-->
ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫുട്‌ബോള്‍ ഫൈനലിലെ സെനഗല്‍ താരങ്ങളുടെ ബഹിഷ്‌കരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. മത്സരത്തിന്റെ അധിക സമയത്ത് മൊറോക്കോ താരം ബ്രാഹിം ഡയസിനെ ഫൗള്‍ ചെയ്‌തതിന് പെനാല്‍റ്റി അനുവദിച്ചതിനെത്തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പെനാല്‍റ്റിയില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ ഒന്നടങ്കം മൈതാനം വിട്ടുപോയി. സൂപ്പര്‍ താരം സാദിയോ മാനെ ഗ്രൗണ്ടില്‍ തുടരുകയും സഹതാരങ്ങളോട് തിരിച്ചുവരാന്‍ അഭ്യര്‍ഥിക്കുകയും ചെയ്‌തു.
ഈ സമയം ഗാലറിയില്‍ ആരാധകരും സുരക്ഷാ ഉദ്യോഗസ്‌ഥരും തമ്മില്‍ ഏറ്റുമുട്ടിയതോടെ 20 മിനിറ്റ് മത്സരം തടസപ്പെട്ടു. മത്സരം പുനരാരംഭിച്ചപ്പോള്‍ ബ്രാഹിം ഡയസ് എടുത്ത പെനാല്‍റ്റി സെനഗല്‍ ഗോള്‍ കീപ്പര്‍ എഡ്വേഡ് മെന്‍ഡി തടഞ്ഞു.
സെനഗല്‍ താരങ്ങളുടെ പെരുമാറ്റം അംഗീകരിക്കാനികില്ലെന്ന് ഇന്‍ഫാന്റിനോ വ്യക്‌തമാക്കി. വലിയ മത്സരങ്ങളില്‍ സമ്മര്‍ദ്ദം സ്വാഭാവികമാണെങ്കിലും റഫറിയുടെ തീരുമാനങ്ങളെ ബഹുമാനിക്കാത്ത നടപടികള്‍ ഫുട്‌ബോളിന്റെ മാന്യതയ്‌ക്ക് നിരക്കാത്തതാണെന്നും യുവതലമുറയ്‌ക്ക് ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൊറോക്കോയുടെ സംഘാടനത്തെ പ്രശംസിച്ച അദ്ദേഹം സെനഗലിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനോട് ആവശ്യപ്പെട്ടു. മത്സരം തുടരാന്‍ ഇടപെട്ട സാദിയോ മാനെയെ പ്രശംസിക്കാനും ഇന്‍ഫാന്റിനോ മറന്നില്ല.