-->
ന്യൂഡല്‍ഹി: തീരുവ യുദ്ധത്തില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യ. അമേരിക്കന്‍ മഞ്ഞക്കടലയ്‌ക്ക് മേല്‍ 30% ഇറക്കുമതി തീരുവയാണ് ഇന്ത്യ ചുമത്തിയത്. തീരുവ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 30ന് പ്രഖ്യാപിക്കുകയും നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്‌തു. എന്നാല്‍, ഇക്കാര്യത്തില്‍ അമേരിക്ക ചെയ്‌തപോലെ പരസ്യ പ്രഖ്യാപനം ഉണ്ടായില്ല.
റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ കെവിന്‍ ക്രാമര്‍ (നോര്‍ത്ത് ഡാക്ക) സ്‌റ്റീവ് ഡെയ്‌നെസ് (മോണ്ടാന) എന്നിവര്‍ വെള്ളിയാഴ്‌ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കത്തയച്ചതിന് ശേഷമാണ് ഇന്ത്യയുടെ താരിഫ് വീണ്ടും ചര്‍ച്ചയായത്. 'അനീതിപരമായ' തീരുവ പിന്‍വലിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. നോര്‍ത്ത് ഡാക്ക, മോണ്ടാന പോലുള്ള യുഎസ് കാര്‍ഷിക സംസ്‌ഥാനങ്ങള്‍ക്ക് ഇന്ത്യ ചുമത്തിയ തീരുവ തിരിച്ചടിയാകും. ഈ സംസ്‌ഥാനങ്ങളാണ് കടലയും മറ്റ് പയറുവര്‍ഗ്ഗങ്ങളും പ്രധാനമായി ഉത്‌പാദിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പയറുവര്‍ഗ ഉപഭോക്‌താവാണ് ഇന്ത്യ. ആഗോള ഉപഭോഗത്തിന്റെ ഏകദേശം 27% വരും ഇത്. യു.എസ്- ഇന്ത്യ സമഗ്ര വ്യാപാര കരാര്‍ ഇതുവരെ ഫലവത്താകാത്ത സാഹചര്യത്തില്‍, കടല തര്‍ക്കം കൂടുതല്‍ സങ്കീര്‍ണത സൃഷ്‌ടിക്കാന്‍ സാധ്യതയുണ്ട്.