Thursday, March 12, 2026 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.45 AM

മറാത്ത നഗരഹൃദയങ്ങള്‍ കീഴടക്കി ബി.ജെ.പി.

മുംബൈ: മഹാരാഷ്‌ട്രയിലെ വലിയ നഗര കേന്ദ്രങ്ങളിലെല്ലാം വിജയക്കൊടി പാറിച്ച്‌ ബി.ജെ.പി. നാഗ്‌്പുരില്‍ ബി.ജെ.പി പരമ്പരാഗത ശക്‌തി നിലനിര്‍ത്തി. 152-ല്‍ 102 സീറ്റുകളും എന്‍.ഡി.എ കൈപ്പിടിയില്‍ ഒതുക്കി.
കോണ്‍ഗ്രസ്‌ 35 സീറ്റുകള്‍ മാത്രമാണ്‌ ഇവിടെ പിടിച്ചത്‌. എന്‍.സി.പി ശക്‌തികേന്ദ്രങ്ങളായിരുന്ന പിംപ്രി-ചിഞ്ച്വാഡിലും പുണെയിലും സമാന നിലയാണ്‌. അജിത്‌ പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി ശരത്‌ പവാറിന്റെ എന്‍.സി.പിയുമായി കൈകോര്‍ത്തിട്ടും ഇവിടെ നേട്ടമുണ്ടാക്കാനായില്ല. പിംപ്രി-ചിഞ്ച്‌വാഡിലെ 128ല്‍ 84 സീറ്റുകളിലും ബി.ജെ.പി മുന്നിലെത്തി. എന്‍.സി.പിക്ക്‌ 37 സീറ്റിലാണ്‌ ജയിക്കാനായത്‌. പുനെയിലെ 162 സീറ്റുകളില്‍ 123 ഇടങ്ങളിലാണ്‌ ബി.ജെ.പി വിജയഗാഥ രചിച്ചത്‌. അജിത്‌ പവാറിന്റെ എന്‍.സി.പി 21, ശരത്‌ പവാറിന്റെ എന്‍.സി.പി നാല്‌ സീറ്റുകള്‍ നേടി. 16 സീറ്റാണ്‌ കോണ്‍ഗ്രസ്‌ നേടിയത്‌.അതേസമയം, ലാത്തൂരില്‍ കോണ്‍ഗ്രസ്‌ വ്യക്‌തമായ ആധിപത്യം കാട്ടി. ലാത്തൂരിലെ 70 വാര്‍ഡുകളില്‍ 43 എണ്ണം അവര്‍ സ്വന്തമാക്കി. 22 സീറ്റുകളിലാണ്‌ ബി.ജെ.പിക്ക്‌ വിജയിക്കാനായത്‌. ചന്ദ്രപുര്‍, പര്‍ഭാനി, ഭിവണ്‍ഡി-നിസാംപുര്‍ കോര്‍പ്പറേഷനുകളില്‍ മഹാവികാസ്‌ അഘാഡി സഖ്യമാണ്‌ മുന്നിലെത്തിയത്‌.കോലാപുരില്‍ 34 സീറ്റുകളോടെ കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയായി. 81 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ പക്ഷേ മഹായുതി പാര്‍ട്ടികള്‍ എല്ലാവരും ചേര്‍ന്ന്‌ 45 സീറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. പനവേല്‍, താനെ, നാസിക്‌, നവി മുംബൈ, സോളപുര്‍, അമരാവതി, അകോല, ഉല്ലാസ്‌നഗര്‍, സാംി-മിറാജ കുപ്വാഡ്‌,ജല്‍ഗാവ്‌, അഹല്യനഗര്‍,ധുലെ,ജല്‍ന, ഇച്ചല്‍കരഞ്ചി എന്നീ കോര്‍പ്പറേഷനുകളും ബി.ജെ.പി സഖ്യം ആധിപത്യം പുലര്‍ത്തി. നാസിക്കില്‍ ബി.ജെ.പി. -71, ശിവസേന-26 എന്നിങ്ങനെയാണ്‌ കക്ഷിനില.പനവേലില്‍ ഇത്‌ യഥാക്രമം 56, 2 എന്ന നിലയിലാണ്‌.വസായ്‌-വിരാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബഹുജന്‍ വികാസ്‌ അഘാഡി അധികാരം നിലനിര്‍ത്തി.
ഇവിടെ 48 സീറ്റാണ്‌ ബി.ജെ.പി. പോക്കറ്റിലാക്കിയത്‌. മലേഗാവില്‍ എ.ഐ.എം.ഐ.എം ആണ്‌ ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പി രണ്ട്‌ സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ശിവസേന (ഷിന്‍ഡെ) 18 സീറ്റില്‍ വിജയം കൈവരിച്ചു. മഹാരാഷ്‌ട്രയിലെ 29 കോര്‍പറേഷനുകളില്‍ 25 ഇടത്തും ബി.ജെ.പി പിടിച്ചെടുത്തെന്ന്‌ മുഖ്യമന്ത്രി ദേവേന്ദ ഫഡ്‌നാവിസ്‌ അവകാശപ്പെട്ടു. മഹാരാഷ്‌ട്ര വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു.

Ads by Google
Saturday 17 Jan 2026 10.45 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW