-->
മമ്മൂട്ടിയെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് 1999 ല്‍ പുറത്തെത്തിയ ഒരു പൊളിറ്റിക്കല്‍ ക്രൈം ചിത്രമായിരുന്നു സ്റ്റാലിന്‍ ശിവദാസ്. വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമയാണെങ്കിലും തിയേറ്ററില്‍ ഇതിന് വിജയിക്കാനായില്ല. സിനിമ സീരിയല്‍ താരമായ ദിനേശ് പണിക്കരായിരുന്നു. നിരവധി സിനിമകള്‍ നിര്‍മ്മിച്ച ദിനേശ് പണിക്കര്‍ക്കും ഈ സിനിമ ഒരു വലിയ നഷ്ടം സമ്മാനിച്ചു.
ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് ദിനേശ് പണിക്കർ പറഞ്ഞ വാക്കുകളും അതിന് ലഭിച്ച കമന്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരിക്കുന്നത്. തനിക്ക് ആ സിനിമ പരാജയം ആയിരുന്നുവെന്നാണ് ദിനേശ് പണിക്കര്‍ കുറിച്ചത്.
‘‘1999 ൽ ഏറെ പ്രതീക്ഷയോടെ ഞാൻ നിർമ്മിച്ച ഒരു രാഷ്ട്രീയ പശ്ചാത്തലം ഉള്ള... ആദ്യം ചെങ്കൊടി എന്ന പേരിട്ട...ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത പിന്നീട് സ്റ്റാലിൻ ശിവദാസ് എന്ന പേരിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം.
ഒരു വിജയിച്ചിത്രമായില്ലെങ്കിലും സ്റ്റാലിൻ ശിവദാസ് എനിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്... ഖുശ്ബു, നെടുമുടി വേണു,ക്യാപ്റ്റൻ രാജു, ശങ്കർ, മധുപാൽ, മധു സാര്‍, മണിയൻ പിള്ള രാജു എന്ന വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു...’’ എന്നാണ് ദിനേശ് പണിക്കര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടി നായകനായ ചിത്രമായതു കൊണ്ടു തന്നെ ഈ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ പോസ്റ്റിനു താഴെ ‘പടം ഫ്ലോപ്പ് ആയിരുന്നില്ല, നിര്‍മാതാവിന് മുടക്കിയ പണം തിരികെ കിട്ടിയിരുന്നു’ എന്ന് സോഷ്യല്‍ മീഡിയയില്‍ സർക്കാസം കമന്റുകളിലൂടെ ശ്രദ്ധേയനായ സംഗീത് ശേഖർ കമന്റ് ബോക്സില്‍ കുറിച്ചു. അതോടെ കമന്റു ബോക്സില്‍ മറുപടികള്‍ പടിപടിയായി വരാന്‍ തുടങ്ങി. അതില്‍ ചിലതൊക്കെ ഇതിനെ പിന്തുണച്ചും ചിലര്‍ പ്രതികൂലിച്ചുമായിരുന്നു.
ഇത് നിര്‍മാതാവ് തന്നെ ഇട്ട പോസ്റ്റ് ആണെന്ന് പലരും പ്രതികരണവുമായി എത്തിയതിന് പിന്നാലെ ദിനേശ് പണിക്കര്‍ തന്നെ ഇതിന് മറുപടിയുമായി കുറിച്ചു. ‘താങ്കളോട് ഇത് ആര് പറഞ്ഞു? ഈ സിനിമയുടെ നിര്‍മാതാവ് ഞാന്‍ തന്നെയാണ്. നഷ്ടം സഹിച്ചത് ഞാനാണ്...’ എന്നായിരുന്നു ദിനേശിന്റെ മറുപടി. പിന്നാലെ ക്ഷമ ചോദിച്ചുകൊണ്ട് കമന്റ് ഇട്ടയാളും എത്തി.
‘താങ്കള്‍ക്ക് 60 ലക്ഷം രൂപ നഷ്ടപ്പെട്ടു...’ എന്ന മറ്റൊരു കമന്റിന് ‘അതെ’ എന്നും ദിനേശ് പണിക്കര്‍ പ്രതികരിച്ചിട്ടുണ്ട്. അതോടെ സോഷ്യല്‍ മീഡിയയില്‍ ഈ കമന്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ വൈറലായി.