-->
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ മൂന്ന് ഡോക്‌ടര്‍മാരും മതപ്രഭാഷകനും ഉള്‍പ്പെടെ അഞ്ച് പ്രതികളെ ഫെബ്രുവരി 13 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിടാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു.
ഡോ. അദീല്‍ റാത്തര്‍, ഡോ. ഷഹീന്‍ സയീദ്, ഡോ. മുസമ്മില്‍ ഗനായ്, മൗലവി ഇര്‍ഫാന്‍ അഹമ്മദ് വാഗേ, ജാസിര്‍ ബിലാല്‍ വാണി എന്നിവരെയാണ് കസ്‌റ്റഡിയില്‍ വിട്ടത്. ഇവരുടെ ജുഡീഷ്യല്‍ കസ്‌റ്റഡി ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സമര്‍പ്പിച്ച ഹര്‍ജി പ്രത്യേക ജഡ്‌ജി പ്രശാന്ത് ശര്‍മ്മ അംഗീകരിക്കുകയായിരുന്നു.
നവംബര്‍ 10 നാണ് ചെങ്കോട്ടയ്‌ക്ക് സമീപം 15 പേരുടെ ജീവനെടുത്ത ചാവേര്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടത്തിന് മുന്നോടിയായി ഡ്രോണുകള്‍ പരിഷ്‌കരിച്ചും റോക്കറ്റുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചും ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നല്‍കിയെന്നാരോപിച്ച് നവംബര്‍ 17 ന് വാനിയെ ശ്രീനഗറില്‍ എന്‍.ഐ.എ അറസ്‌റ്റ് ചെയ്‌തു.യാസിര്‍ അഹമ്മദ് ദാര്‍, നസീര്‍ ബിലാല്‍ മല്ല എന്നീ രണ്ട് പ്രതികളുടെ ജുഡീഷ്യല്‍ കസ്‌റ്റഡിയും കോടതി നീട്ടി. സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച കാര്‍ ഓടിച്ച ചാവേര്‍ ബോംബര്‍ ഉമര്‍-ഉന്‍-നബിയുടെ അടുത്ത അനുയായിയാണ് ജമ്മു കശ്‌മീര്‍ നിവാസിയായ ദാര്‍ എന്ന് എന്‍.ഐ.എ ആരോപിക്കുന്നു. ഉമര്‍-ഉന്‍-നബിക്ക് നസീര്‍ ലോജിസ്‌റ്റിക്കല്‍ പിന്തുണ നല്‍കി. ഭീകരര്‍ക്ക് മനഃപൂര്‍വ്വം അഭയം നല്‍കി, ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും നസീറിനെതിരേ ഫെഡറല്‍ ഏജന്‍സി ആരോപിച്ചു.കേസില്‍ ഇതുവരെ ഒമ്പത് പ്രതികളെ എന്‍.ഐ.എ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.