Thursday, March 12, 2026 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.23 AM

പാകിസ്‌താനെ പിന്തുണയ്‌ക്കരുത്‌; പോളണ്ടിനോട്‌ ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യ-യുൈക്രന്‍ സംഘര്‍ഷത്തിനിടെ, റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യക്കെതിരേ ഉപരോധങ്ങളും വിവേചനപരമായ നടപടികളും സ്വീകരിക്കുന്നതില്‍ പോളണ്ടിനോട്‌ ആശങ്ക പ്രകടിപ്പിച്ച്‌ ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാകിസ്‌താന്‌ നേരിട്ടോ അല്ലാതെയോ പിന്തുണ നല്‍കരുതെന്നും വിദേശകാര്യ മന്ത്രി എസ്‌. ജയ്‌ശങ്കര്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹിയില്‍ പോളിഷ്‌ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലോ സിക്കോര്‍സ്‌കിയുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ ഇന്ത്യയുടെ ആശങ്കകള്‍ അറിയിച്ചത്‌. പോളിഷ്‌ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്‌ത ജയ്‌ശങ്കര്‍, ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനിടെയാണ്‌ കൂടിക്കാഴ്‌ചയെന്നും പറഞ്ഞു.
അന്യായമായി താരിഫുകള്‍ അടിച്ചേല്‍പ്പിക്കുന്നതിനോടു യോജിക്കുന്നില്ലെന്നു സിക്കോര്‍സ്‌കി വ്യക്‌തമാക്കി. ഭീകരാക്രമണങ്ങള്‍ക്കു പോളണ്ടും ഇരയായിട്ടുണ്ടെന്നും അതിര്‍ത്തി കടന്നുള്ള ഭീകരതയെ ചെറുക്കേണ്ടത്‌ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 2024 ഓഗസ്‌റ്റിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട്‌ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്‌ ഉയര്‍ത്തിയിരുന്നു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, ഡിജിറ്റല്‍ നവീകരണം എന്നീ മേഖലകളില്‍ സഹകരണം ശക്‌തമാക്കാനും ധാരണയിലെത്തിയിരുന്നു. അതേ സമയം, റഷ്യന്‍ പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യക്കെതിരേ അന്യായമായ നടപടികള്‍ സ്വീകരിക്കുന്നതിനെതിരേ സിക്കോര്‍സ്‌കിയുമായി മുന്‍പും സംസാരിച്ചിട്ടുണ്ടെന്നും ന്യൂഡല്‍ഹിയില്‍ ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്‌തമാക്കിയെന്നും ജയശങ്കര്‍ പറഞ്ഞു. ഭീകരതയ്‌ക്കെതിരേ പോളണ്ട്‌ ശക്‌തമായ നിലപാട്‌ സ്വീകരിക്കുമെന്നും ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു. പാകിസ്‌താനിലെ ഭീകരശൃംഖലയെ സഹായിക്കുന്ന ഒരു തരത്തിലും സഹായിക്കരുതെന്നും ജയശങ്കര്‍ സിക്കോര്‍സ്‌കിയോടു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കാശ്‌മീരിനെക്കുറിച്ചു പോളണ്ട്‌ നടത്തിയ പ്രസ്‌താവനയ്‌ക്ക്‌ മറുപടിയാണിതെന്നു കരുതപ്പെടുന്നു.
ഭീകരപ്രവര്‍ത്തകര്‍ക്കു പാകിസ്‌താന്‍ ധനസഹായം നല്‍കുന്നതായും താവളമൊരുക്കുന്നതായും യൂറേപ്യന്‍ രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ഇന്ത്യ നയതന്ത്ര ശ്രമങ്ങള്‍ ശക്‌തമാക്കിയിട്ടുണ്ട്‌. മധ്യ യൂറോപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ്‌ പോളണ്ട്‌. ഉഭയകക്ഷി വ്യാപാരം 700 കോടി ഡോളറിലെത്തി. പോളണ്ടിലെ ഇന്ത്യന്‍ നിക്ഷേപം 300 കോടി ഡോളറും കവിഞ്ഞു.

Ads by Google
Tuesday 20 Jan 2026 12.23 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW