Thursday, March 12, 2026 Last Updated 46 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.27 AM

സെനഗല്‍ ആഫ്രിക്കന്‍ നേഷന്‍സ്‌ കപ്പ്‌ ഫുട്‌ബോള്‍ ജേതാക്കളായി

uploads/news/2026/01/821637/sp1.jpg

റബാത്ത്‌ (മൊറോക്കോ): ആതിഥേയരായ മൊറോക്കോയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച്‌ സെനഗല്‍ ആഫ്രിക്കന്‍ നേഷന്‍സ്‌ കപ്പ്‌ ഫുട്‌ബോള്‍ ജേതാക്കളായി. പ്രിന്‍സ്‌ മൗലി അദ്‌ബെല സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ അതിനാടകീയമായിരുന്നു.
അധിക സമയത്ത്‌ പാപെ ഗുയ നേടിയ ഗോളിലാണു സെനഗല്‍ ആഫ്രിക്കന്‍ രാജാക്കന്‍മാരായത്‌. സെനഗല്‍ പ്രസിഡന്റ്‌ ബാസിറു ഡിയോമാ ഫായെയുടെ സാന്നിധ്യത്തിലാണു ടീം കപ്പ്‌ ഏറ്റുവാങ്ങിയത്‌. പിന്നാലെ രാജ്യത്ത്‌ പൊതു അവധിയും അദ്ദേഹം പ്രഖ്യാപിച്ചു. ''ടെറാങ ലയണ്‍സ്‌'' എന്ന തങ്ങളുടെ ഓമനപ്പേര്‌ അന്വര്‍ഥമാക്കിയെന്നും ബാസിറു ഡിയോമാ ഫായെ പറഞ്ഞു. റഫറിയുടെ തീരുമാനത്തില്‍ പ്രകോപിതരായി കാണികള്‍ പിച്ച്‌ കൈയേറാന്‍ ശ്രമിച്ചതും സെനഗല്‍ താരങ്ങള്‍ പ്രതിഷേധ സൂചകമായി കളം വിട്ടതും മത്സരം ഉദ്വേഗഭരിതമാക്കി. 2021 ലാണ്‌ സെനഗല്‍ ആദ്യമായി ആഫ്രിക്ക കപ്പ്‌ നേടുന്നത്‌. അന്ന്‌ ഈജിപ്‌തിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണു തോല്‍പ്പിച്ചത്‌. ജേതാക്കളായ ടീമിന്‌ വിവിധ പാരിതോഷികങ്ങളും പ്രസിഡന്റ പ്രഖ്യാപിച്ചു.
ഫൈനലിന്റെ മുഴുവന്‍ സമയത്ത്‌ ഗോള്‍രഹിത സമനില തുടര്‍ന്നിരുന്നു. അതോടെ കളി അധിക സമയത്തേക്ക്‌ നീണ്ടു. അധിക സമയത്തിന്റെ നാലാം മിനിറ്റില്‍ പാപെ ഗുയെ സെനഗലിനായി ഗോളടിച്ചു. ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ആര്‍ക്കും ഗോളടിക്കാനായില്ല. സ്വന്തം ആരാധകര്‍ക്കുമുന്നില്‍ അര നൂറ്റാണ്ടിനു ശേഷം കിരീട നേട്ടം എന്ന സ്വപ്‌നം ബാക്കിയാക്കാനെ മൊറോക്കോയ്‌ക്കു കഴിഞ്ഞുള്ളു. 1976 ലായിരുന്നു അവരുടെ ഏക കിരീട നേട്ടം. മത്സരത്തിന്റെ അധിക സമയം നാടകീയതകളുടേതായി. രണ്ടാം മിനിറ്റില്‍ സെനഗലിന്റെ സെക്‌ നേടിയ ഗോള്‍ അഷ്‌റാഫ്‌ ഹാക്കിമിയെ ഫൗള്‍ ചെയ്‌ത കാരണത്താല്‍ റഫറി നിഷേധിച്ചു. എട്ടാം മിനിറ്റില്‍ മൊറോക്കോയുടെ ബ്രാഹിം ഡിയാസിനെ എല്‍ ഹാദ്‌ജി മാലിക്‌ ഡിഔഫ്‌ ഫൗള്‍ ചെയ്‌തതിന്‌ റഫറി ജീന്‍ ജാക്വസ്‌ എന്‍ഡാല പെനാല്‍റ്റി അനുവദിച്ചു. ഈ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച്‌ സെനഗല്‍ കോച്ച്‌ പാപെ ബൗന തിയാവു താരങ്ങള്‍ മടങ്ങാന്‍ ആവശ്യപ്പെട്ടു. അതോടെ 17 മിനിറ്റ്‌ കളി തടസപ്പെട്ടു. ഒടുവില്‍ നായകനും സൂപ്പര്‍ താരവുമായ സാദിയോ മാനെയുടെ ഇടപെടലിനെത്തുടര്‍ന്നാണ്‌ സഹതാരങ്ങള്‍ വീണ്ടും കളത്തിലെത്തിയത്‌. മത്സരത്തിനു ശേഷം തന്റെ പ്രവൃത്തിയില്‍ മാപ്പപേക്ഷിക്കുന്നതായി ബൗന പറഞ്ഞു. വാറില്‍ ഡിഔഫ്‌ ഡിയാസിന്റെ ഷര്‍ട്ടില്‍ പിടിച്ചു വീഴിച്ചെന്നു തെളിഞ്ഞു. അതോടെ പെനാല്‍റ്റി ഉറപ്പായി. ബ്രാഹിം ഡിയാസ്‌ എടുത്ത പനേങ്ക കിക്ക്‌ സെനഗല്‍ ഗോള്‍ കീപ്പര്‍ എഡ്വേഡ്‌ മെന്‍ഡി സമര്‍ഥമായി തടുത്തു. 94-ാം മിനിറ്റിലാണു ഗോളിന്റെ പിറവി. ഇയാന്‍ ഗുയെയുടെ സഹായത്തോടെയാണു പാപെ ഗുയെ ഗോളടിച്ചത്‌. ഗോള്‍ കീപ്പര്‍ യാസിന്‍ ബോനോയും പ്രതിരോധക്കാരും നോക്കി നില്‍ക്കേ പാപെയുടെ ഷോട്ട്‌ തുളഞ്ഞു കയറി.

Ads by Google
Tuesday 20 Jan 2026 12.27 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW