-->
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. പാരാട്രൂപ്പ് വിഭാഗത്തിലെ ഹവീല്‍ദാര്‍ ഗജേന്ദ്ര സിങ് ആണ് വീരമൃത്യു വരിച്ചത്. കിഷ്‌ത്വാറിലെ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്തുന്നതിനായി ഇന്ത്യന്‍ സൈന്യം ആരംഭിച്ച 'ഓപ്പറേഷന്‍ ട്രാഷി' എന്ന സൈനിക നീക്കത്തിനിടെയാണ് ദുരന്തം. അതേസമയം പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ രണ്ടു ദിവസം പിന്നിട്ടു.
ചത്രുവിലെ മന്ദ്രാല്‍-സിങ്‌പോറയ്‌ക്കടുത്തുള്ള സോന്നാര്‍ ഗ്രാമത്തില്‍ ഞായറാഴ്‌ചയാണ് സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ പ്രദേശത്ത് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചിലിനായി ഇവിടെ എത്തിയത്.
വനത്തിനുള്ളിലേക്ക് നീങ്ങുന്നതിനിടെ ഒളിച്ചിരുന്ന ഭീകരരുടെ സംഘം സൈനികര്‍ക്കുനേരെ തുരുതുരെ വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്‌തു. സുരക്ഷാവലയം ഭേദിച്ച് രക്ഷപ്പെടാനായിരുന്നു ഭീകരരുടെ ശ്രമം. സൈന്യം ശക്‌തമായി തിരിച്ചടിച്ചതോടെ ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ വെടിവെപ്പ് നടന്നു. ഏറ്റുമുട്ടലില്‍ എട്ടു സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദുഷ്‌കരമായ ഭൂപ്രകൃതിയും കാലാവസ്‌ഥയും ഓപ്പറേഷന്റെ വേഗത്തെ ബാധിക്കുന്നുണ്ട്.
ഈ വര്‍ഷം ജമ്മു മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.
കഴിഞ്ഞ ഡിസംബറില്‍ ജമ്മു മേഖലയിലെ വനമേഖലകളില്‍ ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷനു പിന്നാലെയാണ് തുടര്‍ച്ചയായ ഏറ്റുമുട്ടലുകള്‍ നടക്കുന്നത്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായിട്ടാണ് 'ഓപ്പറേഷന്‍ ട്രാഷി' എന്ന പേരിലുള്ള ദൗത്യം വിപുലപ്പെടുത്തിയിരിക്കുന്നത്.
കൂടുതല്‍ പാക് ഭീകരര്‍ മേഖലയില്‍ എത്തിയിട്ടുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍.