-->
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യു.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് 155 റണ്‍ വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 154 റണ്ണടിച്ചു. മൂന്നാമതായെത്തിയ നാറ്റ് ഷിവര്‍ ബ്രണ്ട് പുറത്താകാതെ 65 റണ്ണുമായി മുംബൈ ഇന്നിങ്‌സിന്റെ നട്ടെല്ലായി. 45 പന്തില്‍ രണ്ടു സിക്‌സും ആറു ഫോറും അടങ്ങുന്നതായിരുന്നു നാറ്റ് ഷിവറിന്റെ ബാറ്റിങ് വിരുന്ന്. ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 33 പന്തില്‍ 41 റണ്ണടിച്ച് പുറത്തായി.
മലയാളിതാരം സജന സജീവനും ഹെയ്‌ലി മാത്യൂസും ചേര്‍ന്നാണ് മുംബൈ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്. സജന ഒന്‍പത് റണ്ണും മാത്യൂസ് 12 റണ്ണുമായി കൂടാരം കയറി. പിന്നീട് നാറ്റ് ഷിവറും ഹര്‍മന്‍പ്രീതും ചേര്‍ന്ന കൂട്ടുകെട്ടാണ് മുംബൈയെ കരകയറ്റിയത്. നികോള കാരി (12), അമന്‍ജ്യോത് കൗര്‍ എന്നിവരും മുംബൈനിരയില്‍ പുറത്തായി. 10 റണ്ണുമായി സംസ്‌കൃതി ഗുപ്‌ത പുറത്താകാതെനിന്നു. മൂന്നുവിക്കറ്റുമായി ശ്രീ ചാരിണി ഡല്‍ഹി ബൗളര്‍മാരില്‍ തിളങ്ങി.