-->
ബംഗളൂരു: കര്‍ണാടക പോലീസിന് നാണക്കേടായി ഡി.ജി.പിയുടെ അശ്ലീല ദൃശ്യങ്ങള്‍. കര്‍ണാടക സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഡി.ജി.പി: ആര്‍. രാമചന്ദ്ര റാവു ഓഫീസില്‍ യുവതികളുമായി അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്. ഓഫീസ് സമയത്ത് ക്യാബിനിലെത്തിയ യുവതികളെ യൂണിഫോമിലുള്ള ഡി.ജി.പി ചുംബിക്കുന്നതിന്റെതടക്കമുള്ള ദൃശ്യങ്ങളാണ് 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്ളത്. ഒന്നിലധികം വീഡിയോകള്‍ കൂട്ടിച്ചേര്‍ത്താണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. ഓഫീസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിത്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഡി.ജി.പി, ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ വീട്ടിലെത്തിയെങ്കിലും കാണാന്‍ അനുമതി ലഭിച്ചില്ല. വീഡിയോ കെട്ടിച്ചമച്ചതാണെന്നാണ് റാവുവിന്റെ വാദം. അതേസമയം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് വിവരം.
1993 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്‌ഥാനായ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകളും നടിയുമായ രന്യ റാവുവിനെ 2025 ല്‍ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്റലിജന്‍സ് അറസ്‌റ്റ് ചെയ്‌തിരുന്നു. റാവുവിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് രന്യ. വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രാമചന്ദ്രറാവുവിനോട് നിര്‍ബന്ധിത അവധിയെടുക്കാന്‍ നിര്‍ദേശിച്ചു.
അവധി പൂര്‍ത്തിയാക്കി അടുത്തിടെയാണ് രാമചന്ദ്ര റാവു സര്‍വീസില്‍ തിരിച്ചെത്തിയത്. ഈ വര്‍ഷം മേയില്‍ സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കെയാണു ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.