-->
ബംഗളുരു: സൗരാഷ്‌ട്ര വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍. ഒന്‍പതു വിക്കറ്റിന് പഞ്ചാബിനെ കെട്ടുകെട്ടിച്ചാണ് വിദര്‍ഭയെ കലാശപ്പോരില്‍ നേരിടാന്‍ സൗരാഷ്‌ട്ര യോഗ്യത നേടിയത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് ഇന്നിങ്‌സിലെ അവസാന പന്തില്‍ 291 റണ്ണിന് എല്ലാവരും പുറത്തായി. അന്‍മോല്‍പ്രീത് സിങ് 105 പന്തില്‍ 100 റണ്ണുമായി പഞ്ചാബിന്റെ ടോപ്‌സ്കോററായി.
ഓപ്പണറും ക്യാപ്‌റ്റനുമായ പ്രഭ്‌സിമ്രന്‍ സിങ് (89 പന്തില്‍ 87), സഹഓപ്പണര്‍ ഹര്‍നൂര്‍ സിങ് (33), രമണ്‍ദീപ് സിങ്(42) എന്നിവരും പഞ്ചാബ് ഇന്നിങ്‌സിനു കരുത്തേകി. ഹര്‍നൂറുംരമണ്‍ദീപും റണ്ണൗട്ടായത് അവരുടെ സ്‌കോറിങ്ങിനെ പ്രതികൂലമായി ബാധിച്ചു. മധ്യനിരയില്‍ നമന്‍ ധീര്‍ (എട്ട്), നേഹല്‍ വധേര (പൂജ്യം), സന്‍വീര്‍ സിങ്(ഒന്ന്) തുടങ്ങിയവര്‍ പെട്ടെന്നു പുറത്തായതും വിനയായി. 10 ഓവറില്‍ 60 റണ്ണിനു നാലുവിക്കറ്റുമായി ചേതന്‍ സകാരിയ സൗരാഷ്‌ട്ര ബൗളര്‍മാരില്‍ തിളങ്ങി. അന്‍കുര്‍ പന്‍വര്‍, ചിരാഗ് ജാനി എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി.
തരക്കേടില്ലാത്ത ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ സൗരാഷ്‌ട്ര പക്ഷേ, അനായാസം വിജയം കൊയ്‌തു. ഓപ്പണര്‍ വിശ്വരാജ് ജഡേജ പടുകൂറ്റന്‍ സെഞ്ചുറിയുമായി സൗരാഷ്‌ട്രയുടെ നട്ടെല്ലായി. താരം 127 പന്തില്‍ പുറത്താകാതെ 165 റണ്ണടിച്ചു.
ക്യാപ്‌റ്റന്‍ ഹാര്‍വിക് ദേശായിയുമൊത്ത് ഓപ്പണിങ്ങില്‍ 172 റണ്ണടിക്കാന്‍ ജഡേജയ്‌ക്കായി. ഇതോടെ മത്സരം പഞ്ചാബിന്റെ കൈയില്‍നിന്നു വഴുതി. 63 പന്തില്‍ 64 റണ്ണടിച്ച ദേശായി പുറത്തായശേഷമെത്തിയ പ്രേരക് മങ്കാദ് 49 പന്തില്‍ 52 റണ്ണുമായി ജഡേജയ്‌ക്ക് ഉറച്ച പിന്തുണ നല്‍കി. 39.3 ഓവറില്‍ സൗരാഷ്‌ട്ര വിജയമധുരം നുകര്‍ന്നു. നാളെ ഉച്ചയ്‌ക്ക് 1.30 മുതല്‍ നടക്കുന്ന ഫൈനലില്‍ വിദര്‍ഭയാണ് സൗരാഷ്‌ട്രയുടെ എതിരാളി.