-->
നോയ്‌ഡ(യു.പി): റോഡരികിലെ നിര്‍മാണസ്‌ഥലത്തെ വെള്ളംനിറഞ്ഞ കുഴിയിലേക്കു കാര്‍മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നോയ്‌ഡ അതോറിറ്റി സി.ഇ.ഒ: എം. ലോകേഷിനെ തല്‍സ്‌ഥാനത്തുനിന്ന് നീക്കി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ(എസ്.ഐ.ടി)യും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചു. വിശദമായി അന്വേഷണം നടത്തി അഞ്ചു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.
കനത്ത മൂടല്‍മഞ്ഞില്‍ കാഴ്‌ച മങ്ങിയതോടെ കാര്‍ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്കു മറിഞ്ഞാണ് സോഫ്‌റ്റ്വേര്‍ എന്‍ജിനീയറായ യുവരാജ് മേത്ത(27)മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി നോയ് സെക്‌ടര്‍ 150-നു സമീപമായിരുന്നു അപകടമുണ്ടായത്.
കനത്ത മൂടല്‍മഞ്ഞ് കാഴ്‌ചമറച്ചതോടെ യുവരാജ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചശേഷം 70 അടിയിലേറെ താഴ്‌ചയുള്ള വെള്ളക്കെട്ടിലേക്കു മറിയുകയായിരുന്നു. ഗുരുഗ്രാം ആസ്‌ഥാനമായുള്ള കമ്പനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴിയാണ് അപകടമുണ്ടായത്.
അപകടത്തിനു പിന്നാലെ യുവരാജ് പിതാവ് രാജ്‌കുമാര്‍ മെഹ്‌തയെ ഫോണില്‍ വിളിച്ച് രക്ഷപ്പെടുത്താന്‍ അപേക്ഷിച്ചിരുന്നു. യുവാവിന്റെ നിലവിളി കേട്ട് ചിലര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോലീസും ദുരന്തനിവാരണ സേനയും ഉള്‍പ്പെടെ സ്‌ഥലത്തെത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. അഞ്ചു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാര്‍ വെള്ളക്കെട്ടില്‍നിന്ന് ഉയര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത്.
സര്‍വീസ് റോഡില്‍ അധികൃതര്‍ റിഫ്‌ളക്‌ടറുകള്‍ സ്‌ഥാപിക്കുകയോ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്‌തിരുന്നില്ലെന്നു യുവരാജിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇവര്‍ നല്‍കിയ പരാതിയില്‍ നിര്‍മാണക്കമ്പനികളായ എം.ജെ. വിഷ്‌ടൗണ്‍ പ്ലാനര്‍ ലിമിറ്റഡ്, ലോട്ടസ് ഗ്രീന്‍ കണ്‍സ്‌ട്രക്ഷന്‍ ൈപ്രവറ്റ് ലിമിറ്റഡ് എന്നീ സ്‌ഥാപനങ്ങള്‍ക്കെതിരേ നോളജ് പാര്‍ക്ക് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. നാട്ടുകാരുടെയും യുവാവിന്റെ ബന്ധുക്കളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് സംഭവസ്‌ഥലത്ത് നോയ്‌ഡ അതോറിറ്റി ബാരിക്കേഡുകള്‍ സ്‌ഥാപിച്ചു. എന്നാല്‍, ബാരിക്കേഡുകള്‍ അപര്യാപ്‌തമാണെന്നും റിഫ്‌ളക്‌ടറുകള്‍ സ്‌ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.