Thursday, March 12, 2026 Last Updated 59 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.32 PM

'അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല', ഹരിദ്വാറിലെ ഹര്‍ കി പൗരിയില്‍ ബോര്‍ഡ്‌ സ്‌ഥാപിച്ചു

uploads/news/2026/01/821497/in1.jpg

ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ കുംഭമേള പ്രദേശം ഒരു ഹിന്ദുക്കള്‍ക്ക്‌ മാത്രമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യം. അവിടത്തെ എല്ലാ ആരാധനാലയങ്ങളിലേക്കും ഗംഗാ ഘട്ടുകളിലേക്കും അഹിന്ദുക്കളുടെ പ്രവേശനം നിയന്ത്രിക്കണമെന്നാണ്‌ ആവശ്യം.
ഹര്‍ കി പൗരിയില്‍ 'ഹിന്ദുവല്ലാത്തവര്‍ക്ക്‌ പ്രവേശനമില്ല' എന്ന ബോര്‍ഡുകള്‍ സ്‌ഥാപിച്ചു. ഹര്‍ കി പൗരിയും അതിനോടനുബന്ധിച്ചുള്ള ഘട്ടുകളും കൈകാര്യം ചെയ്യുന്നതും പരിപാലിക്കുന്നതുമായ ഗംഗാ സഭയാണ്‌ പ്രവേശന കവാടങ്ങളില്‍, പാലങ്ങളുടെ കൈവരികളിലും തൂണുകളിലുമെല്ലാം ഈ ബോര്‍ഡുകള്‍ സ്‌ഥാപിച്ചിരിക്കുന്നത്‌. എങ്കിലും, ഹര്‍ കി പൗരിയുടെ പ്രധാന സ്‌നാന ഘട്ടത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കും 1916 ലെ ഹരിദ്വാര്‍ മുനിസിപ്പല്‍ നിയമപ്രകാരം ഹിന്ദുവല്ലാത്തവര്‍ക്ക്‌ പ്രവേശനമില്ല. മൂന്നു ദിവസം മുന്‍പ്‌, പരമ്പരാഗത അറബ്‌ വസ്‌ത്രങ്ങള്‍ ധരിച്ച രണ്ട്‌ യുവാക്കള്‍ ഹര്‍ കി പൗരിയില്‍ കറങ്ങുന്ന വീഡിയോ വൈറലായിരുന്നു. പിന്നാലെയാണു ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്‌.
എന്നാല്‍, ഈ യുവാക്കള്‍ ഹൈന്ദവരാണെന്നും തങ്ങളുടെ യൂട്യൂബ്‌ ചാനലിന്‌ വേണ്ടി വീഡിയോ എടുക്കാന്‍ വന്നതാണെന്നും പിന്നീട്‌ വ്യക്‌തമായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന 'അര്‍ധ കുംഭമേള'യ്‌ക്ക്‌ മുമ്പായി, ഹരിദ്വാര്‍ കുംഭമേളയുടെ മുഴുവന്‍ പ്രദേശത്തുമുള്ള എല്ലാ ക്ഷേത്രങ്ങളിലേക്കും ഗംഗാ ഘട്ടുകളിലേക്കും ഹിന്ദുവല്ലാത്തവരുടെ പ്രവേശനം നിയന്ത്രിക്കണമെന്ന്‌ സഭ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഉത്തരാഖണ്ഡ്‌ സര്‍ക്കാര്‍ ഈ ആവശ്യം ഗൗരവമായി പരിഗണിക്കുന്നുമുണ്ട്‌. സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരോടും മറ്റ്‌ സംഘടനകളോടും മാധ്യമങ്ങളോടും ഈ പ്രദേശത്ത്‌ ഹിന്ദുവല്ലാത്ത ജീവനക്കാരെ നിയമിക്കരുതെന്നും സഭ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രദേശത്തിന്റെ പരിശുദ്ധിയും വിശുദ്ധിയും നിലനിര്‍ത്താന്‍ ഇത്‌ അത്യാവശ്യമാണെന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു. '1916 ലെ ഹരിദ്വാര്‍ മുനിസിപ്പല്‍ ബൈലോകള്‍ അനുസരിച്ച്‌, ഹര്‍ കി പൗരി പ്രദേശത്തേക്ക്‌ അഹിന്ദുക്കളുടെ പ്രവേശനം പൂര്‍ണമായും നിരോധിച്ചിരിക്കുന്നു.
ഈ ബൈലോയെക്കുറിച്ച്‌ എല്ലാവരെയും അറിയിക്കാനാണ്‌ ഈ ബോര്‍ഡ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌'- ഗംഗാ സഭ പ്രസിഡന്റ്‌ നിതിന്‍ ഗൗതം പറഞ്ഞു. ഹര്‍ കി പൗരി പ്രദേശത്തേക്ക്‌ അഹിന്ദുക്കളുടെ പ്രവേശനം 1916ലെ ബൈലോകള്‍ നിരോധിക്കുന്നുണ്ടെന്ന്‌ ഹരിദ്വാര്‍ മുനിസിപ്പല്‍ കമ്മീഷണര്‍ നന്ദന്‍ കുമാറും സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

Ads by Google
Sunday 18 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW