-->
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചിന് വിജയത്തുടക്കം. 25 ഗ്രാന്‍സ്ലാം കിരീടം എന്ന അപൂര്‍വ നേട്ടത്തിലേക്കാണു 38 വയസുകാരനായ ജോക്കോയുടെ പ്രയാണം.
പുരുഷ സിംഗിള്‍സ് ഒന്നാം റൗണ്ടില്‍ ജോക്കോ സ്‌പെയിന്റെ പെഡ്രോ മാര്‍ട്ടിനസിനെ തോല്‍പ്പിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട പോരാട്ടം സൂപ്പര്‍ താരത്തിന്റെ സര്‍വീസ് മികവ് എടുത്തു കാണിച്ചു. സ്‌കോര്‍: 6-3, 6-2, 6-2. അതോടെ മെല്‍ബണ്‍ പാര്‍ക്കില്‍ നൂറാം ജയം കുറിക്കാനും ജോക്കോവിച്ചിനായി. പെഡ്രോ മാര്‍ട്ടിനസിന് സൂപ്പര്‍ താരത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ആദ്യമായി നേരിടുന്ന എതിരാളിയായതിനാല്‍ മാര്‍ട്ടിനസ് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയിരുന്നെങ്കിലും ലോക നാലാം നമ്പര്‍ താരമായ ജോക്കോ മത്സരം പൂര്‍ണ്ണമായും തന്റെ നിയന്ത്രണത്തിലാക്കി. ഒന്നാം സെറ്റില്‍ തന്നെ ബ്രേക്ക് പോയിന്റുകള്‍ നേടിയ താരം മനോഹരമായ ക്രോസ്‌കോര്‍ട്ട് വിന്നറുകളിലൂടെ കാണികളെ ആവേശത്തിലാഴ്‌ത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പത്തുവട്ടം ജേതാവാകാന്‍ ജോക്കോയ്‌ക്കായി.
ഇറ്റലിയുടെ ക്വാളിഫയര്‍ ഫ്രാന്‍സെസ്‌കോ മാസ്‌റ്റേലിയാണു രണ്ടാം റൗണ്ടിലെ എതിരാളി. മൂന്നുവട്ടം ഇവിടെ ജേതാവായ റഷ്യയുടെ ഡാനില്‍ മെദ്‌വദേവും രണ്ടാം റൗണ്ടിലെത്തി. ഹോളണ്ടിന്റെ ജെസ്‌പര്‍ ഡി ജോങിനെയാണു മെദ്‌വദേവ് ഒന്നാം റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-2, 7-6 (7-2). കഴിഞ്ഞ സീസണ്‍ താരത്തെ സംബന്ധിച്ച് മോശമായിരുന്നു. ലോക ഒന്നാം നമ്പറായിരുന്ന മെദ്‌വദേവ് അഞ്ചിലേക്കും പിന്നിട് 18 ലേക്കും താണു. ഒക്‌ടോബറില്‍ നടന്ന അല്‍മാട്ടി ഓപ്പണില്‍ ജേതാവായതോടെയാണ് കിരീട വരള്‍ച്ച അവസാനിച്ചത്. 882 ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഒരു കിരീടം നേടുന്നതും. വനിതകളില്‍ ലോക ഒന്നാം നമ്പര്‍ ബെലാറസിന്റെ ആര്യാന സബാലങ്കയും രണ്ടാം റൗണ്ടില്‍ കടന്നു. ഒന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ സീഡില്ലാ താരം റാകോറ്റോമാംഗ രാജാനോയയെയാണു തോല്‍പ്പിച്ചത്‌്. സ്‌കോര്‍: 6-4, 6-1.
രണ്ടാം റൗണ്ടില്‍ ചൈനയുടെ സുയോവാന്‍ ബായാണു സബാലങ്കയെ നേരിടുക. ആര്യാന ഇവിടെ രണ്ടു തവണ ജേതാവായി. 2023, 2024 സീസണുകളില്‍ താരം കിരീടം നേടിയത് ഒരു സെറ്റ് മാത്രം കൈവിട്ടാണ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ യു.എസിന്റെ മാഡിസണ്‍ കെയ്‌സിനോടു തോറ്റതോടെ വിജയക്കുതിപ്പിന് അന്ത്യമായി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ 22 സിംഗിള്‍സ് കിരീടം നേടാന്‍ ലോക ഒന്നാം നമ്പര്‍ താരത്തിനായി. ഈ വര്‍ഷമാദ്യം നടന്ന ബ്രിസ്‌ബെന്‍ ഇന്റര്‍നാഷണലിലും ആര്യാനയായിരുന്നു ജേതാവ്. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിന്റെ കാര്‍ലോസ് അല്‍കാറസ് കിരീടപ്പോരാട്ടം തുടങ്ങി. ആഡം വാല്‍ട്ടണിനെയാണ് അല്‍കാറസ് തോല്‍പ്പിച്ചത്.