-->
ഇന്‍ഡോര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. 1-1 നു തുല്യനിലയിലായതിനാല്‍ ഇന്നു ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. ന്യൂസിലന്‍ഡ് ഇന്ത്യയില്‍ ഇതുവരെ 16 തവണയാണ് ഏകദിനം കളിക്കാനെത്തിയത്.
അതില്‍ നാല് ലോകകപ്പ് മത്സരങ്ങളും ഒരു ചാമ്പ്യന്‍സ് ട്രോഫി മത്സരവും ഉള്‍പ്പെടും. ഇതുവരെ ഏകദിന പരമ്പര നേടാന്‍ അവര്‍ക്കായില്ല. മൂന്നു തവണയാണു പരമ്പര ജേതാക്കെ
ള അവസാന മത്സരത്തില്‍ കണ്ടെത്തിയത്. 1995, 2016, 2017 സീസണുകളിലെ പരമ്പരകളിലാണിത്. കഴിഞ്ഞ പര്യടനത്തിലെ ടെസ്‌റ്റ് പരമ്പര ന്യൂസിലന്‍ഡ് 3-0 ത്തിനു സ്വന്തമാക്കിയിരുന്നു. ഏകദിനത്തിലും പരമ്പര നേട്ട ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍.
ഹോല്‍ക്കര്‍ സ്‌റ്റേഡിയത്തിലെ പിച്ച് പരമ്പരാഗതമായി ബാറ്റര്‍മാര്‍ക്ക് അനുകൂലമാണ്. 14 വര്‍ഷം മുമ്പ് വീരേന്ദര്‍ സേവാഗ് ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയടിച്ചത് (219) ഇതേ വേദിയിലാണ്. ഇവിടെ അവസാനം നടന്ന രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യ യഥാക്രമം 399 റണ്ണും 385 റണ്ണുമെടുത്തു. മൂന്ന് വര്‍ഷം മുമ്പ് ന്യൂസിലന്‍ഡിനെതിരേയായിരുന്നു 385 റണ്ണെടുത്തത്. ഇന്‍ഡോറില്‍ ക്രിക്കറ്റിനു പറ്റിയ കാലാവസ്‌ഥയുമാണ്. ഇന്‍ഡോറിന്റെ സ്വന്തം രവീന്ദ്ര ജഡേജയ്‌ക്ക് ഇവിടെ പത്ത് വര്‍ഷം മുമ്പാണ് അര്‍ധ സെഞ്ചുറയടിക്കാനായത്.
ഇന്ത്യന്‍ നായകന്‍ ശുഭ്‌മന്‍ ഗില്ലിന് ഏകദിനത്തില്‍ 3000 തികയ്‌ക്കാന്‍ 70 റണ്‍ കൂടി വേണം. 60 ഏകദിനങ്ങളിലായി 2930 റണ്ണെടുക്കാന്‍ ഗില്ലിനായി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3009 റണ്ണെടുക്കുന്ന രണ്ടാമനെന്ന നേട്ടമാണു താരത്തെ കാത്തിരിക്കുന്നത്. 57 ഇന്നിങ്‌സുകളിലായി 3000 റണ്ണെടുത്ത ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം ആംലയാണ് ഒന്നാമന്‍. 53 ഇന്നിങ്‌സുകളിലായി 2553 റണ്ണെടുത്ത ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലിന് ഹാഷിം ആംലയുടെ റെക്കോഡ് തകര്‍ക്കാന്‍ അവസരമുണ്ട്. നിര്‍ണായക മത്സരമായതിനാല്‍ ഇരുടീമുകളും പ്ലേയിങ് ഇലവനെ കുറിച്ചു തല പുകയ്‌ക്കുകയാണ്. ഓഫ് സ്‌പിന്‍ ഔള്‍റൗണ്ടര്‍ ആയുഷ് ബദോനിക്ക് അരങ്ങേറാനുള്ള അവസരം നല്‍കുകയാണോ നിതീഷ് കുമാര്‍ റെഡ്‌ഡിയെ തുടര്‍ന്നു കളിപ്പിക്കുകയാണോ ചെയ്യുകയെന്ന് ഇന്നറിയാം. ഹോല്‍ക്കറിലെ ചെറിയ ബൗണ്ടറികളാണ് ആയുഷിന്റെ ഓഫ് ബ്രേക്കുകള്‍ക്കു വെല്ലുവിളി. മൂന്നാം പേസറായി അര്‍ഷദീപ് സിങ് എത്താനും പ്രസിദ്ധ കൃഷ്‌ണയെ നിലനിര്‍ത്താനും സാധ്യതയുണ്ട്. രാജ്‌കോട്ടില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇടംകൈയന്‍ സ്‌പിന്നര്‍ ജായ്‌ഡന്‍ ലെനക്‌സിനെ ന്യൂസിലന്‍ഡ് നിലനിര്‍ത്താനാണു സാധ്യത. ലെഗ് സ്‌പിന്നര്‍ ആദിത്യ അശോകിന് ഒരവസരം നല്‍കാനാണു താല്‍പര്യമെങ്കില്‍ ലെനക്‌സ് പുറത്തിരിക്കും.
സാധ്യതാ ടീം: ഇന്ത്യ - ശുഭ്‌മന്‍ ഗില്‍ (നാകയന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, നിതീഷ് കുമാര്‍ റെഡ്‌ഡി/ആയുഷ് ബദോനി, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, പ്രസിദ്ധ കൃഷ്‌ണ/ അര്‍ഷദീപ് സിങ്, മുഹമ്മദ് സിറാജ്.
സാധ്യതാ ടീം: ന്യൂസിലന്‍ഡ്- ഡെവണ്‍ കോണ്‍വേ, ഹെന്റി നികോള്‍സ്, വില്‍ യങ്, ഡാരില്‍ മിച്ചല്‍, മിച്ചല്‍ ഹേ, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ബ്രേസ്‌വെല്‍ (നായകന്‍), ക്രിസ്‌റ്റ്യന്‍ ക്ലാര്‍ക്ക്, കെയ്‌ല്‍ ജാമിസണ്‍, സാക് ഫോക്‌സ്, ആദിത്യ അശോക്/ജായ്‌ഡന്‍ ലനക്‌സ്.