-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് മനോജ് കെ ജയനും ഉര്‍വശിയും. വേര്‍പിരിഞ്ഞെങ്കിലും മകളുടെ കാര്യങ്ങള്‍ക്കായി ഇരുവരും ഒന്നിച്ചെത്താറുണ്ട്. അച്ഛനും അമ്മയ്ക്കും പിന്നാലെയായി മകളും സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ്. നായികയായാണ് കുഞ്ഞാറ്റയെന്ന് തേജാലക്ഷ്മിയുടെ രംഗപ്രവേശനം. പഠനം കഴിഞ്ഞ് ഒരു വര്‍ഷം ജോലി ചെയ്തതിന് ശേഷമാണ് കുഞ്ഞാറ്റ അഭിനയിക്കാന്‍ ഇങ്ങുന്നത്.
മകളുടെ സിനിമാപ്രവേശനത്തിന് പിന്തുണ അറിയിച്ച് മനോജ് കെ ജയനും എത്തിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി കുഞ്ഞാറ്റയും വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ട്.തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള കുഞ്ഞാറ്റയുടെ പോസ്റ്റ് വൈറലായിരുന്നു. ഇപ്പോഴിതാ മനോജ് കെ ജയനും അതേക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. ഉലകനായകന്‍ കമല്‍ഹാസനുമായുള്ള കൂടിക്കാഴ്ചയുടെ വിശേഷങ്ങളായിരുന്നു കുഞ്ഞാറ്റ പങ്കിട്ടത്. പോസ്റ്റിന് താഴെയും മനോജ് കെ ജയന്‍ കമന്റ് ചെയ്തിരുന്നു. അച്ഛന്റെ പോസ്റ്റിന് മറുപടിയുമായും കുഞ്ഞാറ്റ എത്തിയിരുന്നു.
പഞ്ചതന്ത്രം എന്ന സിനിമയുടെ സെറ്റില്‍ അമ്മയോടൊപ്പം ഞാനുമുണ്ടായിരുന്നു. പൊതുവെ അങ്ങനെ വാശിയൊന്നുമില്ലാത്ത കുഞ്ഞായിരുന്നു ഞാന്‍ എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. എപ്പോഴെങ്കിലും ഞാന്‍ കരഞ്ഞാല്‍ എന്നെ എടുക്കാന്‍ കമല്‍ സാര്‍ വരുമായിരുന്നു. എനിക്കിഷ്ടപ്പെട്ട പലഹാരങ്ങളൊക്കെ തന്ന് അദ്ദേഹം എന്റെ കരച്ചില്‍ മാറ്റുമായിരുന്നു. ഓര്‍മ്മയില്ലാത്ത പ്രായത്തിലാണെങ്കിലും ഈ കഥകളൊക്കെ കേട്ടാണ് ഞാന്‍ വളര്‍ന്നുവന്നത്. 2025 സൈമ അവാര്‍ഡ്‌സിന്റെ വേദിയില്‍ അമ്മയ്‌ക്കൊപ്പമായി ഞാനുമുണ്ടായിരുന്നു.
അമ്മയുടെ അടുത്തായി കമല്‍ സാര്‍ ഇരിക്കുന്നുണ്ടായിരുന്നു. തിരക്കിലായിരുന്നതിനാല്‍ അമ്മ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താന്‍ മറന്നുപോയിരുന്നു. ഞാനാണെങ്കില്‍ ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തെ നോക്കുന്നുണ്ടായിരുന്നു. എങ്ങനെ പോയി സംസാരിക്കുമെന്നോര്‍ത്തായിരുന്നു ആശങ്ക. എന്തോ തിരക്കിലായിരുന്നതിനാല്‍ അദ്ദേഹം പെട്ടെന്ന് പോവുകയായിരുന്നു. അത്ര അടുത്തുണ്ടായിട്ട് പോലും അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. അമ്മയോടും ഈ സങ്കടം പറഞ്ഞിരുന്നു. എന്നെങ്കിലും നമുക്ക് പോയി അദ്ദേഹത്തെ കാണാം എന്ന് അമ്മ പറഞ്ഞിരുന്നു. അത് പെട്ടെന്ന് സംഭവിക്കണേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു ഞാന്‍ എന്ന് കുഞ്ഞാറ്റ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു.
എന്റെ കുഞ്ഞിനെ ചേർത്തുപിടിച്ച് അവളെ അനുഗ്രഹിച്ച, ഭാരതം കണ്ട മഹാപ്രതിഭയ്ക്ക് കമൽ സാറിന് എന്റെ എളിയ ഡെഡിക്കേഷൻ എന്ന ക്യാപ്ഷനോടെയായിരുന്നു മനോജ് കെ ജയന്റെ പോസ്റ്റ്. ‘കണ്ണെ കലൈമാനേ ’എന്ന ഗാനമായിരുന്നു മനോജ് പാടിയത്. അച്ഛന്റെ പോസ്റ്റിന് മറുപടിയുമായും കുഞ്ഞാറ്റ എത്തിയിരുന്നു. ഐ ലവ് യൂ അച്ഛാ എന്നായിരുന്നു കുഞ്ഞാറ്റയുടെ കമന്റ്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.