-->
ചെന്നൈ: ദേശീയഗാനം ആദ്യം ആലപിച്ചില്ല എന്നതിന്റെ പേരില്‍ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി സംസ്‌ഥാനനിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ച്ചയായി ഇതു നാലാം വര്‍ഷമാണ് ഗവര്‍ണര്‍ ഈ രീതിയില്‍ സഭ ബഹിഷ്‌കരിക്കുന്നത്. ഗവര്‍ണറും ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സംസ്‌ഥാന സര്‍ക്കാരും തമ്മിലുള്ളബന്ധം കൂടുതല്‍ വഷളാക്കുന്നതാണ് പുതിയ സംഭവം.
സംസ്‌ഥാന ഗീതമായ 'തമിഴ് തായ് വാഴ്‌ത്ത്' ആലപിച്ചതിനു പിന്നാലെ ഗവര്‍ണര്‍ സഭ വിടുയായിരുന്നു. രാവിലെ സഭയിലെത്തിയ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനു മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആദ്യം തമിഴ് തായ് വാഴ്‌ത്തും അവസാനം ദേശീയഗാനവും ആലപിക്കുന്നതാണ് തമിഴ്‌നാട് നിയമസഭയിലെ രീതിയെന്നു സപീക്കര്‍ അറിയിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. ഗവര്‍ണര്‍ സഭ വിട്ടതിനു പിന്നാലെ സ്‌പീക്കര്‍ എം. അപ്പാവു നയപ്രഖ്യാപനപ്രസംഗം അവതരിപ്പിച്ചു. ഗവര്‍ണറുടെ നടപടിയെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രി സ്‌റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചു.
സംസ്‌ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഗവര്‍ണറുടെ ഓഫീസും പിന്നീട് പ്രസ്‌താവന പുറപ്പെടുവിച്ചു. തന്റെ മൈക്രോഫോണ്‍ തുടര്‍ച്ചയായി ഓഫ് ചെയ്‌തെന്നും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ഗവര്‍ണര്‍ ആര്‍.എന്‍. രവി ആരോപിച്ചു.
' സംസ്‌ഥാന സര്‍ക്കാര്‍ തയാറാക്കിയ നയപ്രഖ്യാപനം ഗവര്‍ണര്‍ക്കു പ്രസംഗിക്കാന്‍ കഴിയാത്ത തരത്തില്‍ തെറ്റായ അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകളും നിറഞ്ഞതായിരുന്നു. നിക്ഷേപ കണക്കുകള്‍ പെരുപ്പിച്ചു കാട്ടി. 12 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങളെന്ന അവകാശവാദവും ചോദ്യംചെയ്യപ്പെടേണ്ടതാണ്. ലൈംഗിക അതിക്രമങ്ങളിലെ ഭയാനകമായ വര്‍ധന, യുവാക്കള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യകള്‍, ദലിത് അതിക്രമങ്ങള്‍, വിദ്യാഭ്യാസം, തദ്ദേശഭരണം, ക്ഷേത്ര മാനേജ്‌മെന്റ്, എം.എസ്.എം.ഇ. മേഖലകളിലെ ഭരണപരമായ അനാസ്‌ഥ തുടങ്ങിയ കാര്യങ്ങള്‍ വിഷയങ്ങള്‍ അവഗണിക്കപ്പെട്ടു.
ഒരു വര്‍ഷത്തിനുള്ളില്‍ മയക്കുമരുന്ന് ഉപയോഗം മൂലം രണ്ടായിരത്തിലധികം യുവാക്കളാണ് തമിഴ്‌നാട്ടില്‍ ആത്മഹത്യചെയ്‌തത്. തമിഴ്‌നാട് ഇന്ത്യയുടെ ആത്മഹത്യാ തലസ്‌ഥാനമായി കണക്കാക്കപ്പെടുന്നു. ഇത്തരം ആശങ്കകളെല്ലാം നയപ്രഖ്യാപന പ്രസംഗത്തില്‍നിന്ന് ഒഴിവാക്കി.'- ഗവര്‍ണറുടെ പ്രസ്‌താവനയില്‍ പറഞ്ഞു.