Thursday, March 12, 2026 Last Updated 43 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.45 AM

അല്‍-ഫലാഹ്‌ സര്‍വകലാശാല ചെയര്‍മാനെതിരേ ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: നവംബറില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയ്‌ക്കു സമീപമുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അല്‍-ഫലാഹ്‌ സര്‍വകലാശാല ചെയര്‍മാന്‍ ജവാദ്‌ അഹമ്മദ്‌ സിദ്ദിഖിക്കും അല്‍-ഫലാഹ്‌ ചാരിറ്റബിള്‍ ട്രസ്‌റ്റിനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) കുറ്റപത്രം സമര്‍പ്പിച്ചു. പി.എം.എല്‍.എ നിയമപ്രകാരം അല്‍-ഫലാഹ്‌ കാമ്പസിനുള്ളിലെ 54 ഏക്കര്‍ ഭൂമിയുള്‍പ്പെടെ 139 കോടിയുടെ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടി.
സിദ്ദിഖിയും കുടുംബാംഗങ്ങളും സര്‍വകലാശാലയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന്റെ ശക്‌തമായ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നതായി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി ഫണ്ടുപയോഗിച്ച്‌ അല്‍-ഫലാഹ്‌ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ ഭൂമി ഏറ്റെടുത്തതായും അന്വേഷണ ഏജന്‍സി അവകാശപ്പെട്ടു.സര്‍വകലാശാലയുടെ അക്രഡിറ്റേഷന്‍ സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കുന്നഅവകാശവാദങ്ങള്‍ നടത്തി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വഞ്ചിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന്‌ നവംബര്‍ 18 ന്‌ ഇ.ഡി സിദ്ദിഖിയെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയായിരുന്നു അറസ്‌റ്റ്‌. വ്യാജ അവകാശവാദങ്ങളിലൂടെ സര്‍വകലാശാലയും ട്രസ്‌റ്റും കുറഞ്ഞത്‌ 415.10 കോടി രൂപ വരുമാനമുണ്ടാക്കിയെന്നായിരുന്നു ആരോപിക്കപ്പെട്ടതെന്ന്‌ ഇ.ഡി കോടതിയെ അറിയിച്ചു.
വൈറ്റ്‌ കോളര്‍ ഭീകരവാദത്തെക്കുറിച്ചുള്ള അന്വേഷണവുമായി കേസിനു ബന്ധമുണ്ട്‌. നവംബര്‍ 10 ന്‌ ചെങ്കോട്ടയ്‌ക്കു സമീപം ചാവേര്‍ കാര്‍ബോംബ്‌ സ്‌ഫോടനം നടത്തിയത്‌ അല്‍-ഫലാഹ്‌ മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍ ഉമര്‍-ഉന്‍-നബി ആയിരുന്നു. 11 പേരുടെ മരണത്തിന്‌ ഇടയാക്കിയ ഈ സംഭവത്തിനുശേഷം മൂന്നു ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടു ഡസനിലധികം പേരെ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) ജമ്മു കശ്‌മീര്‍ പോലീസും അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.അല്‍-ഫലാഹ്‌ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌, അല്‍-ഫലാഹ്‌ സര്‍വകലാശാല, അല്‍-ഫലാഹ്‌ സ്‌കൂള്‍ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റര്‍, ബന്ധപ്പെട്ട വ്യക്‌തികള്‍, സ്‌ഥാപനങ്ങള്‍ എന്നിവയെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന്‌ ഇ.ഡി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. അനധികൃതമെന്നു സംശയിക്കുന്ന വരുമാനം വിദ്യാഭ്യാസ, ചാരിറ്റബിള്‍ സ്‌ഥാപനങ്ങളിലേക്കു കൂട്ടിച്ചേര്‍ക്കല്‍, വഞ്ചനാപരമായി ഭൂമി ഏറ്റെടുക്കല്‍, ചാരിറ്റബിള്‍ ഫണ്ടുകളുടെ വഴിതിരിച്ചുവിടല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. സര്‍വകലാശാലാ ചെയര്‍മാന്‍ സിദ്ദിഖിയുടെ മക്കളായ മകന്‍ അഫ്‌ഹാം അഹമ്മദ്‌, മകള്‍ അഫിയ സിദ്ദിഖ എന്നിവരെ ബ്രിട്ടീഷ്‌ പൗരന്മാരായി വിശേഷിപ്പിക്കുന്ന ചില വിദേശ രേഖകളും കണ്ടെത്തി. ഇവരുടെ പൗരത്വ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ഇ.ഡി അറിയിച്ചു.ഫരീദാബാദിലെ ധൗജിലുള്ള മെഡിക്കല്‍ കോളജ്‌ സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളില്‍ ഒന്നിലധികം ഫണ്ട്‌ വകമാറ്റം നടന്നിട്ടുണ്ട്‌. സിദ്ദിഖിയുടെ രണ്ടു മക്കള്‍ക്ക്‌ 49 ശതമാനം വീതവും ഒരു ജീവനക്കാരന്‌ രണ്ടു ശതമാനവും ഓഹരിയുള്ള കാര്‍കുന്‍ കണ്‍സ്‌ട്രക്‌ഷന്‍ ആന്‍ഡ്‌ ഡെവലപ്പേഴ്‌സാണ്‌ ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. സിദ്ദിഖിയുടെ ഭാര്യ ഉസ്‌മ അക്‌തറിനും മകനും 49 ശതമാനം വീതം ഓഹരിയുള്ള അംല എന്റര്‍ൈപ്രസസിന്‌ ഹോസ്‌റ്റല്‍ കാറ്ററിങ്‌ കരാറുകള്‍ നല്‍കിയെന്നും അന്വേഷണ ഏജന്‍സി പറയുന്നു. സിദ്ദിഖിയുടെ സഹോദരന്റെ ഉടമസ്‌ഥതയിലുള്ള സ്‌റ്റാര്‍ ഫുഡ്‌സ്‌ എന്ന സ്‌ഥാപനം 2016 വരെ സര്‍വകലാശാലയിലേക്കു ഭക്ഷ്യവസ്‌തുക്കള്‍ വിതരണം ചെയ്‌തിരുന്നതായാണ്‌ മറ്റൊരു കണ്ടെത്തല്‍. ഇത്തരം ഇടപാടുകള്‍ ട്രസ്‌റ്റിന്റെയോ അനുബന്ധ സ്‌ഥാപനങ്ങളുടെയോ വരുമാന റിട്ടേണുകളിലോ മറ്റ്‌ നിയമപരമായ രേഖകളിലോ വെളിപ്പെടുത്തിയിട്ടില്ലെന്നും ഇ.ഡിയുടെ അന്വേഷണത്തില്‍ വ്യക്‌തമായിട്ടുണ്ട്‌.

Ads by Google
Saturday 17 Jan 2026 10.45 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW