-->
ബുലവായോ: ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര പോര് കളിക്കളത്തിലേക്കും. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് മത്സര വേദിയിലും ഈ പോര് പ്രകടമായി. അണ്ടര്‍ 19 ലോകകപ്പിലെ മത്സരത്തിനു മുന്നോടിയായി നടന്ന ടോസ് സമയത്ത് ഇന്ത്യന്‍ നായകന്‍ ആയുഷ് എംഹാത്രെയും ബംഗ്ലാദേശ് ഉപനായകന്‍ സവാദ് അബ്രാറും പരസ്‌പരമുള്ള ഹസ്‌തദാനം ഒഴിവാക്കി. നായകന്‍ അസീസുള്‍ ഹക്കീം തമീമിനു പകരം ഉപ നായകനെയാണ് ബംഗ്ലാദേശ് ടോസിടാന്‍ നിയോഗിച്ചത്.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഏഷ്യാ കപ്പിലൂം പിന്നീട് വനിതാ ക്രിക്കറ്റ് ലോകകപ്പിലും അണ്ടര്‍ 19 ഏഷ്യ കപ്പിലും ഇന്ത്യന്‍ ടീം പാകിസ്‌താന്‍ താരങ്ങള്‍ ഹസ്‌തദാനം നല്‍കാത്തതു വിവാദമായി.
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയുടെ പശ്‌ചാത്തലത്തിലാണ് കളിക്കളത്തിലെ സൗഹൃദം ഇന്ത്യ ഉപേക്ഷിച്ചത്. പിന്നാലെയാണ് ബംഗ്ലാദേശിനോടും ഇന്ത്യ സമാന സമീപനം സ്വീകരിക്കുന്നത്. ബംഗ്ലാ പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഐ.പി.എല്‍. ക്രിക്കറ്റില്‍നിന്ന് ഒഴിവാക്കിയതോടെയാണ് ക്രിക്കറ്റിലും സംഘര്‍ഷം ആരംഭിച്ചത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ മുസ്‌താഫിസുറിനെ ടീമിലെടുത്തതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായതോടെ ബി.സി.സി.ഐ. ഇടപെട്ടാണ് മുസ്‌തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്. പിന്നാലെ ബംഗ്ലാദേശില്‍ ഐ.പി.എല്‍. സംപ്രേക്ഷണം വിലക്കുകയും ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്‌തമാക്കി.