Thursday, March 12, 2026 Last Updated 46 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.32 PM

സൈന... സൈനിങ്‌ ഓഫ്‌... ,വിരമിക്കല്‍ പ്രഖ്യാപിച്ച്‌ സൈന നെഹ്‌വാള്‍

uploads/news/2026/01/821773/sp1.jpg

മുംബൈ: കളിക്കളത്തില്‍നിന്നു വിരമിക്കുകയാണെന്നു വ്യക്‌തമാക്കി ഇന്ത്യന്‍ ബാഡ്‌മിന്റണിലെ മിന്നുംതാരം സൈന നെഹ്‌വാള്‍. ഭേദമാകാത്ത പരുക്കുകളാണ്‌ കോര്‍ട്ടില്‍നിന്ന്‌ പിന്‍വാങ്ങാന്‍ മുന്‍ ലോക ഒന്നാം നമ്പര്‍താരം കൂടിയായിരുന്ന സൈനയെ പ്രേരിപ്പിക്കുന്നത്‌. പ്രമുഖ മാധ്യമസ്‌ഥാപനത്തിന്റെ പോഡ്‌കാസ്‌റ്റിലാണ്‌ കളി മതിയാക്കാന്‍ നിര്‍ബന്ധിതയാണെന്ന വിവരം സൈന തുറന്നുപറന്നത്‌.
രണ്ടു ദശകത്തോളമായി പ്രഫഷണല്‍ ബാഡ്‌മിന്റണില്‍ തുടരുന്ന സൈന 2023-ലെ സിംഗപ്പുര്‍ ഓപ്പണിലാണ്‌ അവസാനം കളിച്ചത്‌. അതിനുശേഷം പ്രഫഷണല്‍ ബാഡ്‌മിന്റണില്‍ സൈനയുടെ സാന്നിധ്യമുണ്ടായിരുന്നില്ലെങ്കിലും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ല. ഏതാനും നാളുകളായി അലട്ടിയിരുന്ന ആര്‍ത്രൈറ്റിസ്‌ ഭേദമാകാത്തതാണ്‌ മുപ്പത്തഞ്ചാം വയസില്‍ കളമൊഴിയാന്‍ പ്രേരിപ്പിക്കുന്നതെന്ന്‌ 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേത്രിയായ സൈന പോഡ്‌കാസ്‌റ്റില്‍ വെളിപ്പെടുത്തി. ലോകത്തിലെ മുന്‍നിര താരമാകണമെങ്കില്‍ എട്ട്‌-ഒമ്പതു മണിക്കൂര്‍ വരെ പരിശീലനം ആവശ്യമാണ്‌.
തരുണാസ്‌ഥികളുടെ ക്ഷയംമൂലമുള്ള കാല്‍മുട്ട്‌ വേദന ഇപ്പോള്‍ ദീര്‍ഘനേരത്തെ പരിശീലനം അസാധ്യമാക്കുന്നു. ഒന്ന്‌-രണ്ട്‌ മണിക്കൂറിനുള്ളില്‍ തളര്‍ച്ച അനുഭവപ്പെട്ടു തുടങ്ങി. ഇനി പഴയതുപോലെ ബാഡ്‌മിന്റണ്‍ കളിക്കുകയെന്നതു ബുദ്ധിമുട്ടാണെന്നു വ്യക്‌തമായി. ഇക്കാര്യം ഉറ്റബന്ധുക്കളോടും പരിശീലകരോടും തുറന്നുപറഞ്ഞു. കൂടുതല്‍ കളിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവുതന്നെയാണു പ്രധാനം. രണ്ടുവര്‍ഷം മുമ്പ്‌ കളി നിര്‍ത്തിയിരുന്നു. സ്വന്തം ഇഷ്‌ടപ്രകാരമാണു കായികരംഗത്തേക്കു പദമൂന്നിയത്‌. സ്വന്തം മനസു പറഞ്ഞപ്പോള്‍ അതില്‍നിന്നു പിന്മാറാനും തീരുമാനിച്ചു. അതിനാല്‍ വിരമിക്കല്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നു. സൈന കളത്തില്‍നിന്നു വിടപറഞ്ഞെന്നു സാവധാനം ആളുകള്‍ മനസിലാക്കിക്കൊള്ളും- അവര്‍ മനസുതുറന്നു.
2016-ലെ റിയോ ഒളിമ്പിക്‌സിലാണ്‌ കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്നു കരുതിയ കാല്‍മുട്ടിനേറ്റ പരുക്ക്‌ സൈനയെ പിടികൂടുന്നത്‌. പക്ഷേ, അതില്‍നിന്നു മുക്‌തയായി 2017-ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും തൊട്ടടുത്ത വര്‍ഷത്തെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ സ്വര്‍ണവും നേടി തിരിച്ചുവന്നു. എന്നാല്‍ വിട്ടുമാറാത്ത മുട്ടുവേദന തുടര്‍വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നതില്‍ താരത്തിനു പ്രതിബന്ധം തീര്‍ത്തു. 2024-ലാണ്‌ ആര്‍ത്രൈറ്റിസ്‌ ബാധിതയാണെന്നും മുട്ടിലെ അസ്‌ഥികള്‍ ക്ഷയിക്കുകയാണെന്നും സൈന വെളിപ്പെടുത്തിയത്‌.
