-->
നവി മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരേ നടന്ന ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ 22 റണ്ണിന്റെ ജയവുമായി യു.പി. വാറിയേഴ്‌സ്.
ആദ്യം ബാറ്റ് ചെയ്‌ത യു.പി. വാറിയേഴ്‌സ് എട്ട് വിക്കറ്റിന് 187 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റിന് 165 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായിക ഹര്‍മന്‍പ്രീത് കൗര്‍ യു.പിയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നികോള ക്യാരി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ കിരണ്‍ നാവ്‌ഗിറെ (0) പുറത്തായി. പക്ഷേ മുംബൈയുടെ കണക്ക് തെറ്റിച്ച് നായികയും ഓപ്പണറുമായ മെഗ് ലാന്നിങും (45 പന്തില്‍ രണ്ട് സിക്‌സറും 11 ഫോറുമടക്കം 70) ഫോബി ലിച്‌ഫീല്‍ഡും (37 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 61) ചേര്‍ന്നു സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി.
രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 32 പന്തില്‍ 50 റണ്ണും 69 പന്തില്‍ നൂറുമെടുത്തു. ലാന്നിങ് 35 പന്തിലും ലിച്‌ഫീല്‍ഡ് 33 പന്തിലും അര്‍ധ സെഞ്ചുറിയടിച്ചു. ഫോബിയെ പുറത്താക്കി അമന്‍ജ്യോത് കൗറാണു കൂട്ടുകെട്ട് പൊളിച്ചത്. ഹര്‍ലീന്‍ ഡിയോള്‍ (16 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 25), ചോലെ ട്രൈയോണ്‍ (13 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 21) എന്നിവരും വെടിക്കെട്ടായി. ലാന്നിങിനെ ഹെയ്‌ലി മാത്യൂസ് പുറത്താക്കി. മലയാളി താരം സജീവന്‍ സജനയും (ആറ് പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 10) ഹെയ്‌ലി മാത്യൂസും (13 പന്തില്‍ 13) ചേര്‍ന്നാണ് മുംബൈയുടെ ഇന്നിങ്‌സ് തുടങ്ങിയത്‌്. സജനയെ വിക്കറ്റിനു മുന്നില്‍ കുടുക്കി ക്രാന്തി ഗൗഡാണു കൂട്ടുകെട്ട് പൊളിച്ചത്. മാത്യൂസിനെ സോഫി എക്‌സല്‍സ്‌റ്റോണ്‍ സ്വന്തം ബൗളിങില്‍ പിടികൂടി. നാറ്റ് ഷീവര്‍ ബ്രണ്ട് (15), നായിക ഹര്‍മന്‍പ്രീത് കൗര്‍ (21 പന്തില്‍ 18), നികോള ക്യാരി (ആറ്) എന്നിവര്‍ പൊരുതാതെ മടങ്ങി. അമേലിയ കെറും (28 പന്തില്‍ ഒരു സിക്‌സറും ആറ് ഫോറുമടക്കം പുറത്താകാതെ 49) അമന്‍ജ്യോത് കൗറും (24 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമടക്കം 41) പൊരുതിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. യു.പിക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റും ക്രാന്തി ഗൗഡ്, സോഫി എക്‌സല്‍സ്‌റ്റോണ്‍, ദീപ്‌തി ശര്‍മ, ചോലെ ട്രൈയോണ്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. രണ്ട് ഓവറില്‍ 17 റണ്‍ വിട്ടുകൊടുത്ത മലയാളി താരം ആശാ ശോഭനയ്‌ക്ക് വിക്കറ്റെടുക്കാനായില്ല.