-->
ബംഗളുരു: വിവാദ വീഡിയോകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് കര്‍ണാടക ഡി.ജി.പി. രാമചന്ദ്ര റാവുവിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തു. അദ്ദേഹത്തിന്റെ ഓഫീസില്‍വച്ച് വിവിധ സ്‌ത്രീകളോടൊപ്പം അനാശാസ്യകരമായ സാഹചര്യങ്ങളില്‍ ചിത്രീകരിച്ച വീഡിയോകള്‍ വലിയ വിവാദമായിയിരുന്നു. സംഭവത്തെക്കുറിച്ചു മുഖ്യമന്ത്രി സിദ്ധരാമയ്യ റിപ്പോര്‍ട്ട് തേടിയിരുന്നു.
വീഡിയോകള്‍ 'മോര്‍ഫ് ചെയ്‌തതാണെന്ന്' രാമചന്ദ്ര റാവു അവകാശപ്പെട്ടിരുന്നു. 1993 ബാച്ചിലെ ഉദ്യോഗസ്‌ഥനാണു റാവു. വരുന്ന മേയില്‍ വിരമിക്കാനിരിക്കുകയായിരുന്നു. റാവുവിന്റെ ആദ്യ ഭാര്യ ഒരു വാഹനാപകടത്തില്‍ മരിച്ചു. പിന്നീട് അദ്ദേഹം പുനര്‍വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ മകള്‍ രണ്യ റാവു, പിന്നീട് കന്നഡ ചലച്ചിത്ര നടിയായി. രണ്യ സ്വര്‍ണക്കടത്ത് കേസില്‍പെട്ടത് റാവുവിനു തിരിച്ചടിയായിരുന്നു.
2014 ല്‍ മൈസൂരുവിന് സമീപമുള്ള യെലവാലയ്‌ക്കടുത്ത് അദ്ദേഹം ബസ് തടഞ്ഞ് കണ്ടെടുത്ത പണത്തില്‍ ഒരു ഭാഗം കാണാതായത് വിവാദമായിരുന്നു. ഏറ്റുമുട്ടല്‍ കൊലപാതകക്കേസിലും റാവു പ്രതിക്കൂട്ടിലായിരുന്നു.
എട്ട് വര്‍ഷം മുന്‍പ് ബെല്‍ഗാവിയില്‍ ഐ.ജിയായിരിക്കെ ചിത്രീകരിക്കപ്പെട്ട അശ്ലീല വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവന്നത്. തേന്‍ കെണി സംഘമാണ് അത് ചിത്രീകരിച്ചതെന്ന സൂചനയുണ്ട്.