Thursday, March 12, 2026 Last Updated 59 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.45 AM

കേരള മുസ്ലിം ജമാഅത്ത്‌ കേരളയാത്രയ്‌ക്ക്‌ ഉജ്വല സമാപനം മതവും സാമുദായികതയും രാഷ്‌ട്രീയ ആയുധമാക്കരുത്‌: കാന്തപുരം

തിരുവനന്തപുരം: സാമുദായിക വികാരങ്ങളെയും മതവിശ്വാസങ്ങളെയും തെരഞ്ഞെടുപ്പ്‌ നേട്ടത്തിനായി ഉപയോഗിക്കുന്ന പ്രവണതയ്‌ക്കെതിരേ കേരളം ഒറ്റക്കെട്ടായി നിലപാട്‌ സ്വീകരിക്കണമെന്നു കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.
കേരള മുസ്ലിം ജമാഅത്ത്‌ സംഘടിപ്പിച്ച കേരളയാത്രയുടെ സമാപന മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനന്തപുരിയെ ജനസമുദ്രമാക്കി മാറ്റിക്കൊണ്ടായിരുന്നു സമാപനസമ്മേളനം.
കേരളത്തില്‍ എസ്‌.ഐ.ആര്‍. നടപടികളുടെ ഭാഗമായി 24 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ ആശങ്കാജനകമാണെന്നു കാന്തപുരം പറഞ്ഞു. പഞ്ചായത്ത്‌ ഓഫീസുകളില്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണം. സമയപരിധി നീട്ടിനല്‍കുന്നത്‌ ആലോചിക്കണമെന്നു സുപ്രീം കോടതി വ്യക്‌തമാക്കിയ സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണം. പ്രവാസികള്‍ക്ക്‌ ഹിയറിങ്ങില്‍ നേരിട്ട്‌ ഹാജരാകേണ്ടതില്ലെന്ന ഇളവുണ്ടായിട്ടും ഇന്ത്യയില്‍ ജനിച്ചിട്ടില്ലെന്ന കാരണത്താല്‍ പ്രവാസികളുടെ മക്കള്‍ക്ക്‌ ഈ സൗകര്യം ലഭിക്കാത്തത്‌ അനീതിയാണ്‌.
2026 സമസ്‌തയുടെ ശതാബ്‌ദി വര്‍ഷമാണ്‌. ഇതിന്റെ ഭാഗമായി സാമൂഹിക-വിദ്യാഭ്യാസ മേഖലയില്‍ വലിയ പദ്ധതികള്‍ നടപ്പിലാക്കും. മതസൗഹാര്‍ദ്ദത്തിനും മനുഷ്യനന്മയ്‌ക്കും മാതൃക കാട്ടിയ
പ്രസ്‌ഥാനമാണ്‌ സമസ്‌ത. ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപമാണ്‌ സുന്നികള്‍ പിന്തുടരുന്നത്‌. അതില്‍ നിന്നുള്ള വ്യതിചലനങ്ങളാണ്‌ തീവ്രവാദ പ്രവണതകള്‍ക്കു വഴിവയ്‌ക്കുന്നത്‌. സുന്നീ ഐക്യം കേരളത്തിലെ പൊതുസമൂഹത്തിനും കരുത്ത്‌ പകരും. -കാന്തപുരം പറഞ്ഞു.
ഒരു സ്വതന്ത്ര രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു രാജ്യവും ഇടപെടരുതെന്നും അത്തരം നടപടികള്‍ രാജ്യാന്തരബന്ധങ്ങള്‍ക്കും ഐക്യരാഷ്‌ട്ര സംഘടനയുടെ നിയമങ്ങള്‍ക്കും എതിരാണെന്നും കാന്തപുരം പറഞ്ഞു.
പുത്തരിക്കണ്ടം മൈതാനിയിലെ താജുല്‍ ഉലമാ നഗരിയില്‍ നടന്ന സമാപന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ വിശിഷ്‌ടാതിഥിയായിരുന്നു.കേരളയാത്രയുടെ ഭാഗമായി തയാറാക്കിയ വികസനരേഖ എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രിക്കു കൈമാറി. കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്‌) നടപ്പാക്കുന്ന റിഫാ ഇ കെയര്‍ പദ്ധതി മുഖ്യമന്ത്രിയും കാന്തപുരവും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി ബാധിതരായ ആയിരം കുഞ്ഞുങ്ങള്‍ക്ക്‌ ഒരു വര്‍ഷം 30,000 രൂപ വീതം സഹായം നല്‍കുന്ന പദ്ധതിയാണിത്‌.പാളയത്തുനിന്ന്‌ ആരംഭിച്ച റാലിക്ക്‌ സംസ്‌ഥാന-ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും നീലഗിരി ജില്ലയില്‍ നിന്നും എത്തിയ 5000 സെന്റിനറി ഗാര്‍ഡ്‌ അംഗങ്ങളുടെ പരേഡും നടന്നു. സെന്റിനറി ഗാര്‍ഡിന്‌ കാന്തപുരം പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. ജനുവരി ഒന്നിന്‌ കാസര്‍ഗോട്ടുനിന്നാണ്‌ കേരളയാത്ര ആരംഭിച്ചത്‌.

Ads by Google
Saturday 17 Jan 2026 10.45 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW