Saturday, March 14, 2026 Last Updated 8 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.37 PM

ആഫ്‌കോണില്‍ കലാശം മൊറോക്കോ/ സെനഗല്‍

uploads/news/2026/01/821039/sp2.jpg

റബാത്ത്‌: ആഫ്രിക്കന്‍ കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ (ആഫ്‌കോണ്‍) ഫുട്‌ബോളില്‍ മൊറോക്കോ-സെനഗല്‍ ഫൈനല്‍. നൈജീരിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 ന്‌ കീഴ്‌പ്പെടുത്തിയാണു മൊറോക്കോ ഫൈനലിനു ടിക്കറ്റെടുത്തത്‌.
സെമി ഫൈനലില്‍ കരുത്തരായ ഈജിപ്‌തിനെ ഏകപക്ഷീയമായ ഒരു ഗോളിന്‌ തോല്‍പ്പിച്ച്‌ നിലവിലെ ജേതാക്കളായ സെനഗല്‍ കലാശം ഉറപ്പിച്ചു.
ഇന്നലെ നടന്ന മൊറോക്കോ-നൈജീരിയ രണ്ടാം സെമി ആവേശം വാനോളമുയര്‍ത്തി. നിശ്‌ചിത സമയത്തും അധികസമയത്തും ഇരുടീമുകളും വലകുലുക്കിയില്ല. തുടര്‍ന്ന്‌ ഷൂട്ടൗട്ടിലൂടെ വിജയികളെ നിശ്‌ചയിക്കുകയായിരുന്നു.
നൈജീരിയയുടെ സാമുവല്‍ ചുക്വൂസ്‌, ബ്രൂണോ ഒനിയേമാഷി എന്നിവരുടെ കിക്കുകള്‍ തടഞ്ഞ ഗോള്‍കീപ്പര്‍ യാസിന്‍ ബോണു മൊറോക്കോയുടെ വീരനായകനായി. അവസാന കിക്ക്‌ വലയിലെത്തിച്ച്‌ യൂസഫ്‌ എന്‍-നെസിരി മൊറോക്കോയെ കലാശപ്പോരിനു യോഗ്യരാക്കി. നെയ്‌ല്‍ എല്‍ അയ്‌നയൂയി, എലീസ്‌ ബെന്‍ സെന്‍ഗിര്‍, അബ്‌ദുള്‍ ഹക്കിമി എന്നിവര്‍ മൊറോക്കോയ്‌ക്കായി ലക്ഷ്യം കണ്ടപ്പോള്‍ ഹംസ ഇഗമാനെയ്‌ക്കു വലകുലുക്കാനായില്ല. പോള്‍ ഒനുവാഷു, ഫിസയോ ദെലെ ബാഷിരു എന്നിവര്‍ക്കു മാത്രമാണ്‌ നൈജീരയ്‌ക്കുവേണ്ടി ലക്ഷ്യം കാണാനായത്‌.
താരനിബിഡമായ ഈജിപ്‌തിനെ ഒരുഗോളിനു മറികടന്നാണ്‌ സെനഗല്‍ വീണ്ടും ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്‌. രണ്ടാം പകുതിയുടെ 78-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏകഗോളിന്റെ പിറവി. സൂപ്പര്‍താരം സാദിയോ മാനെയാണ്‌ നിലവിലെ ചാമ്പ്യന്മാര്‍ക്കായി എതിരാളികളുടെ വലചലിപ്പിച്ചത്‌.
ഞായറാഴ്‌ചയാണു ഫൈനല്‍. റബാത്തിലെ പ്രിന്‍സ്‌ മൗലേ അബ്‌ദുള്ള സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന ഫൈനലിന്‌ ആതിഥേയര്‍ക്കായിരിക്കും മുന്‍തൂക്കം.
ആഫ്‌കോണില്‍ അരനൂറ്റാണ്ടായുള്ള കിരീടവരള്‍ച്ചയ്‌ക്ക് അന്ത്യം കുറിക്കുകയെന്ന സ്വപ്‌നം കൈയകലെ സാക്ഷാത്‌കരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ്‌ ആതിഥേയരായ മൊറോക്കോ കലാശത്തിനു ബൂട്ടുകെട്ടുന്നത്‌. ശനിയാഴ്‌ച ലൂസേഴ്‌സ് ഫൈനലില്‍ നൈജീരിയയും ഈജിപ്‌തും കൊമ്പുകോര്‍ക്കും.

Ads by Google
Thursday 15 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW