Thursday, March 12, 2026 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 11.34 PM

മുംബൈ ഭരണം: പ്രതിപക്ഷം ഒന്നിച്ചാല്‍ എട്ട്‌ സീറ്റ്‌ അകലെ

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ കോര്‍പറേഷ(ബി.എം.സി)ന്റെ ഭരണം താക്കറെ കുടുംബത്തില്‍നിന്നു ബി.ജെ.പി-ശിവസേന (ഷിന്‍ഡെ)) സഖ്യം പിടിച്ചെടുത്തതിനു പിന്നാലെ, വന്‍നഗരത്തില്‍ വീണ്ടും 'റിസോര്‍ട്ട്‌' രാഷ്‌ട്രീയം. ഭിന്നതകള്‍ മറന്ന്‌ പ്രതിപക്ഷം ഒന്നിച്ചാല്‍ കോര്‍പറേഷന്റെ ഭരണം ബി.ജെ.പി-ശിവസേന (ഷിന്‍ഡെ) സഖ്യത്തില്‍നിന്നു പിടിച്ചെടുക്കാന്‍ എട്ട്‌ സീറ്റിന്റെ കുറവ്‌ മാത്രമാണുള്ളത്‌. അതുകൊണ്ടുതന്നെ, ചാക്കിട്ടുപിടിത്തം തടയാന്‍ ഉപമുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ വാര്‍ഡ്‌ കൗണ്‍സിലര്‍മാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റിത്തുടങ്ങി.
227 വാര്‍ഡുകളുള്ള ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ (ബി.എം.സി) 114 സീറ്റുകളാണ്‌ ഭരണമുറപ്പിക്കാന്‍ വേണ്ടത്‌. ബി.ജെ.പിക്കും (89) ശിവസേന ഷിന്‍ഡെ വിഭാഗത്തിനും (29) കൂടി 118 സീറ്റുകളുണ്ട്‌. ഭരണമുന്നണിയിലാണെങ്കിലും ഒറ്റയ്‌ക്ക് മത്സരിച്ച ഉപമുഖ്യമന്ത്രി അജിത്‌ പവാറിന്റെ എന്‍.സി.പിക്ക്‌ മൂന്ന്‌ സീറ്റുണ്ട്‌. പ്രതിപക്ഷത്ത്‌ ഒന്നിച്ച്‌ മത്സരിച്ച ശിവസേന (ഉദ്ധവ്‌ താക്കറെ) 65 വാര്‍ഡിലും മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്‌) ആറ്‌ വാര്‍ഡിലും എന്‍.സി.പി. (ശരദ്‌ പവാര്‍) ഒരു വാര്‍ഡിലും ജയിച്ചു. ആകെ അംഗബലം 72. പ്രതിപക്ഷത്തുനിന്ന്‌ ഒറ്റയ്‌ക്കൊറ്റയ്‌ക്കു മത്സരിച്ച കക്ഷികളില്‍ കോണ്‍ഗ്രസ്‌-24, എ.ഐ.എം.ഐ.എം- എട്ട്‌, സമാജ്‌വാദി പാര്‍ട്ടി- രണ്ട്‌ എന്നിങ്ങനെയാണ്‌ കക്ഷിനില.
ബി.ജെ.പി-ശിവസേന (ഷിന്‍ഡെ) സഖ്യത്തെ മുംബൈ കോര്‍പറേഷന്‍ ഭരണത്തില്‍നിന്ന്‌ അകറ്റിനിര്‍ത്താന്‍ പ്രതിപക്ഷം നീക്കം നടത്തിയാല്‍ അവരുടെ അംഗബലം 106 ആയി ഉയരും. അതായത്‌ ഭൂരിപക്ഷത്തിനു വേണ്ടതിനേക്കാള്‍ എട്ട്‌ സീറ്റിന്റെ മാത്രം കുറവ്‌. ഈ സാഹചര്യത്തിലാണ്‌ കൂറുമാറ്റസാധ്യത തടയാന്‍ ശിവസേന (ഷിന്‍ഡെ) കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്കു മാറ്റിയത്‌. മേയര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി വിലപേശുന്നതും ഷിന്‍ഡെയുടെ ലക്ഷ്യമാണെന്നു വിലയിരുത്തപ്പെടുന്നു.
അംഗബലത്തില്‍ ബി.ജെ.പി. ബഹുദൂരം മുന്നില്‍ കോര്‍പറേഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും സഖ്യത്തിന്റെ വിജയശില്‍പ്പിയെന്ന നിലയില്‍ മേയര്‍ സ്‌ഥാനം ശിവസേന (ഷിന്‍ഡെ) ആഗ്രഹിക്കുന്നു. പതിറ്റാണ്ടായി ബി.എം.സി. മേയര്‍ പദവി ശിവസേന താക്കറെ വിഭാഗത്തിന്റെ കൈവശമായിരുന്നതിനാല്‍ അത്‌ നേടിയെടുക്കുന്നതു ശിവസേന ഷിന്‍ഡെ വിഭാഗത്തിനു മധുരപ്രതികാരം കൂടിയാണ്‌. മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ ബി.ജെ.പി. മേല്‍ക്കൈ നേടുന്നതിനു മുമ്പ്‌, കാല്‍നൂറ്റാണ്ടോളം മുംബൈ മേയര്‍ പദവി അവിഭക്‌ത ശിവസേനയുടെ കുത്തകയായിരുന്നു. മേയര്‍ പദവിയുടെ കാര്യത്തില്‍ ബി.ജെ.പിയുമായി വിട്ടുവീഴ്‌ച വേണ്ടെന്ന സമ്മര്‍ദം സ്വന്തം കൗണ്‍സിലര്‍മാരില്‍നിന്നു ഷിന്‍ഡെ നേരിടുന്നുണ്ട്‌.
ഈ മാസം അവസാനത്തോടെയാകും മുംബൈ മേയര്‍ തെരഞ്ഞെടുപ്പ്‌. അടുത്ത ആഴ്‌ച നഗരവികസന വകുപ്പ്‌ മേയര്‍ സ്‌ഥാനത്തെ സംവരണത്തിനായി(ജനറല്‍, വനിതാ, പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയവ) നറുക്കെടുപ്പ്‌ നടത്തും.
മേയറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ്‌ ഈ നടപടിക്രമം പൂര്‍ത്തിയാക്കി കൃത്യം 10 ദിവസത്തിന്‌ ശേഷം നടക്കും.

Ads by Google
Saturday 17 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW