-->
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷ സ്‌ഥാനത്തേക്ക് പാര്‍ട്ടി ദേശീയ ആസ്‌ഥാനത്ത് എത്തിയത് 37 നാമനിര്‍ദേശ പത്രികകള്‍. എല്ലാത്തിലും ഒരേ ഒരാളുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ;നിതിന്‍ നബിന്‍. ബിഹാറില്‍നിന്നുള്ള നിയമസഭാംഗമായ നിതിന്‍ നബിന്‍ ഇന്നു ബി.ജെ.പി ദേശീയ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്‌ഥാനമൊഴിയുന്ന ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ എന്നിവരുള്‍പ്പെടെ ഉന്നത പാര്‍ട്ടി നേതാക്കള്‍ അംഗീകരിച്ച 37 സെറ്റ് നാമനിര്‍ദേശ പത്രികകളാണ് നബിന്റെതായി ഇന്നലെ സമര്‍പ്പിച്ചത്.
സൂക്ഷ്‌മപരിശോധനയില്‍, എല്ലാ നാമനിര്‍ദേശ പത്രികകളും കൃത്യമായി പൂരിപ്പിച്ചതായും സാധുവാണെന്നും കണ്ടെത്തി.
പത്രിക പിന്‍വലിക്കാനുള്ള കാലാവധി കഴിഞ്ഞതോടെ, ദേശീയ പ്രസിഡന്റ് സ്‌ഥാനത്തേക്ക് നിതിന്‍ നബിന്റെ പേര് മാത്രമേ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളൂവെന്ന വരണാധികാരി കെ.ലക്ഷ്‌മണ്‍ അറിയിച്ചു. നിതിന്‍ നബിന്റെ സ്‌ഥാനാര്‍ഥിത്വത്തെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണച്ചിരുന്നു.
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിന്‍ ഗഡ്‌കരി, ധര്‍മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, കിരണ്‍ റിജിജു, ഹര്‍ദീപ് പുരി എന്നിവരാണ് പേര് നാമനിര്‍ദേശം ചെയ്‌തത്. ബി.ജെ.പിയുടെ 30 സംസ്‌ഥാന പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതിനു ശേഷമാണ് ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് ആരംഭിച്ചത്.
ബി.ജെ.പിയുടെ ഭരണഘടന അനുസരിച്ച്, 50% സംസ്‌ഥാന കമ്മിറ്റികളിലെങ്കിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കാം.
ബിഹാറില്‍നിന്ന് അഞ്ചു തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയുടെ യുവനേതാവാണ് 45 വയസുകാരനായ നിതിന്‍ നബിന്‍. ബിഹാറില്‍ കാബിനറ്റ് മന്ത്രിയായി സേവനമനുഷ്‌ഠിച്ചിരുന്നു. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം മന്ത്രിസ്‌ഥാനം രാജിവച്ചു.
പിതാവും ബി.ജെ.പി നേതാവുമായ നിബിന്‍ കിഷോര്‍ സിന്‍ഹയുടെ മരണത്തെത്തുടര്‍ന്ന് 2006 ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് പാര്‍ലമെന്ററി ജീവിതം ആരംഭിച്ചത്.
തുടര്‍ന്ന് 2010, 2015, 2020, 2025 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം കരസ്‌ഥമാക്കി. ഇത്തവണ 51,000 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനായിരുന്നു വിജയം