1990 മാര്‍ച്ച്‌ 17 ന്‌ ഹരിയാനയിലെ ഹിസാറിലാണു സൈനയുടെ ജനനം. സംസ്‌ഥാനതലത്തില്‍ കളിച്ചിരുന്ന മാതാവ്‌ ഉഷാ റാണിയുടെ പാത പിന്തുടര്‍ന്നാണ്‌ സൈന ബാഡ്‌മിന്റണ്‍ റാക്കറ്റ്‌ കൈയിലേന്തിയത്‌. അഗ്രിക്കള്‍ച്ചറല്‍ സയന്‍സില്‍ പിഎച്ച്‌.ഡിയുണ്ടായിരുന്ന പിതാവ്‌ ഹര്‍വീര്‍ സിങ്‌ നെഹ്‌വാളിനു ജോലിസംബന്ധിയായി ഹൈദരാബാദിലേക്കു സ്‌ഥലംമാറ്റം ലഭിച്ചതാണ്‌ സൈനയിലെ ബാഡ്‌മിന്റണ്‍ താരത്തിന്റെ ഭാവിതന്നെ തിരുത്തിക്കുറിച്ചത്‌. 2004-ല്‍ ബെന്‍ഡിഗോയില്‍നടന്ന കോമണ്‍വെല്‍ത്ത്‌ യൂത്ത്‌ ഗെയിംസില്‍ മിക്‌സഡ്‌ ടീം ഇനത്തില്‍ വെള്ളിയണിഞ്ഞ്‌ സൈന ബാഡ്‌മിന്റണ്‍ ലോകത്തേക്കുള്ള വരവറിയിച്ചു. 2006-ല്‍ ഇന്‍ജിയോണില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ സിംഗിള്‍സില്‍ സ്വര്‍ണം നേടി. അതേവര്‍ഷം മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മിക്‌സഡ്‌ ടീം ഇനത്തില്‍ വെങ്കലമണിഞ്ഞു.
2008-ല്‍ പുനെയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ യൂത്ത്‌ ഗെയിംസില്‍ പെണ്‍കുട്ടികളുടെ സിംഗിള്‍സിലും സ്വര്‍ണം സൈനയ്‌ക്കായിരുന്നു. ഹൈദരാബാദിലെ ഗോപീചന്ദ്‌ ബാഡ്‌മിന്റണ്‍ അക്കാദമിയില്‍ വിഖ്യാതതാരം പുലേല ഗോപീചന്ദിനുകീഴിലെ പരിശീലനം സൈനയെ 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേട്ടം കൊയ്യാന്‍ സഹായിച്ചു. 2014-ല്‍ ഗോപീചന്ദുമായി വഴിപിരിഞ്ഞ അവര്‍ ബംഗളുരുവിലെ പ്രകാശ്‌ പദുകോണ്‍ ബാഡ്‌മിന്റണ്‍ അക്കാദമിയിലെത്തി. യു.വിമല്‍ കുമാറിനൊപ്പമുള്ള പരിശീലനം സൈനയെ ലോക ഒന്നാം നമ്പറിലെത്തിച്ചു. പക്ഷേ, 2017 മുതല്‍ വീണ്ടും ഗോപിചന്ദിനു കീഴിലായിരുന്നു പരിശീലനം.
കരിയറില്‍ നിരവധി നേട്ടങ്ങള്‍ കൊയ്‌ത് ഇന്ത്യന്‍ ബാഡ്‌മിന്റണിനെ ലോകനെറുകയിലെത്തിക്കാന്‍ സൈനയ്‌ക്കായി. പരമോന്നത കായികബഹുമതിയായ ഖേല്‍ രത്നയ്‌ക്കു പുറമേ അര്‍ജുന അവാര്‍ഡ്‌, പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി രാജ്യം അവര്‍ക്ക്‌ ആദരമര്‍പ്പിച്ചു.
2018 ഡിസംബറില്‍ ഒരു സ്വകാര്യ ചടങ്ങളില്‍ ബാഡ്‌മിന്റണ്‍ താരമായ പാരുപ്പള്ളി കശ്യപിനെ സൈന വിവാഹം കഴിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ കശ്യപുമായി പിരിയുകയാണെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചെങ്കിലും തൊട്ടടുത്തമാസം ബന്ധം വിളക്കിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണെന്ന്‌ വെളിപ്പെടുത്തുകയും ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രചോദനമുള്‍ക്കൊണ്ട്‌ 2020 ജനുവരിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ചരിത്രവും സൈനയ്‌ക്കുണ്ട്‌.

Ads by Google
Tuesday 20 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW