Friday, March 13, 2026 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 11.30 PM

ന്യൂസിലന്‍ഡിന്‌ ഏകദിന പരമ്പര

uploads/news/2026/01/821479/sp1.jpg

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ന്യൂസിലന്‍ഡിന്‌. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 41 റണ്ണിനു ജയിച്ചതോടെയാണ്‌ ന്യൂസിലന്‍ഡ്‌ 2-1 നു പരമ്പര നേടിയത്‌.
ഇന്ത്യയില്‍ ആദ്യമായാണു ന്യൂസിലന്‍ഡ്‌ ദ്വിരാഷ്‌ട്ര ഏകദിന പരമ്പര നേടുന്നത്‌. കഴിഞ്ഞ പര്യടനത്തില്‍ അവര്‍ ഇന്ത്യയില്‍ ആദ്യമായി ടെസ്‌റ്റ് പരമ്പരയും നേടി. ഇന്‍ഡോറിലെ റണ്ണൊഴുകും പിച്ചില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ എട്ട്‌ വിക്കറ്റിന്‌ 337 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 46-ാം ഓവറില്‍ 296 റണ്ണിന്‌ ഓള്‍ഔട്ടായി. ടോസ്‌ നേടിയ നായകന്‍ ശുഭ്‌മന്‍ ഗില്‍ ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. 2022 നു ശേഷം ആദ്യമായാണ്‌ ഇന്ത്യ നാട്ടിലെ ഒരു ഏകദിനത്തില്‍ ടോസ്‌ നേടിയ ശേഷം തോല്‍ക്കുന്നത്‌്.
ഇന്ത്യക്ക്‌ മുന്‍ നായകന്‍ വിരാട്‌ കോഹ്ലിയുടെ സെഞ്ചുറി (108 പന്തില്‍ മൂന്ന്‌ സിക്‌സറും 10 ഫോറുമടക്കം 124) കരുത്തായിരുന്നു. ഓള്‍റൗണ്ടര്‍ നിതീഷ്‌ കുമാര്‍ റെഡ്‌ഡി (57 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമക്കം 53), പേസര്‍ ഹര്‍ഷിത്‌ റാണ (43 പന്തില്‍ നാല്‌ സിക്‌സറും നാല്‌ ഫോറുമടക്കം 52) എന്നിവരുടെ അര്‍ധ സെഞ്ചുറികളും മത്സരം ആവേശകരമാക്കി. സാക്‌ ഫോക്‌സ് എറിഞ്ഞ 44-ാം ഓവറില്‍ റാണയും മുഹമ്മദ്‌ സിറാജും (0) അടുത്തടുത്ത പന്തുകളില്‍ പുറത്തായതു തിരിച്ചടിയായി. ക്രിസ്‌റ്റ്യന്‍ ക്ലാര്‍ക്കിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച വിരാട്‌ കോഹ്ലിയെ ഡാരില്‍ മിച്ചല്‍ കൈക്കുള്ളിലാക്കിയതോടെ ഇന്ത്യയുടെ വിധിയായി. അവസാന പന്തില്‍ കുല്‍ദീപ്‌ യാദവും (അഞ്ച്‌) റണ്ണൗട്ടായി.
ഡാരില്‍ മിച്ചല്‍ (131 പന്തില്‍ മൂന്ന്‌ സിക്‌സറും 15 ഫോറുമടക്കം 137), ഗ്ലെന്‍ ഫിലിപ്‌സ് (88 പന്തില്‍ മൂന്ന്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 106) എന്നിവരുടെ സെഞ്ചുറികളാണ്‌ സന്ദര്‍ശകരെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌. മിച്ചലിന്റെ ഏകദിനത്തിലെ ഒന്‍പതാം സെഞ്ചുറിയും ഫിലിപ്‌സിന്റെ രണ്ടാം സെഞ്ചുറിയുമാണ്‌ ഇന്‍ഡോറില്‍ പിറന്നത്‌. അര്‍ഷദീപ്‌ സിങ്‌ എറിഞ്ഞ കളിയിലെ ആദ്യ ഓവറില്‍ തന്നെ ഹെന്റി നികോള്‍സ്‌ (0) പുറത്തായി. വൈകാതെ ഓപ്പണര്‍ ഡെവണ്‍ കോണ്‍വേയെ (അഞ്ച്‌) ഹര്‍ഷിത്‌ റാണയും പുറത്താക്കി. വില്‍ യങിനെയും (30) റാണ പുറത്താക്കിയതോടെ ന്യൂസിലന്‍ഡ്‌ പരുങ്ങി. നാലാം വിക്കറ്റില്‍ മിച്ചലും ഫിലിപ്‌സും ചേര്‍ന്ന്‌ 186 പന്തില്‍ 219 റണ്‍ കൂട്ടുകെട്ട്‌ പടുത്തുയര്‍ത്തി. ഇന്ത്യക്കെതിരേ ന്യൂസിലന്‍ഡ്‌ നേടുന്ന രണ്ടാമത്തെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്‌. 65 പന്തില്‍ 50 കടന്ന കൂട്ടുകെട്ട്‌ 105 പന്തിലാണു നൂറിലെത്തിയത്‌. തുടരെ രണ്ടാം സെഞ്ചുറിക്കായി മിച്ചല്‍ നേരിട്ടത്‌ 106 പന്തുകള്‍. 83 പന്തുകള്‍ നേരിട്ടാണു ഫിലിപ്‌സ് സെഞ്ചുറിയടിച്ചത്‌. 13-ാം ഓവറില്‍ ഒന്നിച്ച ജോഡി 42-ാം ഓവറിലാണു പിരിഞ്ഞത്‌. മിച്ചലിനെ മുഹമ്മദ്‌ സിറാജും ഫിലിപ്‌സിനെ അര്‍ഷ്‌ദീപ്‌ സിങ്ങും പുറത്താക്കി. നായകന്‍ മൈക്കിള്‍ ബ്രേസ്‌വെല്‍ 18 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 28 റണ്ണുമായി പുറത്താകാതെനിന്നു. വിക്കറ്റ്‌ കീപ്പര്‍ മിച്ചല്‍ ഹയ്‌ (രണ്ട്‌), സകരി ഫോള്‍ക്‌സ്‌ (10), ക്രിസ്‌റ്റ്യന്‍ക്ല ാര്‍ക്ക്‌ (11) എന്നിവരും പുറത്തായി. ഹര്‍ഷിത്‌ റാണ പത്തോവറില്‍ 84 റണ്‍ വഴങ്ങിയും അര്‍ഷ്‌ദീപ്‌ 63 റണ്‍ വഴങ്ങിയും മൂന്ന്‌ വിക്കറ്റെടുത്തു. സിറാജ്‌ പത്തോവറില്‍ 43 റണ്‍ വഴങ്ങിയും കുല്‍ദീപ്‌ യാദവ്‌ ആറ്‌ ഓവറില്‍ 48 റണ്‍ വഴങ്ങിയും ഒരു വിക്കറ്റ്‌ വീതമെടുത്തു. ഇന്ത്യക്ക്‌ ഓപ്പണര്‍മാരായ രോഹിത്‌ ശര്‍മ (13 പന്തില്‍ 11), നായകന്‍ ശുഭ്‌മന്‍ ഗില്‍ (18 പന്തില്‍ 23) മികച്ച തുടക്കം നല്‍കുന്നതില്‍ പാളി. ഗില്ലിനെ കെയ്‌ല്‍ ജാമിസണും രോഹിതിനെ ഫോക്‌സും പുറത്താക്കി. ശ്രേയസ്‌ അയ്യരും (മൂന്ന്‌) നിലയുറപ്പിക്കും മുമ്പ്‌ ക്ലാര്‍ക്കിന്റെ പന്തില്‍ മടങ്ങി. ലോകേഷ്‌ രാഹുലും (ഒന്ന്‌) മടങ്ങിയതോടെ ഇന്ത്യ പതുങ്ങി. ജായ്‌ഡന്‍ ലെനക്‌സാണു രാഹുലിനെ പുറത്താക്കിയത്‌.
കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറികളടിച്ച നിതീഷ്‌ കുമാറും ഹര്‍ഷിത്‌ റാണയുമാണ്‌ കോഹ്ലിക്കൊപ്പം നിന്നത്‌. കോഹ്ലി 51 പന്തില്‍ അര്‍ധ സെഞ്ചുറിയും 91 പന്തില്‍ നൂറും കടന്നു. താരത്തിന്റെ 85-ാം സെഞ്ചുറിയാണിത്‌. നിതീഷ്‌ കുമാറിനെ ക്ലാര്‍ക്കാണു പുറത്താക്കിയത്‌. ന്യൂസിലന്‍ഡിനായി സാക്‌ ഫോക്‌സും ക്രിസ്‌റ്റ്യന്‍ ക്ലാര്‍ക്കും മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്തു. ജായ്‌ഡന്‍ ലെനക്‌സ് രണ്ട്‌ വിക്കറ്റും ജാമിസണ്‍ ഒരു വിക്കറ്റുമെടുത്തു. മിച്ചലാണു മത്സരത്തിലെയും പരമ്പരയിലെയും താരം.

Ads by Google
Sunday 18 Jan 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW