-->
മാഡ്രിഡ്: കരുത്തരായ ബാഴ്‌സലോണയും വലന്‍സിയയും കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍. രണ്ടാം ഡിവിഷന്‍ ടീം റേസിങ് സാന്റാന്‍ഡറിനെതിരേ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു കറ്റാലന്‍പടയുടെ വിജയം. ഫെറാന്‍ ടേടോറസ്, ലമീന്‍ യമാല്‍ എന്നിവര്‍ ബാഴ്‌സലോണയ്‌ക്കായി വലകുലുക്കി.
സുരക്ഷാ കാരണങ്ങളാല്‍ 15 മിനിറ്റ് വൈകിയാണ് ബാഴ്‌സയുടെ മത്സരം ആരംഭിച്ചത്. ലാലിഗ കരുത്തരെ ആദ്യപകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്താന്‍ സ്‌പാനിഷ് രണ്ടാം ഡിവിഷനിലെ ജേതാക്കളായ റേസിങ് സാന്റാന്‍ഡര്‍ താരങ്ങള്‍ക്കായി.
ഒടുവില്‍ 66-ാം മിനിറ്റില്‍ ബാഴ്‌സലോണ കെട്ടുപൊട്ടിച്ചു. സൂപ്പര്‍ സബ്ബായ ഫിര്‍മിന്‍ ലോപ്പസിന്റെ പാസില്‍ ഫെറാന്‍ ടോറസ് സ്‌കോര്‍ ചെയ്‌തു.
ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ കൗമാരതാരം ലമീന്‍ യമാലിലൂടെ ബാഴ്‌സ പട്ടിക തികച്ചു. റാഫീഞ്ഞയുടെ അസിസ്‌റ്റാണ് യമാലിന്റെ ഗോളിനു വഴിതുറന്നത്. ഇരുപകുതികളിലുമായി നേടിയ രണ്ടു ഗോളിന് ബര്‍ഗോസിനെ തോല്‍പ്പിച്ചാണ് വലന്‍സിയ ക്വാര്‍ട്ടറില്‍ കടന്നത്.
റൂബെന്‍ ഇറാന്‍സോ (10), ഉമര്‍ സാദിഖ് (50) എന്നിവര്‍ വിജയികള്‍ക്കായി വലചലിപ്പിച്ചു.