-->
ന്യൂഡല്‍ഹി: കരൂരില്‍ ടി.വി.കെ റാലിക്കിടെ ദുരന്തമുണ്ടായ സംഭവത്തില്‍ പാര്‍ട്ടി അധ്യക്ഷനും സൂപ്പര്‍ താരവുമായ വിജയ്‌യെ സി.ബി.ഐ ആറു മണിക്കൂര്‍ ചോദ്യം ചെയ്‌തു. കേസില്‍ രണ്ടാം തവണയാണ് വിജയ്‌യെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ 12 ന് സി.ബി.ഐ ആസ്‌ഥാനത്ത് അദ്ദേഹത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. 13 ന് വീണ്ടുമെത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പൊങ്കല്‍ കാരണം നടന്‍ മറ്റൊരു തീയതി ആവശ്യപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ 10.20 നാണ് ആഡംബര എസ്.യു.വികളുടെ ഒരു നിരയ്‌ക്കൊപ്പം വിജയ് ലോധി റോഡിലെ സി.ബി.ഐ ആസ്‌ഥാനത്തെത്തിയത്. വൈകുന്നേരം അഞ്ചുമണിയോടെ അദ്ദേഹം തിരിച്ചുപോയതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. ടി.വി.കെ പാര്‍ട്ടിനേതാവ് സി.ടി. നിര്‍മല്‍ കുമാറും സി.ബി.ഐ ഓഫീസിനു പുറത്തുണ്ടായിരുന്നു. അന്വേഷണവുമായി തങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും പ്രചരിക്കുന്ന കിംവദന്തികള്‍ സത്യമല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി.ബി.ഐയുടെ അഴിമതിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടന്റ് റാങ്കിലുള്ള ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്‌തത്. കരൂരില്‍ റാലി നടത്താനുള്ള തീരുമാനമെടുക്കല്‍, വിജയ് റാലിക്കെത്താന്‍ വൈകിയതിന്റെ കാരണങ്ങള്‍, പ്രസംഗം തുടര്‍ന്നതിന്റെ വിശദീകരണങ്ങള്‍, വന്‍ ജനക്കൂട്ടത്തെ കൈകാര്യം ചെയ്‌ത രീതി എന്നിവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ അദ്ദേഹത്തോടു ചോദിച്ചതായി ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. റാലിയുമായി ബന്ധപ്പെട്ട് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്‌ഥരുടെയും പ്രസ്‌താവനകള്‍ വിശകലനം ചെയ്‌തശേഷമേ കുറ്റപത്രത്തില്‍ വ്യക്‌തികളുടെ പങ്ക് ചേര്‍ക്കണോയെന്ന് തീരുമാനിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് എസ്.ഐ.ടിയില്‍ നിന്ന് സി.ബി.ഐ കേസ് ഏറ്റെടുത്തത്. തമിഴ്‌നാട്ടിലെ കരൂരില്‍ സെപ്‌റ്റംബര്‍ 27 നാണ് ദുരന്തമുണ്ടായത്. വിജയ്‌യുടെ നേതൃത്വത്തില്‍ ടി.വി.കെ പാര്‍ട്ടി നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിക്കുകയായിരുന്നു. സംഭവത്തില്‍ അറുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.