-->
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനത്തിനു നിയമസഭയില്‍ നാടകീയതുടക്കം. നയപ്രഖ്യാപനപ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒഴിവാക്കി. ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍, അദ്ദേഹത്തെ യാത്രയയച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ വായിച്ച അസാധാരണനീക്കത്തിനും നിയമസഭ സാക്ഷ്യം വഹിച്ചു.
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയില്ലെങ്കിലും, കടന്നാക്രമിക്കുന്ന ചില ഭാഗങ്ങളാണ് തന്റെ ആദ്യനയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വായിക്കാതെ വിട്ടത്. എന്നാല്‍, ഗവര്‍ണര്‍ ഒഴിവാക്കിയവ ഉള്‍പ്പെടുത്തിയും അദ്ദേഹത്തിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കിയും, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനപ്രസംഗം അതേപടി അംഗീകരിക്കണമെന്നു സ്‌പീക്കറോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി തടഞ്ഞുവച്ചിരിക്കുന്നതടക്കമുള്ള ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. സംസ്‌ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിനേത്തുടര്‍ന്ന് വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണെന്ന പരാമര്‍ശം ഗവര്‍ണര്‍ വായിച്ചില്ല. കേന്ദ്രനടപടികള്‍ മൂലം സംസ്‌ഥാനം ഗുരുതര സാമ്പത്തികപ്രതിസന്ധിയിലാണെന്ന ഭാഗവും ഗവര്‍ണര്‍ ഒഴിവാക്കി.
ഗവര്‍ണറുടെ നടപടിയെ എതിര്‍ത്ത് പിന്നീട് മുഖ്യമന്ത്രി രംഗത്തെത്തി. സര്‍ക്കാര്‍ അംഗീകരിച്ച പ്രസംഗം മുഴുവന്‍ വായിക്കണമെന്നു സ്‌പീക്കര്‍ എ.എന്‍. ഷംസീറും പറഞ്ഞു. തുടര്‍ന്ന്, ഗവര്‍ണറെ യാത്രയാക്കിയശേഷം സഭയില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി നയപ്രഖ്യാപനപ്രസംഗം പൂര്‍ണമായി വായിച്ചു. സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നയപ്രഖ്യാപനപ്രസംഗം തിരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിനാവില്ലെന്നും ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം ഇക്കാര്യത്തില്‍ സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം, തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സംസ്‌ഥാനത്തിനു തിരിച്ചടിയായെന്ന വിമര്‍ശനം ഗവര്‍ണര്‍ പ്രസംഗത്തില്‍ വായിച്ചു. 100 പ്രവൃത്തിദിവസം അറുപതായി കുറച്ചതു തിരിച്ചടിയാണെന്നും പദ്ധതി പഴയ നിലയില്‍ പുനഃസ്‌ഥാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്‌ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്‌തമാക്കി. അതിദാരിദ്ര്യനിര്‍മാര്‍ജനം ഉള്‍പ്പെടെ
സര്‍ക്കാരിന്റെ നേട്ടങ്ങളും എടുത്തുപറഞ്ഞു. കേരളം വികസനപാതയില്‍ കുതിക്കുകയാണെന്നും 10 വര്‍ഷത്തിനുള്ളില്‍ മികച്ച മുന്നേറ്റം നടത്തിയെന്നും നയപ്രഖ്യാപനത്തില്‍ അവകാശപ്പെട്ടു.
വിവിധ പദ്ധതികളില്‍ കേന്ദ്രത്തില്‍നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്. ജി.എസ്.ടി. വിഹിതത്തില്‍ കുറവുണ്ടായി. വായ്‌പാപരിധി വെട്ടിക്കുറച്ചു. ദേശീയപാത പദ്ധതിയില്‍ ചെലവഴിച്ച തുക കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതു സംസ്‌ഥാനത്തെ പ്രതിസന്ധിയിലാക്കി. സംസ്‌ഥാനത്ത് ആരോഗ്യ ജാഗ്രതാ കലണ്ടര്‍ ഏര്‍പ്പെടുത്തും. കാരുണ്യ പദ്ധതിയില്‍ 4500 കോടി രൂപ ചെലവഴിച്ചു. ആശ വര്‍ക്കര്‍മാരുടെ വേതനം 7000 രൂപയില്‍നിന്ന് എണ്ണായിരമായി ഉയര്‍ത്തി. സംസ്‌ഥാനത്തിന്റെ തനതുവരുമാനം വര്‍ധിച്ചു. പൊതുകടം കുറഞ്ഞു.
സാമ്പത്തികഞെരുക്കത്തിനിടയിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു പണം നീക്കിവച്ചു. പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തും. സംസ്‌ഥാനത്തെ ക്രമസമാധാനം സുരക്ഷിതമാണ്. കേരളത്തോടുള്ള കേന്ദ്രാവഗണനയെ വിമര്‍ശിക്കുന്ന ഭാഗവും ഗവര്‍ണര്‍ വായിച്ചു. ധൂര്‍ത്താണ് സാമ്പത്തികഞെരുക്കത്തിനു കാരണമെന്ന വാദം തള്ളുന്നതായി അദ്ദേഹം പറഞ്ഞു.
നയപ്രഖ്യാപനപ്രസംഗത്തിനായി സഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്‌പീക്കറും മന്ത്രി എം.ബി. രാജേഷും ചേര്‍ന്ന് സ്വീകരിച്ചു. മാര്‍ച്ച് 26 വരെയാണ് നിയമസഭാസമ്മേളനം. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിനുശേഷം പിരിഞ്ഞ സഭ 29-ന് ബജറ്റ് അവതരണത്തിനായി ചേരും. ഫെബ്രുവരി 2-5 വരെ ബജറ്റ് ചര്‍ച്ച. ഫെബ്രുവരി 6-22 വരെ സഭ ചേരില്ല.
ഗവര്‍ണര്‍ വിട്ടുകളഞ്ഞത്
* ഖണ്ഡിക 12: 'ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രതികൂലനടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തികഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്'.
ഠ ഖണ്ഡിക 15: 'സംസ്ഥാനനിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്'.
ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തത്
* ഖണ്ഡിക 16: 'നികുതിവിഹിതവും ധനകാര്യ കമ്മിഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും, ഈ ചുമതല
ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുന്നതുമാണ്' എന്ന വാചകത്തിനൊപ്പം 'എന്ന് എന്റെ സര്‍ക്കാര്‍ കരുതുന്നു'വെന്ന് കൂട്ടിച്ചേര്‍ത്തു.
ജി. അരുണ്‍