-->
തളിപ്പറമ്പ്: പിഞ്ചുകുഞ്ഞിനെ കടലിലെ പാറക്കൂട്ടത്തില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതി തയ്യില്‍ കടപ്പുറത്തെ കെ. ശരണ്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീ. സെഷന്‍സ് ജഡ്‌ജി കെ.എന്‍. പ്രശാന്ത് വിധിച്ചു. ഇവരുടെ കാമുകന്‍ രണ്ടാം പ്രതിയുമായ വലിയന്നൂരിലെ നിധിനെ കുറ്റവിമുക്‌തനാക്കി. ശരണ്യക്ക് നല്‍കേണ്ടുന്ന ശിക്ഷയെക്കുറിച്ച് 21ന് കോടതി വാദം കേള്‍ക്കും.
ഒന്നര വയസുകാരന്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ വിയാനെയാണ് തയ്യില്‍ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞുകൊന്നത്. കേസിലാണ് വിധി പ്രഖ്യാപനമുണ്ടായത്. ശരണ്യക്കും കാമുകനുമെതിരേ ചുമത്തിയ ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി കണ്ടെത്തി. രാജീവ്‌ഗാന്ധി വധം, ടി.പി. ചന്ദ്രശേഖരന്‍, പാര്‍ലമെന്റ് അക്രമണം തുടങ്ങിയ കേസുകളിലെ വിധി ഉദ്ധരിച്ചുകൊണ്ട് ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രഫഷണലായും സുതാര്യമായും വിചാരണ നടക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടാണ് കോടതി ഗൂഢാലോചന കുറ്റം തള്ളിക്കളഞ്ഞത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയല്ലാതിരുന്ന നിധിന്‍ ഗൂഢാലോചന കുറ്റം തള്ളിക്കളഞ്ഞതോടെ കുറ്റവിമുക്‌തനായി.
2020 ഫെബ്രുവരി 17ന് പുലര്‍ച്ചെ 2.45 നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. തയ്യില്‍ കടപ്പുറത്ത് ഭര്‍ത്താവ് പ്രണവുമൊരുമിച്ച് കുടുംബ സമേതം താമസിച്ചുവരികയായിരുന്നു ശരണ്യ. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. പിന്നീട് നിധിനുമായി ശരണ്യ അടുത്തു. കുഞ്ഞിനെ കൊന്ന് കുറ്റം ഭര്‍ത്താവിന്റെ മേല്‍ ചുമത്തി കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ക്രൂരകൃത്യം.
അന്നേ ദിവസം വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് ശരണ്യ കിടന്നിരുന്നത്. പുലര്‍ച്ചെ മകന്‍ വിയാനിനെയുമെടുത്ത് തൊട്ടടുത്തുള്ള കടപ്പുറത്തേക്ക് പോയ ശരണ്യ കുഞ്ഞിനെ കടലിലെറിയുകയായിരുന്നു. ആദ്യത്തെ ഏറില്‍ കുട്ടി കടലില്‍ വീണില്ല. തിരികെ നടക്കുമ്പോഴാണു കൂട്ടിയുടെ കരച്ചില്‍ ശരണ്യ കേട്ടത്. തിരികെ വന്ന ശരണ്യ കുട്ടി പാറപ്പുറത്ത് കിടക്കുന്നതാണു കണ്ടത്.
കുട്ടിയുടെ കരച്ചില്‍ നാട്ടുകാര്‍ കേള്‍ക്കുമെന്നു മനസിലായ ശരണ്യ മകനെ കടല്‍ തീരത്തെ പാറയലെറിഞ്ഞ് മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷം ഒന്നും സംഭവിക്കാത്ത പോലെ വീട്ടില്‍ വന്ന് ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്നു. പിന്നീട് കുട്ടിയെ കാണു ന്നില്ലെന്ന് ഭര്‍ത്താവ് പ്രണവിനോട് പറഞ്ഞു. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പോലീസിനോട് ആദ്യം പറഞ്ഞത്. സിറ്റി പോലീസ് ശരണ്യയെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്‌തപ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊല നടക്കുന്നതിന്റെ തലേ ദിവസം മണിക്കുറുകളോളം കാമുകന്‍ നിധിനൊപ്പം ശരണ്യ കഴിഞ്ഞതിന്റെ തെളിവും അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു ലഭിച്ചു. തുടര്‍ന്ന് രണ്ടു പേരെയും പോലീസ് അറസ്‌റ്റ് ചെയ്ുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശരണ്യ ചെന്നൈയിലെ സ്വകാര്യ സ്‌ഥാപനത്തില്‍ ജോലി ചെയ്ുകയാണ്.
രണ്ടാം പ്രതി നിധിന് വേണ്ടി കണ്ണൂര്‍ ബാറിലെ ആര്‍. മഹേഷും പ്രോസിക്യൂട്ടര്‍ യൂ രമേശനും ഹാജമായി. അന്വേഷണ ഉദ്യോഗസ്‌ഥര്‍, പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത സര്‍ജന്‍ ഡോ. ഗോപാലകൃഷ്‌ണ പിള്ള, ഉള്‍പ്പെടെ 47 സാക്ഷികളെ കോടതി വിസ്‌തരിച്ചിരുന്നു. 181 രേഖകളും 19 ഭൗതിക രേഖകളും ഹാജരാക്കി. മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കു ശേഷമാണ് കേസില്‍ ഇന്നലെ വിധി പറഞ്ഞത്.
പ്രോസിക്യൂട്ടറെ തിരഞ്ഞെടുക്കുമ്പോള്‍ രാഷ്‌ട്രീയ പരിഗണന പാടില്ലെന്നും പ്രഫ ഷണലിസവും കഴിവുമാണ് മാനദണ്ഡമാക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. തനിക്ക് 27 വയസ് മാത്രമേ ഉള്ളുവെന്നും ഒറ്റയ്‌ക്കാണെന്നും പ്രതി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് വിധി 21 ലേക്ക് മാറ്റിവച്ച് ശരണ്യയെ ജയിലിലേക്ക് അയച്ചു.