് മോഹന്‍ലാലിന്റെ മുഖം പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. നിസ്സഹായ ഭാവത്തോടെ നോക്കുന്ന വിസ്മയയ്ക്കു പുറകിൽ രൂക്ഷ ഭാവത്തോടെ നോക്കുകയാണ് ആശിഷ്.
പുതിയ പോസ്റ്റര്‍ എത്തിയതോടെ ചിത്രത്തിൽ ആശിഷ് വില്ലനായാണോ പ്രത്യക്ഷപ്പെടുന്നതെന്ന സംശയത്തിലാണ് പ്രേക്ഷകർ. ചിത്രം ഓണം റിലീസായാണ് തിയറ്ററുകളിലെത്തുന്നത്.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ‘ഇതൊരു നിയോഗമായി കാണുന്നു...’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവച്ച് ജൂഡ് കുറിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവര്‍ തിരക്കഥ രചിച്ച സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് ഡോ. എമില്‍ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ്.