-->
നൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു.എ.ഇ. പ്രസിഡന്റിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു മണിക്കൂര്‍ മാത്രമുള്ള ഹ്രസ്വ സന്ദര്‍ശനത്തിനാണ് ഷെയ്‌ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്നലെ ന്യൂഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ നേരിട്ടെത്തി യു.എ.ഇ. പ്രസിഡന്റിനെ ആലിംഗനം ചെയ്‌ത് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ സ്വാഗതം ചെയ്‌തു. വിമാനത്താവളത്തില്‍നിന്ന് ഒരു കാറിലായിരുന്നു ഇരുവരുടെയും യാത്ര.
യു.എ.ഇ. പ്രസിഡന്റുമൊത്തുള്ള ചിത്രങ്ങള്‍ പിന്നീട് മോദി സാമൂഹികമാധ്യമമായ എക്‌സില്‍ പോസ്‌റ്റ് ചെയ്‌തു. 'എന്റെ സഹോദരന്‍, യു.എ.ഇ. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്‌ഖ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്യാന് സ്വാഗതമോതാന്‍ വിമാനത്താവളത്തിലേക്ക്. ഇന്ത്യ-യു.എ.ഇ. ദൃഢസൗഹൃദത്തിന് അദ്ദേഹം നല്‍കുന്ന പ്രധാന്യം വിളിച്ചോതുന്നതാണ് സന്ദര്‍ശനം. ഞങ്ങളുടെ തുടര്‍ ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു' എന്നിങ്ങനെയായിരുന്നു എക്‌സിലെ മോദിയുടെ കുറിപ്പ്. വഷളായ ഇറാന്‍-യു.എസ്. ബന്ധം, ഗാസയിലെ അസ്‌ഥിരത, സൗദിയും യു.എ.ഇയും ഉള്‍പ്പെട്ട യെമന്‍ സംഘര്‍ഷം പരിഹരിക്കാനാകാത്ത സ്‌ഥിതി എന്നിവയുള്‍പ്പെടെ പശ്‌ചിമേഷ്യ പുകയുന്ന സാഹചര്യത്തിലാണ് യു.എ.ഇ. പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചത്.
ന്യൂഡല്‍ഹിയും അബുദാബിയുമായുളള ബന്ധം കൂടുതല്‍ ഊഷ്‌മളമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. പ്രസിഡന്റ് പദത്തിലെത്തിയശേഷം ഷെയ്‌ഖ് അല്‍ നഹ്യാന്റെ ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ സന്ദര്‍ശനമാണിത്;ഒരുദശകത്തിനിടയിലെ അഞ്ചാമത്തെയും. നിക്ഷേപം, ഊര്‍ജസുരക്ഷ, സാമ്പത്തിക സുരക്ഷ ഉള്‍പ്പെടെയുള്ള കരാറുകളിലുടെ ഇരുരാജ്യങ്ങളും തമ്മില്‍ കെട്ടിപ്പടുത്ത പങ്കാളിത്തം കൂടുതല്‍ ശക്‌തമാക്കാന്‍ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.