-->
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ ലോക രണ്ടാം നമ്പര്‍ ഇറ്റലിയുടെ യാനിക് സിന്നര്‍ രണ്ടാം റൗണ്ടില്‍. പുരുഷ സിംഗിള്‍സില്‍ എതിരാളിയായ ഫ്രാന്‍സിന്റെ ഹ്യൂഗോ ഗാസ്‌്റ്റണ്‍ പരുക്കേറ്റ് പിന്മാറിയത് ആദ്യറൗണ്ടില്‍ സിന്നറിന് അനായാസജയം സമ്മാനിച്ചു. ഗാസ്‌റ്റണ്‍ പിന്മാറുമ്പോള്‍ 6-2, 6-1 എന്ന സ്‌കോറിന് സിന്നര്‍ ആദ്യരണ്ടു സെറ്റും സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയുടെ ജെയിംസ് ഡക്ക്‌വര്‍ത്താണ് രണ്ടാം റൗണ്ടില്‍ സിന്നറുടെ എതിരാളി. ലോക ഒന്‍പതാം നമ്പര്‍ അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സ് 7-6, 5-7, 6-1, 6-3 എന്ന സ്‌കോറിന് ഫ്രാന്‍സിന്റെ വലന്റൈന്‍ റോയറിനെ ആദ്യറൗണ്ടില്‍ വീഴ്‌ത്തി.
ഇറ്റലിയുടെ അഞ്ചാം സീഡ് ലോറന്‍സ് മുസെറ്റി, എട്ടാം നമ്പര്‍ അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണ്‍, 15-ാം സീഡ് റഷ്യയുടെ കാരെന്‍ ഖാഷനോവ്, 16-ാം നമ്പര്‍ താരം ചെക് റിപ്പബ്ലിക്കിന്റെ യാക്കൂബ് മെന്‍സിക്, 22-ാം നമ്പര്‍ ഇറ്റലിയുടെ ലൂസിയാനോ ദാര്‍ദെരി, 31-ാം റാങ്കുകാരന്‍ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് എന്നിവരും ആദ്യറൗണ്ടില്‍ ജയിച്ചുകയറി. ബ്രസീലിന്റെ 28-ാം നമ്പര്‍ ജാവോ ഫൊന്‍സെകയെ സീഡില്ലാതാരം അമേരിക്കയുടെ എലിയട്ട് സ്‌പിസിറി അട്ടിമറിച്ചു. സ്‌കോര്‍: 6-4, 2-6, 6-1, 6-2.
വനിതാ സിംഗിള്‍സില്‍ ലോക 10-ാം നമ്പര്‍ സ്വിസ് താരം ബെലിന്‍ഡ ബെന്‍സിച്ച് 6-0, 7-5 ന് ബ്രിട്ടന്റെ കാത്തി ബൗള്‍ട്ടറെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. 16-ാം സീഡ് ജപ്പാന്റെ നവോമി ഒസാക്ക 6-3, 3-6, 6-4 ന് ആദ്യറൗണ്ട് എതിരാളി ക്ര?യേഷ്യയുടെ അന്റോണിയ റൂസിക്കിനെ പരാജയപ്പെടുത്തി. അഞ്ചാം റാങ്കുകാരി റഷ്യയുടെ എലേന റൈബാക്കിന 6-4, 6-3 ന് സ്ലൊവേനിയയുടെ കാജാ യുവാനെ തോല്‍പ്പിച്ച് അടുത്തഘട്ടത്തിലേക്കു മുന്നേറി. ഒന്‍പതാം സീഡ് അമേരിക്കയുടെ മാഡിസണ്‍ കീസ്, ലാത്‌വിയയുടെ യെലേന ഒസ്‌റ്റാപെങ്കോ, റഷ്യയുടെ അന്ന കലിന്‍സ്‌കയ തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി. അതേസമയം കാനഡയുടെ 22-ാം നമ്പര്‍ ലെയ്‌ല ഫെര്‍ണാണ്ടസ്, 30-ാം സീഡ് ഓസ്‌ട്രേലിയയുടെ മായാ ജോയിന്റ് എന്നിവര്‍ ആദ്യറൗണ്ടില്‍ പുറത്തായി.