-->
പാലാ: സംസ്‌ഥാന ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് പാലായില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 23 മുതല്‍ 27 വരെ പാലാ അല്‍ഫോന്‍സാ കോളജ് ഫ്‌ളഡ്‌ലിറ്റ് സ്‌റ്റേഡിയത്തിലും പാലാ മേരിമാതാ പബ്ലിക് സ്‌കൂളിലുമായി നടക്കുന്ന മത്സരത്തില്‍ പതിനാല് ജില്ലകളിലെയും പുരുഷ-വനിതാ ടീമുകള്‍ പങ്കെടുക്കും.
24ന് വൈകിട്ട് അഞ്ചിന് മന്ത്രി വി.എന്‍. വാസവന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. പാലാ ചലഞ്ചേഴ്‌സ് ക്ലബ് പ്രസിഡന്റ് സൂരജ് മാത്യു മണര്‍കാട് അധ്യക്ഷത വഹിക്കും. ഫാ. ജോസഫ് തടത്തില്‍ അനുഗ്രഹപ്രഭാഷണവും ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണവും നടത്തും.
നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ചാമ്പ്യന്‍ഷിപ്പിന്റെ പതാക ഉയര്‍ത്തും. 27ന് സമാപന സമ്മേളന ഉദ്‌ഘാടനവും സമ്മാനദാനവും മന്ത്രി റോഷി അഗസ്‌റ്റിന്‍ നിര്‍വഹിക്കും. ജേക്കബ് ജോസഫ് അധ്യക്ഷത വഹിക്കും. മാണി സി. കാപ്പന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.
കോട്ടയം ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനാണ് സംസ്‌ഥാന ചാമ്പ്യന്‍ഷിപ്പിന് നേതൃത്വം നല്‍കുന്നത്. ചലഞ്ചേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ ക്ലബ് പാലാ ആതിഥേയത്വം വഹിക്കും.
പത്രസമ്മേളനത്തില്‍ ചലഞ്ചേഴ്‌സ് ക്ലബ് പ്രസിഡന്റ് സൂരജ് മാത്യു മണര്‍കാട്, സെക്രട്ടറി ബിജു തെങ്ങുംപള്ളി, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ സൂരജ്, ചാമ്പ്യന്‍ഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ മാത്യു, ജിത്തു ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.