Saturday, March 14, 2026 Last Updated 42 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.37 PM

ഹെനില്‍ ഹീറോ, അണ്ടര്‍-19 ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യക്ക്‌ വിജയത്തുടക്കം

uploads/news/2026/01/821038/sp1.jpg

ബുലവായോ: ഐ.സി.സി. അണ്ടര്‍-19 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഉദ്‌ഘാടന മത്സരത്തില്‍ ഇന്ത്യക്കു ജയം. ഗ്രൂപ്പ്‌ ബിയില്‍ അമേരിക്കയെ ഡക്ക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം ആറുവിക്കറ്റിന്‌ ഇന്ത്യ കീഴ്‌പ്പെടുത്തി. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത് ഇന്ത്യന്‍ വംശജര്‍ നിറഞ്ഞ യു.എസ്‌. 35.2 ഓവറില്‍ 107 റണ്ണിന്‌ എല്ലാവരും പുറത്തായി.
ഏഴ്‌ ഓവറില്‍ 16 റണ്‍ വഴങ്ങി അഞ്ചുവിക്കറ്റെടുത്ത്‌ കളിയിലെ കേമനായ ഹെനില്‍ പട്ടേലിന്റെ പ്രകടനം എതിരാളികളെ ചെറിയ സ്‌കോറിലൊതുക്കാന്‍ ഇന്ത്യയെ തുണച്ചു. മഴയും മിന്നലും മൂലം ഇടയ്‌ക്കു നിര്‍ത്തിവയ്‌ക്കേണ്ടിവന്നെങ്കിലും ഇന്ത്യന്‍ ബാറ്റിങ്‌ നിരയെ വിറപ്പിച്ച്‌ ആദ്യവിക്കറ്റുകള്‍ പിഴുത്‌ യു.എസ്‌. മത്സരം ആവേശകരമാക്കി.
വെടിക്കെട്ട്‌ ഓപ്പണര്‍ വൈഭവ്‌ സൂര്യവംശി (രണ്ട്‌), വേദാന്ത്‌ ത്രിവേദി (രണ്ട്‌), നായകനും ഓപ്പണറുമായ ആയുഷ്‌ മാത്രെ (19), വിഹാന്‍ മല്‍ഹോത്ര (18) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക്‌ നഷ്‌ടമായി. മൂന്നുവിക്കറ്റിന്‌ 25 റണ്ണെന്ന നിലയില്‍ നിന്ന്‌ അഭിഗ്യാന്‍ കുണ്ടുവിന്റെ അവസരോചിത ബാറ്റിങ്‌ ഇന്ത്യയെ ലക്ഷ്യത്തിനരികിലെത്തിച്ചു.
നാലുവിക്കറ്റിന്‌ 99 റണ്ണെടുത്തു നില്‍ക്കെ വീണ്ടും പ്രതികൂല കാലാവസ്‌ഥ വില്ലനായെത്തിയതോടെ ഡക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു. 118 പന്ത്‌ ബാക്കിനില്‍ക്കെയാണ്‌ ഇന്ത്യ ലക്ഷ്യത്തിലെത്തിയത്‌്.
41 പന്തില്‍ 42 റണ്ണുമായി അഭിഗ്യാന്‍ കുണ്ടുവും 14 പന്തില്‍ 10 റണ്ണുമായി കനിഷ്‌ക് ചൗഹാനുമായിരുന്നു ക്രീസിലുണ്ടായിരുന്നത്‌. ടീം സ്‌കോര്‍ 12-ല്‍ സൂര്യവംശിയെയും 21-ല്‍ ത്രിവേദിയെയും റിത്വിക്‌ അപ്പിഡിയും 25-ല്‍ മാത്രെയെ ഋഷഭ്‌ ഷിംപിയും മടക്കി. മല്‍ഹോത്രയെ കൂട്ടുപിടിച്ച്‌ കുണ്ടു ഇന്ത്യയെ വന്‍ അപകടത്തില്‍നിന്നു കരകയറ്റി. ടീം സ്‌കോര്‍ 70-ല്‍ നാലാമനായി മല്‍ഹോത്രയെ ഉത്‌കര്‍ഷ്‌ ശ്രീവാസ്‌തവ മടക്കി. പിന്നീട്‌ കുണ്ടുവും ചൗഹാനും ചേര്‍ന്ന കൂട്ടുകെട്ട്‌ അപരാജിതരായി ക്രീസില്‍ പിടിച്ചുനിന്നു. താരതമ്യേനെ ചെറിയ ലക്ഷ്യമായിരുന്നുവെന്നതും പ്രതികൂല കാലാവസ്‌ഥയും വിനയായെങ്കിലും കരുത്തരായ എതിരാളികള്‍ക്കെതിരേ പൊരുതിയെന്ന ആശ്വാസവുമായി യു.എസ്‌. പരാജയം സമ്മതിച്ചു.
