Wednesday, March 11, 2026 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 11.34 PM

'ജനനായക'ന്‌ വീണ്ടും തിരിച്ചടി: ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

uploads/news/2026/01/820997/in2.jpg

ന്യൂഡല്‍ഹി: വിജയ്‌ ചിത്രം 'ജനനായക'ന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ വിഷയത്തില്‍ സുപ്രീം കോടതിയിലും നിര്‍മാതാക്കള്‍ക്ക്‌ തിരിച്ചടി. മദ്രാസ്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിനെതിരെയാണു സിനിമയുടെ നിര്‍മാതാക്കളായ കെ.വി.എന്‍ പ്ര?ഡക്‌ഷന്‍സ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. എന്നാല്‍, ഹര്‍ജി തള്ളിയ ജസ്‌റ്റിസ്‌ ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച്‌ വിഷയം ഹൈക്കോടതി തീരുമാനിക്കട്ടെ എന്ന നിലപാടെടുത്തു.
ഹൈക്കോടതി വിധിക്കെതിരേ അതിവേഗമാണു നിര്‍മാതാക്കള്‍ പരാതിയുമായി സുപ്രീം കോടതിയിലെത്തിയതെന്നും സെന്‍സര്‍ ബോര്‍ഡിന്‌ വിഷയം പരിഗണിക്കാനുള്ള സമയം നല്‍കിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 500 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം പൊങ്കല്‍ സമയത്ത്‌ റിലീസ്‌ ചെയ്‌തില്ലെങ്കില്‍ വലിയ നഷ്‌ടമുണ്ടാകുമെന്നാണ്‌ നിര്‍മാതാക്കള്‍ വാദിച്ചത്‌. എന്നാല്‍, ഇതു ഹൈക്കോടതിയില്‍ ഉന്നയിക്കൂ എന്നാണ്‌ സുപ്രീംകോടതി പറഞ്ഞത്‌.ജനുവരി 20 നാണ്‌ കേസ്‌ മദ്രാസ്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ പരിഗണിക്കുന്നത്‌. ഇതോടെ സിനിമയുടെ റിലീസ്‌ നീളുമെന്ന്‌ ഉറപ്പായി. ഇന്നലെ കേസ്‌ പരിഗണിച്ച കോടതി കുറച്ച്‌ സമയം മാത്രമാണ്‌ വാദത്തിനായി അനുവദിച്ചത്‌. പിന്നാലെ ഹര്‍ജി തള്ളുകയായിരുന്നു.ഇക്കഴിഞ്ഞ ഒമ്പതിനാണ്‌ 'ജനനായകന്‍' റിലീസ്‌ ചെയ്യാന്‍ മദ്രാസ്‌ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച്‌ അനുമതി നല്‍കിയത്‌. ജസ്‌റ്റിസ്‌ പി.ടി. ആശയാണ്‌ ഈ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.
ചിത്രം റിവൈസിങ്‌ കമ്മിറ്റിക്ക്‌ വിടാനുള്ള സെന്‍സര്‍ബോര്‍ഡ്‌ ചെയര്‍മാന്റെ തീരുമാനവും സിംഗിള്‍ ബെഞ്ച്‌ റദ്ദാക്കിയിരുന്നു. എന്നാല്‍, സെന്‍സര്‍ ബോര്‍ഡിന്റെ അപ്പീലില്‍ അന്ന്‌ വൈകിട്ട്‌ തന്നെ ചിത്രത്തിന്റെ റീലീസ്‌ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്‌ തടയുകയായിരുന്നു. പിന്നാലെയാണ്‌ നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്‌.അതേസമയം, വിജയ്‌യെ പിന്തുണച്ച്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. നേരത്തേ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും വിജയ്‌യുടെ രാഷ്‌ട്രീയ എതിരാളിയുമായ എം.കെ. സ്‌റ്റാലിനും ചിത്രത്തെ പരോക്ഷമായി പിന്തുണച്ചിരുന്നു.

Ads by Google
Thursday 15 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW