-->
ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കു പങ്കാളിത്തമുള്ള ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിനു നല്‍കിയ ഇളവ് ഏപ്രില്‍ 26 വരെ മാത്രം.ഇതുസംബന്ധിച്ച കത്ത് യു.എസ്. ട്രഷറി വകുപ്പില്‍നിന്നു ലഭിച്ചതായി വിദേശകാര്യമന്ത്രാലയം സ്‌ഥിരീകരിച്ചു.
ഈ വിഷയത്തില്‍ യു.എസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയ വക്‌താവ് രണ്‍ധീര്‍ ജയ്‌സ്വാര്‍ പറഞ്ഞു. ഇളവ് തുടരുന്നതു സംബന്ധിച്ച് യു.എസുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ സിസ്‌താന്‍-ബലൂചിസ്‌താന്‍ മേഖലയിലെ ചബഹാര്‍ തുറമുഖപദ്ധതിയില്‍ ഇന്ത്യ 4500 കോടി രൂപയാണു നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍, അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം തുലാസിലായി. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ചബഹാറിനു ബാധകമാക്കിയിരുന്നെങ്കിലും പിന്നീട് ഇന്ത്യക്ക് താല്‍ക്കാലിക ഇളവ് അനുവദിച്ചിരുന്നു. ചബാഹറിനുള്ള 2018-ലെ ഉപരോധ ഇളവ് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ ട്രംപ് ഭരണകൂടം പിന്‍വലിച്ചു. താമസിയാതെ ഇന്ത്യയ്‌ക്ക് ആറു മാസത്തെ ഇളവ് നീട്ടിക്കൊടുത്തു.ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങള്‍ക്കുമേല്‍ 25% അധിക തീരുവ ചുമത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ ചബഹാര്‍ തുറമുഖത്തെയും ഉള്‍പ്പെടുത്തിയാലും ഇന്ത്യക്കു തിരിച്ചടിയാകും. അതേസമയം, ഇറാനിലുള്ള ഒമ്പതിനായിരത്തോളം ഇന്ത്യക്കാരുമായി എംബസി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. ഇവരിലേറെയും വിദ്യാര്‍ഥികളാണ്. ഇറാനിലെ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.