-->
ഗുവാഹത്തി/ഇംഫാല്‍: മണിപ്പുര്‍ സംഘര്‍ഷകാലത്ത് ക്രൂരപീഡനത്തിന് ഇരയായ യുവതി മൂന്ന് വര്‍ഷത്തെ ചികിത്സയ്‌ക്കുശേഷം മരിച്ചു. ചുരാചന്ദ്‌പുര്‍ ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം.
2023 മേയിലാണു മണിപ്പുര്‍ കലാപം തുടങ്ങിയത്. സംഭവസമയത്ത് 18 വയസായിരുന്നു അവര്‍ക്ക്. ഇംഫാലിലെ ബ്യൂട്ടി സലൂണിലായിരുന്നു ജോലി. 2023 മേയ് 15ന് വൈകിട്ട് ഇംഫാലിലെ ന്യൂ ചെക്കോണ്‍ ഏരിയയിലെ ഒരു എ.ടി.എം കിയോസ്‌കില്‍നിന്നു നാല് പുരുഷന്മാര്‍ ചേര്‍ന്നാണ് അവരെ തട്ടിക്കൊണ്ടുപോയത്. ആദ്യം കൊടിയ മര്‍ദനത്തിന് ഇരയാക്കി.
പിന്നീട് മെയിത്തേയ് വനിതാ സംഘമായ മേരാ പൈബിയിലെ അംഗങ്ങളും ചില പ്രാദേശിക പുരുഷന്മാരും സ്‌ഥലത്തെത്തി യുവതിയെ വീണ്ടും മര്‍ദിച്ചതായി എഫ്.ഐ.ആറിലുണ്ട്.
മേരാ പൈബി അംഗങ്ങള്‍ 'അരംബായ് തെന്‍ഗോള്‍' എന്ന തീവ്ര മെയിത്തേയ് ഗ്രൂപ്പിലെ ചില അംഗങ്ങളെ വിളിച്ചു വരുത്തി യുവതിയെ അവര്‍ക്ക് കൈമാറി.
ഇരയെ കൊല്ലാന്‍ നിര്‍ദേശിച്ചശേഷമായിരുന്നു കൈമാറ്റം. വഴിയില്‍ വച്ചും പിന്നീട് കൊണ്ടുപോയ സ്‌ഥലത്തും യുവതിയെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് മൂന്ന് പേര്‍ യുവതിയെ ബലാത്സംഗം ചെയ്‌തു.
ബലാത്സംഗം ചെയ്‌ത മൂന്ന് പേര്‍ക്കിടയിലും അതിന് കൂട്ടുനിന്നൊരാള്‍ക്കിടയിലും യുവതിയെ കൊല്ലണമോ വേണ്ടയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിനിടയില്‍, അവര്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് ഇര മലഞ്ചെരിവിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. താഴെയെത്തിയ യുവതിക്ക് റോഡിലെത്തി ഒരു ഓട്ടോറിക്ഷ ൈഡ്രവറുടെ സഹായം തേടാന്‍ കഴിഞ്ഞു.
അയാള്‍ അവരെ ആദ്യം ബിഷന്‍പുര്‍ പോലീസ് സ്‌റ്റേഷനിലും പിന്നീട് അതേ രാത്രി ഇംഫാലിലും എത്തിച്ചു. അവിടെ നിന്ന് 2023 മേയ് 16ന് പുലര്‍ച്ചെ കാങ്‌പോക്‌പി ജില്ലയിലേക്ക് (കുക്കി ഭൂരിപക്ഷ ജില്ല) യുവതി രക്ഷപ്പെട്ടു.
സംഭവത്തിനു ശേഷം അവര്‍ നാഗാലാന്‍ഡിലെയും അസമിലെയും മാണിപ്പൂരിലെയും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പീഡനത്തെ തുടര്‍ന്നുണ്ടായ ഗര്‍ഭാശയ ഫൈബ്രോയിഡും അനുബന്ധമായ മറ്റ് പ്രശ്‌നങ്ങളുമാണ് അവരുടെ ജീവനു ഭീഷണിയായത്.
ശാരീരിക പരുക്കുകള്‍ക്ക് പുറമേ, യുവതി കടുത്ത വിഷാദത്തിനും മാനസികാഘാതത്തിനും അടിമയായിരുന്നെന്നും കുടുംബം അറിയിച്ചു. കേസ് സി.ബി.ഐക്ക് കൈമാറിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.
കാങ്‌പോക്‌പി ജില്ലാ ഭരണകൂടം വഴി തങ്ങള്‍ക്കു സാമ്പത്തിക സഹായം ലഭിച്ചതായി കുടുംബം അറിയിച്ചു.
മണിപ്പുര്‍ സംഘര്‍ഷങ്ങളില്‍ ഇരു വിഭാഗങ്ങളിലുമായി 260ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും 60,000ല്‍ അധികം ആളുകള്‍ക്ക് വീട് നഷ്‌ടപ്പെടുകയും ചെയ്‌തു.