-->
മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരിയായ നടിയാണ് ഉർവശി. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ ഉര്‍വ്വശിയുടെ അഭിനയമികവ് കണ്ടറിഞ്ഞിട്ടുണ്ട്. താരം വെള്ളിത്തിരയിലെത്തിച്ച കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സന്തോഷിപ്പിച്ചും അനശ്വരമായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഇന്നും അമ്മ വേഷങ്ങളടക്കം ചെയ്ത് വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുകയാണ് ഉര്‍വ്വശി.
അടുത്തിടെ താരത്തിന്റെയും മുന്‍ ഭര്‍ത്താവ് മനോജ് കെ ജയന്റെയും മകളായ തേജാലക്ഷ്മി സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് മുന്നിലെത്തിയിരുന്നു. മകള്‍ തേജാലക്ഷ്മിയുടെ ആദ്യ സിനിമയുടെ പ്രസ്മീറ്റീല്‍ സംസാരിച്ച സമയത്ത്, ഉർവശിയുടെ അനുഗ്രഹം വാങ്ങാൻ മകളോട് പറഞ്ഞെന്നും ഉർവശി മികച്ച നടിയാണെന്നും മനോജ് കെ ജയന്‍ പറഞ്ഞിരുന്നു. വികാരധീനയായി മനോജ് കെ ജയന്‍ സംസാരിച്ചത് അന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചു.
ഇപ്പോഴിതാ മനോജ് കെ ജയന്‍ അന്ന് പറഞ്ഞ വാക്കുകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഉര്‍വ്വശി. ആ സംഭവത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉർവശി. ചില വിഷമങ്ങളും നിരാശയും പറയാതെ പറഞ്ഞ് കൊണ്ടാണ് ഉർവശിയുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്കു മുമ്പും താന്‍ ഇതേ കഴിവോടെ ഇവിടെ ഉണ്ടായിരുന്നുവെന്നും എല്ലാക്കാലത്തും മനോജ് കെ ജയന്‍ അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു എന്നാണ് ഉര്‍വ്വശി പറയുന്നത്.
‘‘ആ വീഡിയോ ഞാൻ കണ്ടിരുന്നു. പക്ഷെ, കുഞ്ഞാറ്റ വരാറുണ്ട്, അത് അവള്‍ എപ്പോഴും വരാറുണ്ട്. പിന്നെ വാർത്താ സമ്മേളനത്തില്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത്.... എല്ലാ കാലത്തും അത് ചിന്തിച്ചിരുന്നു എങ്കില്‍ ഒരുപാട് നഷ്ടങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. കുഞ്ഞാറ്റ ജനിക്കുന്നതിന് എത്രയോ നാളുകള്‍ക്കു മുൻപേ ഞാൻ അഭിനയിച്ചു തുടങ്ങിയതാണ്. അവള്‍ ജനിക്കുന്നതിന് മുൻപും ഞാൻ ഇതേ കഴിവോടെ ഇവിടെ നിൽക്കുന്നുണ്ടായിരുന്നു, ഇപ്പോഴും അങ്ങനെതന്നെ നിൽക്കുന്നു, എല്ലാക്കാലത്തും അദ്ദേഹം അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു. പിന്നെ അന്ന് അങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ...’’ എന്ന് ഇടറുന്ന വാക്കുകളില്‍ ഉര്‍വ്വശി നിര്‍ത്തി. പിന്നീട് ബാക്കി പറയാനാവാതെ ‘നമസ്കാരം, എല്ലാവർക്കും ഓണ ആശംസകള്‍...’ എന്ന് പറഞ്ഞ് നിര്‍ത്തുകയായിരുന്നു താരം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വ്വശി മനസ്സു തുറന്നു സംസാരിച്ചത്.
വാക്കുകള്‍ നഷ്ടപ്പെട്ട് ഇടറുന്ന ശബ്ദത്തോടെ ഉർവശി സംസാരിക്കുന്നത് ഏറ്റെടുക്കുകയാണ് ആരാധകര്‍. ഉർവശിയുടെ ഈ വീഡിയോയെ കുറിച്ച് സോഷ്യല്‍ മീഡിയ ഒട്ടാകെ ചർച്ചകള്‍ നടക്കുന്നുണ്ട്. ഉർവശിയെ അനുകൂലിച്ച് തന്നെ ആണ് ഭൂരിഭാഗം ആളുകളും സംസാരിക്കുന്നത്. ‘മകളെ അടുത്തിരുത്തി മാധ്യമങ്ങളുടെ മുന്നില്‍, ലോകത്തിന് മുന്നില്‍ തന്റെ മുൻഭാര്യ, മകളുടെ അമ്മ ദക്ഷിണേന്ത്യ കണ്ട വെഴ്സറ്റയില്‍ ആക്‌ട്രസ് ആണെന്ന് ഇപ്പോള്‍ അഭിമാനത്തോടെ പറയുന്ന ഇതേ മനുഷ്യൻ തന്നെ ആണ്, ഇതുപോലെ മകളെ അടുത്തിരുത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവരൊരു മദ്യപാനി ആണെന്ന് വിളിച്ച് പറഞ്ഞ് അവരെ അപമാനിച്ചത്, വിട്ടുവീഴ്ചകള്‍ അതിന്റെ യഥാർഥ സമയത്താണ് വേണ്ടത്. സമയവും കാലവും കഴിയുമ്പോള്‍ അതൊരിക്കലും തുന്നിചേർക്കാൻ ആവാത്ത ആഴത്തിലെ മുറിവായിത്തന്നെ നില്‍ക്കും, രണ്ടുപേർക്കും നല്ല വിഷമം ഉണ്ട് പക്ഷേ വിധി ആണെല്ലാം..., കാലം മായ്ക്കാത്ത ആ മുറിവ്, അതേ, ഒരിക്കല്‍ അപമാനിച്ച മുൻഭർത്താവ് ഇന്ന് അംഗീകരിക്കുമ്പോള്‍ അതേക്കുറിച്ച് അവർക്കൊന്നും കൂടുതല്‍ പറയാനില്ലാത്തത് കൊണ്ടാണ് അവർ ആ നമസ്കാരം കൊണ്ട് അത് അവസാനിപ്പിച്ചത്...പിരിഞ്ഞുപോയെന്നു കരുതിയ ഇരുവരും ഒരുപോലെ കരയുന്നു..തൊണ്ടയിടറുന്നു... അതാണ് സ്നേഹം...’ എന്നതടക്കമാണ് കമന്റുകള്‍.
കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി അഭിനയത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് ഉർവശിയുടെ മുന്‍ഭർത്താവും നടനുമായ മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് സംസാരിച്ചത്. തേജാലക്ഷ്മി സിനിമയിലേക്ക് എത്തുന്നതിന്റെ ഭാഗമായി നടത്തിയ മാധ്യമ പ്രസ് മീറ്റിംഗില്‍ ഉര്‍വ്വശിയെക്കുറിച്ച് പറഞ്ഞപ്പോള്‍ താരം വളരെ വികാരാധീനനായി. മകള്‍ സിനിമയിലേക്ക് വരും മുൻപ് അമ്മയുടെ അനുഗ്രഹം വാങ്ങണമെന്ന് താൻ പറഞ്ഞിട്ടുണ്ട് എന്നും, അവളുടെ അമ്മ ഉർവശി ഒരു വെഴ്സറ്റയില്‍ ആക്‌ട്രസ്സ് ആണ് എന്നുമായിരുന്നു മനോജ് കെ ജയൻ പറഞ്ഞത്. മകളുടെ സിനിമാ രങ്ങേറ്റങ്ങളുമായി ബന്ധപ്പെട്ട് മുൻപും പല വേദികളിലും മനോജ് കെ ജയൻ ഉർവശിയെ കുറിച്ച് ഇങ്ങനെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്.
2000 ലാണ് മനോജ് കെ ജയനും ഉർവശിയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നെങ്കിലും 2008 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. പ്രശ്നകലുഷിതമായ വേർപിരിയലില്‍ മകള്‍ തേജാലക്ഷ്മിയുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് ഇരുവരും തമ്മില്‍ നിയമതർക്കമുണ്ടായി. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരെ വന്നു. ഉർവശി മദ്യപാനിയാണ് എന്ന് മനോജ് കെ ജയൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. നടിയുടെ പ്രതിച്ഛായക്ക് അക്കാലത്ത് വലിയ മങ്ങലേറ്റിട്ടുണ്ട്. പൊതുസമൂഹത്തില്‍ ഉർവശി കുറ്റപ്പെടുത്തലും പരിഹാസവും നേരിട്ടു.
അതു കൊണ്ടാവാം മനോജ് കെ ജയനെ ഒരു സുഹൃത്തായി കാണാൻ തനിക്കൊരിക്കലും പറ്റില്ലെന്ന് ഒരിക്കല്‍ ഉർവശി വ്യക്തമാക്കിയിട്ടുണ്ട്. ‘‘നമ്മളെ നിരന്തരം മാനസികമായി പീഡിപ്പിച്ച് കൊണ്ടിരിക്കുന്ന ആളെ എങ്ങനെ സുഹൃത്തായി കാണാൻ പറ്റും. സൗഹൃദമെന്നത് നമുക്ക് ആശ്വാസവും സമാധാനവും തരുന്നതാണ്. നിരന്തരം മാനസിക പീഡനം നടത്തിക്കൊണ്ടിരിക്കുന്ന ആളുമായി എങ്ങനെ സൗഹൃദമുണ്ടാക്കാൻ പറ്റും? സൗഹൃദമെന്ന വാക്കിന് വലിയ അർത്ഥങ്ങളുണ്ട്. അങ്ങനെ ജീവിക്കുന്ന എത്രയോ പേരുണ്ട്. പക്ഷേ ഇത് പറ്റില്ല...’’മനോജ് കെ ജയനുമായി അങ്ങനെ ഒരു സാധ്യതയില്ലെന്ന് ഉർവശി അന്ന് വ്യക്തമാക്കി. ശിവപ്രസാദ് എന്ന സംവിധായകനെയാണ് ഉര്‍വ്വശി രണ്ടാമത് വിവാഹം ചെയ്തത്. അതിലവര്‍ക്ക് ഒരു മകനുമുണ്ട്.