നേരത്തെ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ യു.എസിനെ ഇന്ത്യ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി. നാലു ബാറ്റര്‍മാര്‍ മാത്രമാണു രണ്ടക്കം കണ്ടത്‌. ഏഴാമനായെത്തിയ നിതീഷ്‌ സുദിനി 36 റണ്ണുമായി ടോപ്‌ സ്‌കോററായി. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ അമരീന്ദര്‍ ഗില്ലി (ഒന്ന്‌)നെ മടക്കി ഹെനില്‍ പട്ടേല്‍ വിക്കറ്റ്‌വേട്ടയ്‌ക്കു തുടക്കമിട്ടു. വിക്കറ്റ്‌ കീപ്പര്‍ അര്‍ജുന്‍ മഹേഷുമൊത്ത്‌ മറ്റൊരു ഓപ്പണര്‍ സാഹില്‍ ഗാര്‍ഗ്‌ ഇന്നിങ്‌സ് കരുപ്പിടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗാര്‍ഗിനെ ദീപേഷ്‌ ദേവന്ദ്രന്‍ മടക്കി.
ക്യാപ്‌റ്റന്‍ ഉത്‌കര്‍ഷ്‌ ശ്രീവാസ്‌തവയെ അക്കൗണ്ട്‌ തുറക്കുംമുമ്പേ ഹെനിന്‍ പട്ടേല്‍ പുറത്താക്കി. പിന്നീട്‌ മികച്ച കൂട്ടുകെട്ടുകള്‍ പിറക്കാന്‍ സമ്മതിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ നിറഞ്ഞാടി. അര്‍ജുന്‍ മഹേഷ്‌ (16), ശബരീഷ്‌ പ്രസാദ്‌ (ഏഴ്‌), ഋഷഭ്‌ ഷിംപി (പൂജ്യം) എന്നിവര്‍ ഹെനിന്‍ പട്ടേലിന്‌ ഇരകളായി. അദ്‌നിത്‌ ഝാംബ്‌ 18 റണ്ണുമായി ആംബ്രിഷിനു കീഴടങ്ങി. അമോഘ്‌ ആറെപ്പള്ളി (മൂന്ന്‌) ഖിലന്‍ പട്ടേലിനുമുന്നില്‍ വീണു.
ഏറ്റവും ഒടുവിലായി കൂടാരം കയറിയ നിതീഷ്‌ സുദിനി 52 പന്തില്‍ നേടിയ 36 റണ്‍ യു.എസ്‌. സ്‌കോര്‍ 100 കടത്തുന്നതില്‍ നിര്‍ണായകമായി. വൈഭവ്‌ സൂര്യവംശിയുടെ പന്തില്‍ ഖിലന്‍ പട്ടേല്‍ ക്യാച്ചെടുത്ത്‌ സുദിനി മടങ്ങിയതോടെ 35.2 ഓവറില്‍ യു.എസ്‌. ഇന്നിങ്‌സിനു തിരശീലവീണു. ആദിത്‌ കാപ്പ (അഞ്ച്‌) റണ്ണൗട്ടായി. റിത്വിക്‌ അപ്പിഡി (പൂജ്യം) പുറത്താകാതെ നിന്നു.
ദീപേഷ്‌ ദേവേന്ദ്രന്‍, ആര്‍.എസ്‌. ആംബ്രിഷ്‌, ഖിലന്‍ പട്ടേല്‍, വൈഭവ്‌ സൂര്യവംശി എന്നിവര്‍ ഓരോ വിക്കറ്റുമായി അഞ്ചുവിക്കറ്റ്‌ നേടിയ ഹെനിന്‍ പട്ടേലിന്‌ ഉറച്ച പിന്തുണ നല്‍കി.

Ads by Google
Thursday 15 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW