Saturday, March 14, 2026 Last Updated 49 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 10.11 AM

ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ കണക്കുകള്‍ അബദ്ധജഡിലം

uploads/news/2026/01/821196/1.jpg

ദുബായ്‌: ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം വിരാട്‌ കോഹ്ലി ഒന്നാം റാങ്ക്‌ വീണ്ടെടുത്തെങ്കിലും ഇതോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച കണക്കുകള്‍ അബദ്ധജഡിലം. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനവും പരിഹാസവും ശക്‌തമായതോടെ തിരുത്തുമായി രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി).
കരിയറിലൊട്ടാകെ വിരാട്‌ കോഹ്ലി ഒന്നാം റാങ്കില്‍ തുടര്‍ന്ന ദിവസക്കണക്കിലാണ്‌ ഐ.സി.സിക്കു പിഴച്ചത്‌. 825 ദിവസം കോഹ്ലി ഒന്നാം സ്‌ഥാനത്തുണ്ടായിരുന്നെന്നാണ്‌ ഐ.സി.സി. പ്രസിദ്ധീകരിച്ച ഗ്രാഫിക്‌സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്‌. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 1547 ദിവസം താരം ഒന്നാം സ്‌ഥാനത്തുണ്ടായിരുന്നെന്നാണു വാസ്‌തവം. ഐ.സി.സിയുടെ മുന്‍കാല റെക്കോഡുകള്‍ നിരത്തി കണക്കിലെ പിശകു ചൂണ്ടിക്കാട്ടി ക്രിക്കറ്റ്‌ വിദഗ്‌ധരടക്കം രംഗത്തെത്തി.
ഇതിനുപിന്നാലെ തിരുത്തലുമായി രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ രംഗത്തെത്തി. പഴയ ഗ്രാഫിക്‌സ് പോസ്‌റ്റ് പിന്‍വലിച്ച്‌ പുതിയതു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു തടിയൂരുകയായിരുന്നു. ആദ്യത്തെ കണക്കില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം സ്‌ഥാനം നിലനിര്‍ത്തിയ ബാറ്റര്‍മാരില്‍ പത്താം സ്‌ഥാനത്തായിരുന്നു കോഹ്ലി. തിരുത്തല്‍ വരുത്തിയതോടെ ഈ പട്ടികയില്‍ താരം മൂന്നാം സ്‌ഥാനത്തേക്കു കയറി.
2306 ദിവസം ഒന്നാം റാങ്ക്‌ കൈവശംവച്ച വെസ്‌റ്റിന്‍ഡീസ്‌ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സാണു പട്ടികയില്‍ ഒന്നാമത്‌. സഹതാരമായിരുന്ന ബ്രയാന്‍ ലാറ 2079 ദിവസവുമായി രണ്ടാമതുണ്ട്‌. ഇവര്‍ക്കുപിന്നിലാണ്‌ കോഹ്ലിയുടെ സ്‌ഥാനം. 24-ാം വയസിലാണ്‌ ആദ്യം കോഹ്ലി ഏകദിന ബാറ്റര്‍മാരില്‍ ആദ്യറാങ്കുകാരനായത്‌. നിലവില്‍ 11 വട്ടം ഈസ്‌ഥാനം അലങ്കരിച്ചു. 2021 ജൂലൈയിലായിരുന്നു ഇതിനുമുമ്പ്‌ കോഹ്ലി ഒന്നാം റാങ്കുകാരനായത്‌.
അഞ്ചു വര്‍ഷത്തിനുശേഷമാണ്‌ ഇന്ത്യന്‍ സൂപ്പര്‍താരം ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്തെത്തിയത്‌. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 91 പന്തില്‍ 93 റണ്ണടിച്ചതോടെയാണ്‌ മുപ്പത്തേഴുകാരനായ കോഹ്ലി റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കിയത്‌. 785 റേറ്റിങ്‌ പോയിന്റുള്ള കോഹ്ലിക്കു പിന്നില്‍ ഒരുപോയിന്റ്‌ മാത്രം കുറവുള്ള ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലാണ്‌ രണ്ടാമത്‌. രണ്ടുസ്‌ഥാനം താഴേക്കിറങ്ങിയ ഇന്ത്യയുടെ രോഹിത്‌ ശര്‍മയാണു മൂന്നാമത്‌. അഫ്‌ഗാനിസ്‌ഥാന്റെ ഇബ്രാഹിം സാദ്രാന്‍ നാലാമതുണ്ട്‌. ശുഭ്‌മന്‍ ഗില്‍ (അഞ്ച്‌), ശ്രേയസ്‌ അയ്യര്‍ (10), കെ.എല്‍. രാഹുല്‍ (11) എന്നിവരാണ്‌ ആദ്യ ഇരുപതിലുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍.
അതേസമയം, കോഹ്ലിയുടെ ഒന്നാം സ്‌ഥാനം ക്ഷണികമാണെന്നാണു വിവരം. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ ന്യൂസിലന്‍ഡ്‌ താരം ഡാരില്‍ മിച്ചല്‍ ഐ.സി.സിയുടെ പുതിയ റാങ്കിങ്ങില്‍ കോഹ്ലിയെ പിന്തള്ളി ഒന്നാം സ്‌ഥാനത്തേക്കു കയറുമെന്നാണു സൂചന.

Ads by Google
Saturday 17 Jan 2026 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW